FIFA WORLDCUP 2026: ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഘാന, പനാമയെ വീഴ്ത്തി ക്രൊയേഷ്യ

ബോസ്റ്റൺ: ലോകകപ്പ് കിരീടം ലക്ഷ്യമിട്ടെത്തിയ കരുത്തരായ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ആഫ്രിക്കൻ കരുത്തരായ ഘാന. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ കാണികളെ സാക്ഷിയാക്കി നടന്ന ആവേശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഘാന ഗോൾരഹിത സമനിലയിൽ കുരുക്കി. സൂപ്പർ താരം ഹാരി കെയ്‌നും ജൂഡ് ബെല്ലിംഗ്ഹാമും അണിനിരന്ന ഇംഗ്ലീഷ് നിരയെ തങ്ങളുടെ അച്ചടക്കമുള്ള പ്രതിരോധ ശൈലിയിലൂടെയാണ് 'ബ്ലാക്ക് സ്റ്റാർസ്' എന്ന് വിളിക്കപ്പെടുന്ന ഘാന നിഷ്പ്രഭമാക്കിയത്.

ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ തകർത്ത ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇംഗ്ലണ്ട് മത്സരത്തിൻ്റെ തുടക്കം മുതൽ പന്ത് കൈവശം വയ്ക്കു‌ന്നതിൽ വലിയ ആധിപത്യം പുലർത്തി. ആദ്യ പകുതിയിൽ എഴുപത്തിയെട്ട് ശതമാനത്തിലധികം സമയം പന്ത് ഇംഗ്ലണ്ടിൻ്റെ കാലുകളിലായിരുന്നെങ്കിലും ഘാനയുടെ 'ലോ ബ്ലോക്ക്' പ്രതിരോധം ഭേദിക്കാൻ അവർക്കായില്ല.തോമസ് പാർട്ടി നയിച്ച ഘാനയുടെ മധ്യനിരയും പ്രതിരോധവും ഇംഗ്ലീഷ് വിങ്ങർമാരായ ആൻ്റണി ഗോർഡനും നോനി മഡുകെക്കും ഒരവസരവും നൽകിയില്ല. തുടർച്ചയായ ആക്രമണങ്ങൾ മെനയാൻ ഇംഗ്ലണ്ട് കോച്ച് തോമസ് ടുഷേൽ രണ്ടാം പകുതിയിൽ ബുകായോ സാക്കയെയും മാർക്കസ് റാഷ്‌ഫോർഡിനെയും കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല.

നിർഭാഗ്യവും ഹാരി കെയ്‌ൻ്റെ പിഴവും

മത്സരത്തിൻ്റെ അവസാന മിനിറ്റുകളിൽ നാടകീയമായ രംഗങ്ങൾക്കാണ് ബോസ്റ്റൺ സാക്ഷ്യം വഹിച്ചത്. 86-ാം മിനിറ്റിൽ ഇംഗ്ലണ്ടിൻ്റെ പകരക്കാരൻ താരം നിക്കോ ഒറെയ്‌ലി തൊടുത്ത തകർപ്പൻ ഹെഡ്ഡർ ഘാന ഗോൾകീപ്പർ ബെഞ്ചമിൻ അസാരെയെയും മറികടന്ന് ക്രോസ്ബാറിലിടിച്ചു തെറിച്ചു. റീബൗണ്ടായി വന്ന പന്ത് ഒഴിഞ്ഞ പോസ്റ്റിലേക്ക് അടിച്ചു കയറ്റാൻ ക്യാപ്റ്റൻ ഹാരി കെയ്‌ന് സുവർണ്ണാവസരം ലഭിച്ചെങ്കിലും പന്ത് ബാറിന് മുകളിലൂടെ പറക്കുകയായിരുന്നു. ഇൻജുറി ടൈമിൽ മാർക് ഗുവേഹിയുടെ ഒരു ഹെഡ്ഡർ ഘാന പ്രതിരോധ താരം ഗോൾ ലൈനിൽ നിന്നും ഹെഡ് ചെയ്ത് അകറ്റിയതോടെ ഇംഗ്ലണ്ടിൻ്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു.മറുവശത്ത്, ഘാനയുടെ പ്രിൻസ് ക്വാബെന അദു നടത്തിയ ചില കൗണ്ടർ അറ്റാക്കുകൾ ഇംഗ്ലീഷ് ഡിഫെൻഡർമാരെ അൽപ്പമൊന്നുമല്ല ഭയപ്പെടുത്തിയത്. ഇംഗ്ലണ്ടിൻ്റെ മാറാത്ത 'രണ്ടാം മത്സര' ശാപം ഈ സമനിലയോടെ ഇംഗ്ലണ്ടിന്റെ ഒരു അനാവശ്യ റെക്കോഡും തുടരുകയാണ്. വലിയ ടൂർണമെൻ്റുകളിലെ തങ്ങളുടെ രണ്ടാം മത്സരം ഇംഗ്ലണ്ട് സമനിലയിൽ കുരുങ്ങുന്നത് ഇത് നാലാം തവണയാണ് (യൂറോ 2020, ലോകകപ്പ് 2022, യൂറോ 2024 എന്നിവയ്ക്ക് പിന്നാലെ). ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾരഹിത സമനിലകൾ (13 എണ്ണം) വഴങ്ങിയ ടീമെന്ന റെക്കോഡും ഇംഗ്ലണ്ടിന് തന്നെ.

നോക്കൗട്ട് സാധ്യതകൾ

ഈ സമനിലയോടെ ഗ്രൂപ്പ് എൽ-ൽ ഇംഗ്ലണ്ടും ഘാനയും 4 പോയിൻ്റ് വീതവുമായി യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുകയാണ്. ഇരുടീമുകൾക്കും നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാൻ ഇനി അവസാന മത്സരത്തിൽ ഒരു സമനില മാത്രം മതിയാകും. ഇംഗ്ലണ്ട് തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ പനാമയെ നേരിടുമ്പോൾ ഘാനയ്ക്ക് ക്രോയേഷ്യയാണ് എതിരാളികൾ.

പനാമയെ വീഴ്ത്തി ക്രൊയേഷ്യ; 

ലോകകപ്പിൽ നിലനിൽപ്പിനായുള്ള കടുത്ത പോരാട്ടത്തിൽ പനാമയെ കീഴടക്കി മുൻ റണ്ണേഴ്സ് അപ്പുകളായ ക്രൊയേഷ്യ ടൂർണമെൻ്റിലേക്ക് ശക്തമായി തിരിച്ചെത്തി. ടൊറൻ്റോ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ പൂജ്യം ഗോളുകൾക്കാണ് ക്രൊയേഷ്യ പനാമയെ തറപറ്റിച്ചത്. ഈ തോൽവിയോടെ പനാമ ലോകകപ്പിൻ്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്ന അഞ്ചാമത്തെ ടീമായി മാറി.

200 അന്താരാഷ്ട്ര മത്സരങ്ങൾ തികയ്ക്കുന്ന നാലാമത്തെ കളിക്കാരനായി ലൂക്ക മോഡ്രിച്ച്; റൊണാൾഡോയ്ക്കും മെസ്സിക്കും ഒപ്പം...

ക്രൊയേഷ്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ഒരു രാത്രി കൂടിയായിരുന്നു ഇത്. ഇതിഹാസ താരം ലൂക്കാ മോഡ്രിച്ച് ക്രൊയേഷ്യൻ ജേഴ്സിയിൽ തൻ്റെ 200-ാം രാജ്യാന്തര മത്സരം പൂർത്തിയാക്കി ചരിത്രം കുറിച്ചു. ഈ നാഴികക്കല്ല് പിന്നിടുന്ന ലോകത്തിലെ നാലാമത്തെ മാത്രം പുരുഷ താരമാണ് 40-കാരനായ മോഡ്രിച്ച്. ഈ ചരിത്ര മത്സരത്തിൽ ക്രൊയേഷ്യൻ പട ജയത്തോടെ മോഡ്രിച്ചിന് ആദരമർപ്പിച്ചു.

കോച്ചിൻ്റെ തന്ത്രം; ബുദിമിറിൻ്റെ ഫിനിഷിങ്

ആദ്യ പകുതിയിൽ പനാമയുടെ വേഗതയേറിയ കൗണ്ടർ അറ്റാക്കുകൾക്ക് മുന്നിൽ ക്രൊയേഷ്യൻ പ്രതിരോധം പലപ്പോഴും പതറിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിയ ക്രൊയേഷ്യൻ കോച്ച് സ്ലാറ്റ്‌കോ ഡാലിച്ച് രണ്ട് മാറ്റങ്ങൾ വരുത്തി. ജോസ്കോ ഗ്വാർഡിയോളിനെയും പെതർ മൂസയെയും പിൻവലിച്ച് ആൻ്റെ ബുദിമിറിനെയും ആന്ദ്രെ ക്രമാറിച്ചിനെയും കളത്തിലിറക്കി.ഈ മാറ്റം കളി തുടങ്ങി ഒൻപതാം മിനിറ്റിൽ തന്നെ ഫലം കണ്ടു. 54-ാം മിനിറ്റിൽ മാർക്കോ പാസാലിച്ചിൻ്റെ പാസിൽ നിന്നും ബയേൺ മ്യൂണിക് താരം ജോസിപ് സ്റ്റാനിസിച്ച് ബോക്സിലേക്ക് നൽകിയ കൃത്യമായ ലോ ക്രോസ്, ബാക്ക് പോസ്റ്റിൽ നിലയുറപ്പിച്ച ആൻ്റെ ബുദിമിർ അതിമനോഹരമായി വലയിലെത്തിച്ചു (1-0).

ലിവാകോവിച്ചിൻ്റെ മാന്ത്രിക സേവുകൾ

ഗോൾ വഴങ്ങിയതോടെ സമനിലയ്ക്കായി പനാമ സർവ്വശക്തിയുമെടുത്ത് ആക്രമണം അഴിച്ചുവിട്ടു. എന്നാൽ ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ചിൻ്റെ അസാമാന്യ പ്രകടനമാണ് ടീമിന് വിജയം ഉറപ്പാക്കിയത്. പനാമ താരം മുറീല്ലോ തൊടുത്ത രണ്ട് തുടർച്ചയായ ബുള്ളറ്റ് ഷോട്ടുകൾ ലിവാകോവിച്ച് അവിശ്വസനീയമായ ഡബിൾ സേവിലൂടെ തട്ടിയകറ്റി ക്രൊയേഷ്യയുടെ രക്ഷകനായി.

നോക്കൗട്ട് പ്രതീക്ഷകളോടെ ക്രൊയേഷ്യ

ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്ന ക്രൊയേഷ്യക്ക് ഈ 3 പോയിൻ്റ്‌ അത്യന്തം നിർണായകമായിരുന്നു. ഈ വിജയത്തോടെ 3 പോയിന്റുമായി അവർ ഗ്രൂപ്പ് എൽ-ൽ മൂന്നാം സ്ഥാനത്തെത്തി. അവസാന മത്സരത്തിൽ ശക്തരായ ഘാനയെയാണ് ക്രൊയേഷ്യ നേരിടുക. ആ മത്സരത്തിൽ ഒരു സമനില നേടിയാൽ പോലും ക്രൊയേഷ്യക്ക് അടുത്ത റൗണ്ടായ റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടാം.