FIFA WORLDCUP2026: ഡിആർ കോംഗോയെ തകർത്ത് കൊളംബിയ നോക്കൗട്ടിൽ

FIFA WORLDCUP2026: ഡിആർ കോംഗോയെ തകർത്ത് കൊളംബിയ നോക്കൗട്ടിൽ

മെക്‌സിക്കോ : ഡാനിയൽ മുനോസിന്റെ തകർപ്പൻ ഗോളിൽ ഡിആർ കോംഗോയെ പരാജയപ്പെടുത്തി കൊളംബിയ ലോകകപ്പ് ഫുട്ബോളിന്റെ റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടി. ഗ്വാഡലഹാര സ്റ്റേഡിയത്തിൽ നടന്ന ആവേശം നിറഞ്ഞ മത്സരത്തിൽ (ഗ്രൂപ്പ് കെ)ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയ വിജയിച്ചത്. 76-ാം മിനിറ്റിൽ വലതുവിങ്ങിൽ നിന്ന് മുനോസ് തൊടുത്ത ഷോട്ട് കോംഗോ ഗോൾകീപ്പർ ലയണൽ എംപാസിയുടെ പ്രതിരോധത്തെ ഭേദിച്ച് വലയിലെത്തി. മത്സരത്തിലുടനീളം കൊളംബിയ വ്യക്തമായ ആധിപത്യം പുലർത്തി. ജയിംസ് റോഡ്രിഗസ്, ലൂയിസ് ഡിയാസ് എന്നിവർ നിരന്തരമായി കോംഗോ ഗോൾമുഖത്ത് ഭീഷണിയുയർത്തി. ആദ്യ പകുതിയിൽ മാത്രം 15 ഷോട്ടുകളാണ് കൊളംബിയ തൊടുത്തത്. സമനിലയ്ക്ക് വേണ്ടി കോംഗോ തിരിച്ചടിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മ അവർക്ക് വിനയായി. 

മത്സരത്തിന്‍റെ ആദ്യ പകുതിയിൽ കൊളംബിയൻ താരങ്ങളായ ജെയിംസ് റോഡ്രിഗസ്, ലൂയിസ് ഡയസ്, ജൊഹാൻ അരിയാസ്, ഗുസ്താവോ പ്യൂർട്ട എന്നിവർ നടത്തിയ മിന്നും മുന്നേറ്റങ്ങളെല്ലാം കോംഗോ കീപ്പർ ലയണൽ എംപാസി തട്ടിയകറ്റി. കോംഗോയുടെ എഡോ കായെംബെ ദൂരത്തുനിന്ന് തൊടുത്ത ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയപ്പോൾ, ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ആർതർ മസുവാകു നൽകിയ മികച്ച ക്രോസ് തലവെയ്ക്കാൻ കോംഗോ സ്ട്രൈക്കർ യോവാൻ വിസ്സയ്ക്ക് സാധിച്ചതുമില്ല. കോംഗോയുടെ കടുത്ത പ്രതിരോധത്തിന് മുൻപിൽ കൊളംബിയയുടെ ഒരു ഗോൾ ഓഫ്‌സൈഡ് മൂലം റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു.രണ്ടാം പകുതിയിലും കൊളംബിയ ആക്രമണം തുടർന്നതോടെ മത്സരം കൂടുതൽ കടുപ്പമേറിയതായി തോന്നി. ഒടുവിൽ പകരക്കാരനായി ഇറങ്ങിയ ജോൺ കോർഡോബയുടെ മികച്ച നീക്കത്തിനൊടുവിൽ ഡാനിയൽ മുനോസ് തൊടുത്ത ഷോട്ട് കോംഗോ പ്രതിരോധ നിരയിൽ തട്ടി വലയിൽ കയറുകയായിരുന്നു. മത്സരത്തിൽ ലൂയിസ് ഡയസ് നേടിയ രണ്ട് ഗോളുകൾ ഉൾപ്പെടെ കൊളംബിയയുടെ മൂന്ന് ഗോളുകളാണ് ഓഫ്‌സൈഡ് മൂലം റഫറി റദ്ദാക്കിയത്.ഈ വിജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി കൊളംബിയ നോക്കൗട്ട് ഉറപ്പിച്ചു. പോർച്ചുഗലിനെതിരായ അവസാന ഗ്രൂപ്പ് മത്സരമാണ് കൊളംബിയയ്ക്ക് ഇനി ബാക്കിയുള്ളത്. ഒരു പോയിന്റ് മാത്രമുള്ള ഡിആർ കോംഗോയ്ക്ക് നോക്കൗട്ട് സാധ്യത നിലനിർത്താൻ  ഇനി ഉസ്ബെക്കിസ്ഥാനെതിരായ അവസാനമത്സരം വിജയിക്കണം .