"അമേരിക്കയെ ഒരു തവണ ആക്രമിച്ചാൽ 20 തവണ തിരിച്ചടിക്കുo": ഡൊണാൾഡ് ട്രംപ്.

വാഷിങ്ടൺ: വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർന്നാൽ അമേരിക്കൻ സൈനിക നടപടി കൂടുതൽ ശക്തമാക്കുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ബോംബാക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നും ഇനിയും ആവർത്തിച്ചാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു.അമേരിക്കയെ ഒരു തവണ ആക്രമിച്ചാൽ 20 തവണ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഛബഹാറിലെ അമേരിക്കൻ ആക്രമണത്തിൻ്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. തുർക്കിയിലെ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം എയർഫോഴ്സ് വണ്ണിൽ മടങ്ങവെ മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ്, ഇറാനുമായുള്ള വെടിനിർത്തൽ അവസാനിച്ചതായി പ്രഖ്യാപിച്ചു. തുടർച്ചയായ ആക്രമണങ്ങൾക്ക് പിന്നാലെ ഒരു കരാറിലെത്താൻ ഇറാൻ തന്നെ ബന്ധപ്പെട്ടിരുന്നതായും എന്നാൽ അവർ അതിന് അർഹരാണോ എന്ന് സംശയമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിൽ കരാർ ലംഘിച്ച് കടക്കാൻ ശ്രമിച്ച വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യം വീണ്ടും വ്യോമാക്രമണം ആരംഭിച്ചു. വാണിജ്യ കപ്പലുകൾക്കും സിവിലിയൻ ജീവനക്കാർക്കും നേരെയുള്ള ആക്രമണങ്ങൾക്ക് ഇറാനെക്കൊണ്ട് കണക്കുപറയിക്കുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെൻ്റ്കോം) വ്യക്തമാക്കി. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് സൈന്യം അറിയിച്ചു.
ഇറാനിൽ വ്യാപക നാശനഷ്ടം
അമേരിക്കയുടെ പുതിയ ആക്രമണത്തിന് പിന്നാലെ ഇറാൻ്റെ തെക്കൻ തുറമുഖ നഗരമായ ഛബഹാറിൽ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഛബഹാറിലും തീരദേശ നഗരമായ കൊനാരക്കിലുമായി 10 സ്ഫോടനങ്ങളാണ് ഉണ്ടായത്. ഇറാനിലെ ആണവനിലയം സ്ഥിതിചെയ്യുന്ന ബുഷെഹർ നഗരത്തിലും സ്ഫോടനങ്ങൾ നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനുപുറമെ അബു മൂസ ദ്വീപിലും തെക്കൻ നഗരമായ സിരിക്കിലെ തഹ്‌റൂയി ഗ്രാമത്തിന് സമീപവും മൂന്ന് സ്ഫോടനങ്ങൾ കൂടി നടന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജൂലൈ ഏഴിലെ സൈനിക നീക്കം
ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ജൂലൈ ഏഴിന് അമേരിക്കൻ സൈന്യം 80 കേന്ദ്രങ്ങളിൽ കൃത്യതയാർന്ന ആക്രമണങ്ങൾ നടത്തിയിരുന്നു. ഇറാൻ്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ നെറ്റ്‌വർക്കുകൾ, തീരദേശ റഡാർ കേന്ദ്രങ്ങൾ, കപ്പൽവേധ മിസൈൽ സംവിധാനങ്ങൾ എന്നിവയ്ക്ക് പുറമെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഉപയോഗിക്കുന്ന 60 ചെറുകപ്പലുകളും സെൻ്റ്കോം തകർത്തു. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നേരെയുള്ള ഇറാൻ്റെ ആക്രമണ ശേഷി ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അമേരിക്കൻ സൈന്യം വ്യക്തമാക്കി.
മാർഷൽ ഐലൻഡ്സ് പതാക വഹിക്കുന്ന എം/ടി അൽ റെക്കയ്യത്ത്, സൗദി അറേബ്യയുടെ എം/ടി വെദ്യൻ, ലൈബീരിയയുടെ എം/ടി സൈപ്രസ് പ്രോസ്പെരിറ്റി എന്നീ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയാണ് ഇറാൻ അടുത്തിടെ ആക്രമണം നടത്തിയത്. ഇറാൻ്റെ ഈ നടപടി വെടിനിർത്തൽ കരാറിൻ്റെ നഗ്നമായ ലംഘനമാണെന്നും കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതാണെന്നും സെൻ്റ്കോം കുറ്റപ്പെടുത്തി. കരാർ പാലിക്കാൻ തയ്യാറായില്ലെങ്കിൽ ഇറാനെതിരെ ശക്തമായ നടപടികൾ തുടരുമെന്നും സൈന്യം മുന്നറിയിപ്പ് നൽകി.
നാറ്റോ സഖ്യത്തെ പ്രശംസിച്ച് ട്രംപ്
ഇറാനുമായുള്ള അമേരിക്കയുടെയും ഇസ്രയേലിൻ്റെയും യുദ്ധത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച ചില നാറ്റോ അംഗരാജ്യങ്ങളെ നേരത്തെ വിമർശിച്ചിരുന്നെങ്കിലും പിന്നീട് സഖ്യത്തെ അനുകൂലിച്ച് ട്രംപ് രംഗത്തെത്തി. യുദ്ധത്തിൽ പങ്കെടുത്തില്ലെങ്കിലും സ്പെയിൻ, ഇറ്റലി, യുകെ തുടങ്ങിയ രാജ്യങ്ങളെ അമേരിക്ക പ്രതിരോധിക്കുമോ എന്ന ചോദ്യത്തിന്, സ്പെയിൻ്റെ നിലപാട് മോശമായിരുന്നെങ്കിലും ഇറ്റലിയും മറ്റ് മിക്ക രാജ്യങ്ങളും മികച്ച പിന്തുണയാണ് നൽകിയതെന്ന് അദ്ദേഹം മറുപടി നൽകി.നാറ്റോ നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ അഭൂതപൂർവമായ ഐക്യമാണ് പ്രകടമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ ബജറ്റ് വർധിപ്പിക്കണമെന്ന അമേരിക്കയുടെ വർഷങ്ങളായുള്ള ആവശ്യത്തോട് നാറ്റോ രാജ്യങ്ങൾ അനുകൂലമായി പ്രതികരിച്ചതായും ജിഡിപിയുടെ അഞ്ച് ശതമാനം പ്രതിരോധത്തിനായി ചെലവഴിക്കുക എന്ന പുതിയ ലക്ഷ്യത്തെ അവർ പിന്തുണയ്ക്കുന്നതായും ട്രംപ് വ്യക്തമാക്കി. ഈ അധിക ഫണ്ട് അമേരിക്കൻ നിർമിത ആയുധങ്ങളും സൈനിക ഉപകരണങ്ങളും വാങ്ങാൻ ഉപയോഗിക്കുന്നതിനാൽ ഇത് അമേരിക്കയ്ക്ക് വലിയ നേട്ടമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.