"നിർമിത ബുദ്ധിയുടെ കാലത്ത് അതിലെ ചതിക്കുഴികൾ തിരിച്ചറിയേണ്ടത് യുവതയുടെ കർത്തവ്യം ": ജേക്കബ്ബ് ജോസഫ്

നവിമുംബൈ: നിർമിത ബുദ്ധിയുടെ പുതിയ വാതായനങ്ങൾ തുറക്കുന്ന കാലഘട്ടങ്ങളിൽ, അതിവേഗം വ്യാപിക്കുന്ന സ്വാഭവിക മണ്ടത്തരത്തിൻ്റെ ചതിക്കുഴികൾ മനസ്സിലാക്കേണ്ടത് ഇന്നത്തെ യുവതയുടെ കർത്തവ്യമാണെന്ന്  അഭിഭാഷകനും മോട്ടിവേഷൻ സ്പീക്കറുമായ ജേക്കബ്ബ് ജോസഫ്.

 നെരൂൾ ന്യുബോംബെ  കേരളീയ സമാജത്തിൻ്റെ സാഹിത്യചർച്ചാ വേദിയായ 'അക്ഷരസന്ധ്യ'യിൽ നടന്ന കുട്ടികളുടെ എഴുത്തിനെ പരിചയപ്പെടുത്തുന്ന 'തളിരുകൾ' എന്ന പരിപാടിയുടെ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജേക്കബ്ബ് ജോസഫ്.

സമാജം തിരഞ്ഞെടുത്ത അഞ്ച് കുട്ടികളുടെ  സൃഷ്ടികൾ കേട്ട ജേക്കബ്, അവരുടെ സർഗ്ഗാത്മകതയുടെ ആഴത്തെയും മൗലികതയുടെ ഘടകങ്ങളെയും പ്രശംസിച്ചു.കൃത്രിമബുദ്ധിക്കൊപ്പം ഉപോൽപ്പന്നമായ സ്വാഭാവിക മണ്ടത്തരവും വളരുന്ന ഇന്നത്തെ കാലത്ത്, ലോകം ഉള്ളടക്കത്തിൽ സ്വാഭാവികതയും സൃഷ്ടികളിൽ മൗലികതയും തേടുന്ന കാലം വിദൂരമല്ല എന്ന് സ്വകാര്യ ബിസ്സിനസ്സ് ഗ്രൂപ്പിൻ്റെ ധനകാര്യ മേധാവികൂടിയായ  ജേക്കബ്ബ് ഓർമ്മപ്പെടുത്തി.

അവതരിപ്പിച്ച രചനകളുടെ ഉള്ളടക്കത്തിൽ മൗലികതയും  ലളിത്യവുമുണ്ടെന്നത് തന്നെ വിസ്മയിപ്പിച്ചുവെന്ന് ജേക്കബ്ബ് പറഞ്ഞു.ഡിജിറ്റൽ സ്പേസുകളിൽ മൗലികമായ ഉള്ളടക്കത്തിൻ്റെ ഉപഭോക്തൃക്കളാവുന്നതിന് പകരം തനതായ മൂല്യം സൃഷ്ടിക്കുന്ന നിർമ്മാതക്കളാവുകയാണ് കാലം ആവശ്യപ്പെടുന്നതെന്ന് അദ്ധേഹം  കൂട്ടി ചേർത്തു.

പുതിയ എഴുത്തുകാരെ, പ്രത്യേകിച്ചും കുട്ടികളേയും യുവാക്കളേയും, പ്രോത്സാഹിപ്പിക്കുന്ന ഭാഗമായാണ് അക്ഷരസന്ധ്യയുടെ 'തളിരുകൾ' വിഭാവനം ചെയ്തിരിക്കുന്നത്.ഗായത്രി ഗോപകുമാർ അവതരിപ്പിച്ച സ്വന്തം കവിതയായ 'കോൺവർസേഷൻ വിത്ത് എ മെഷീൻ'ആധുനിക ചിന്തകളുടെ സൂക്ഷ്മ സ്പന്ദനങ്ങൾ പ്രേക്ഷകരിലേക്ക് പകർന്നു. മനുഷ്യനും മെഷീനും തമ്മിലുള്ള ആത്മസംഘർഷങ്ങളായിരുന്നു ഇരിപത്തിമൂന്നുകാരിയ ഗായത്രിയുടെ കവിത. 'കറേജ് - ദ ട്രൂ ടെസ്റ്റ് 'എന്ന പേരിൽ വൈഷ്ണവി വിജയൻ അവതരിപ്പിച്ച കവിത ബാല്യം എങ്ങിനെയാണ് സമകാലീനമായ പ്രതിസന്ധികളെ നേരിടുന്നത് എന്നതിനെ ആസ്പദമാക്കിയായിരുന്നു. വീണും തളർന്നും പോകുന്ന ബാല്യമെങ്ങിനെ സത്യസന്ധമായി പോരാടുന്നു എന്ന വൈഷ്ണവി കവിതയിലൂടെ പറയുന്നു.സ്വന്തമായി പുസ്തകം പ്രസിദ്ധീകരിച്ച യശ്വസ്വിനി ഷെട്ടിയുടെ സ്വന്തം കൃതിയായ 'ദി ലൂമിന ഗാർഡിയൻസ്'എന്ന നോവലെറ്റ്  സൃഷ്ടിപരമായ അവതരണങ്ങളിലൂടെ വേദിയെ സജീവമാക്കി. പുതുകാലത്തിൻ്റെ ബിംബങ്ങളിലൂടെയാണ് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ യശസ്വിനി പുതിയ പേരാട്ടങ്ങൾ പറഞ്ഞു വെച്ചത്.

അയാൻ സുരേഷ് നായർ അവതരിപ്പിച്ച  കഥയായ  'ജോൺ ആൻഡ് ഹിസ് അലീൻ ഫ്രണ്ട്സി'ൽ സൗഹൃദത്തിന്റെ അതുല്യമായ ഭാവങ്ങൾ അവതരിപ്പിച്ചു. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ അയാൻ തൻ്റെ കഥാകഥനം ഒഴുക്കുള്ള ഭാഷയുടെ അകമ്പടിയോടെ പുതിയ അനുഭവങ്ങളുടെ അതിരുകൾ തേടുന്ന സങ്കൽപ്പയാത്രയായി മാറി.  ഭ്രമാത്മകവുമായ അമേയലോക ബിംബങ്ങളുമായാണ് പതിമൂന്ന് വയസ്സുകാരനായ ആനന്ദ് ഗോപകുമാർ അവതരിപ്പിച്ചത് 'ക്രോസിംഗ് ദി റൂബി കോൺ'എന്ന കഥയാണ്. ഈ കഥ വർത്തമാനത്തിൻ്റെ കാലത്ത് നിന്ന് ഭാവിയുടെ തേരിൽ കയറി മറ്റൊരു ലോകത്ത് നടക്കുന്ന രസകരങ്ങളായ അനുഭവങ്ങളെയാണ് ചടുലമായ ഭാഷയിൽ പറഞ്ഞു വെച്ചത്.

സ്വാഗതമാശംസിച്ച കെ എ കുറുപ്പ് കുട്ടികളുടെ  സൃഷ്ടികൾ ഓരോ എഴുത്തുകാർക്കും പ്രത്യേകിച്ച് സവിശേഷമായ ചർച്ച വേദി വരും കാലങ്ങളിൽ നെരൂൾ സമാജം ഒരുക്കുമെന്ന് പറഞ്ഞു.കുറെ കൂടി വിപുലമായ രീതിയിൽ മഹാനഗരത്തിലെ കൂടുതൽ കുട്ടികൾക്ക് എഴുത്തിനൊരു വിശാലമായ വേദിയൊരുക്കുവാൻ 'അക്ഷരസന്ധ്യ' തയ്യാറാണെന്ന് കൺവീനർ എം.പി.ആർ.പണിക്കർ പറഞ്ഞു.

കുട്ടികൾക്കുള്ള സമ്മാനങ്ങൾ സമാജത്തിൻ്റെ മലയാളം മിഷൻ അധ്യാപിക മിനി വർഗ്ഗീസ് ,സമാജം ഭാരവാഹികളോടൊപ്പം  നൽകി.കെ കെ മോഹൻദാസ്, സരിത സജിത്‌ ലാൽ , കെ ടി നായർ, ഗോപകുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.