പരിസ്ഥിതി അവബോധമുണർത്തി, നാട്ടുപഴമകൾ നഗരവാസികൾക്ക് സമ്മാനിച്ച്‌ സീവുഡ്സ് സമാജത്തിൻ്റെ ഗ്രാമചന്ത

 മുംബൈ: അങ്കത്തട്ടും, പഞ്ചഗുസ്‌തിയും, ഊഞ്ഞാലും, ഗാനമേളയും, പീടികകളും, ഭക്ഷണ വൈവിധ്യങ്ങളും നഗരത്തിലൊരുക്കിയ സീവുഡ്‌സ് മലയാളി സമാജത്തിൻ്റെ ഗ്രാമചന്ത 2026, ജനപങ്കാളിത്തം കൊണ്ടും ആവിഷ്‌കാര  മികവും കൊണ്ട്  സന്ദർശകർക്ക് വ്യത്യസ്ത അനുഭവമായി മാറി.

മുംബൈയിൽ,വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ച്‌ ശ്രദ്ധേയരായി തീർന്ന  സീവുഡ്സ് മലയാളി സമാജം അതിൻ്റെ  രജത ജൂബിലിയാഘോഷങ്ങളുടെ ഭാഗമായാണ് സീവുഡ്സിലെ സെക്ടർ 48 ലെ ഗണേശ് മൈതാനിയിൽ 'ഗ്രാമചന്ത' യൊരുക്കി വീണ്ടും കയ്യടിനേടിയത് .'ലോക്കൽ ഈസ് ഫ്യൂച്ചർ 'എന്ന സന്ദേശമുയർത്തിയിരുന്ന ഗ്രാമചന്തകളുടെ നന്മ പുതു തലമുറക്ക് പരിചയപ്പെടുത്തുകയും കാർബൺ പാദമുദ്രകൾ കുറയ്ക്കുവാനുള്ള ശ്രമങ്ങളിൽ ജനങ്ങളെ പങ്കെടുപ്പിക്കുവാനുമാണ് സീവുഡ്സ് മലയാളി സമാജം വ്യത്യസ്‌തവും ഗൃഹാതുരതയുണർത്തുന്നതുമായ പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറയുന്നു. ഈ-വേസ്റ്റ് സമാഹരണം വഴി മറ്റ് സംഘടനകൾക്ക്  മാതൃകയായ  സമാജം. ഗ്രാമചന്തചന്തയിൽ  തുണി സഞ്ചികൾവിതരണം ചെയ്‌തത്‌ ആഘോഷത്തിലെ  സാമൂഹ്യ പ്രതിബദ്ധത വെളിപ്പെടുത്തി.

പൊന്ന്യത്തങ്കം മാതൃകയിൽ ഗ്രാമചന്തയുടെ ഒത്ത നടുവിലെ  അങ്കത്തട്ടും പൊന്യത്തെ ഏഴരക്കണ്ടത്തെ പോരാട്ടത്തെ ഓർമ്മപ്പെടുത്തുന്ന നാല് കളരിപ്പയറ്റ് പ്രദർശനങ്ങൾ അന്യഭാഷാക്കാരേയും ത്രസിപ്പിച്ചു. നാല് ചേകവന്മാർ തുമ്പോലാർച്ചയ്ക്ക് വേണ്ടി പടവെട്ടുന്ന പ്രദർശനങ്ങൾ കാഴ്ച്ചക്കാരിൽ കൗതുകം ജനിപ്പിച്ചു. വാശിയേറിയ പഞ്ചഗുസ്‌തി മത്സരം ഗ്രാമചന്തയിൽ ആർപ്പുവിളികളുയർത്തി.പഴയകാല ഭാഗ്യ നറുക്കെടുപ്പുകളുടെ മാതൃകയിൽ നടന്ന സമ്മാനക്കൂപ്പണുകൾ സന്ദർശകരെ ഗൃഹാതുരത്വത്തിൻ്റെ തുരുത്തുകളിലെത്തിച്ചു.കുളിക്കടവും പഴയ ഗാരേജും അഞ്ചൽ തപാലോഫീസും കള്ള് ഷാപ്പും മീൻ കടയും വായനശാലയും മഹാനഗരത്തിൽ എഴുപതുകളിലെ കേരളീയ ഗ്രാമത്തിൻ്റെ ഭൂതകാല കുളിരിൽ സന്ദർശകരെ നനച്ചു.പഴയ മാസികകൾ വായിച്ചും കാർഡിൽ കത്തെഴുതിയും കാഴ്ച്ചക്കാർ ഗ്രാമചന്തയെ അനുഭവവേദ്യമാക്കി.കത്തി മാത്തൻ, കരടി രവി എന്ന വിളിപ്പേരുകളുടെ ഗ്രാമചന്തയിലുടനീളം രണ്ടു ഗുണ്ടകൾ നടന്നത് കാഴ്ച്ചക്കാരിൽ കൗതുകമുണർത്തി. 


മുറുക്കാൻ കടക്കാരനും, ചീട്ടു കളിക്കാരും കുളക്കടവും, പഴയ സിനിമാഗാനങ്ങളും ,ചായപ്പീടികയുമെല്ലാം ശരിക്കും നാട്ടിലെത്തിയ ലെത്തിയ പ്രതീതിയുണ്ടാക്കിയതായി സന്ദർശകരിൽ ഒരാളായ ഖാർഘർ നിവാസി  വിനോദ് മാരാറും കുടുംബവും  പറഞ്ഞു.

കാട്ടുകോഴികളും, കാട്ടു തേനും, കരിങ്കോഴികളും, മുറവും, കുട്ടയും, മൺകലവും വിൽക്കാനിറങ്ങി വന്ന കൊമ്പനും കൊമ്പിയുമെന്ന ആദിവാസി കഥാപാത്രങ്ങൾ കൗതുകത്തെ കൂടാതെ പരിസ്ഥിതിയുമായി ഏറ്റവും അധികം സമവായത്തിൽ പോകുന്ന കാട്ടിലെ ജനതയെ നഗരത്തിലെ ഇൻസ്റ്റൻ്റ് ഉപഭോക്താക്കളിൽ പ്രകൃതിയുമായുള്ള സമരസപ്പെടലുകളെ ഓർമ്മിപ്പിച്ചു. ഗ്രാമചന്തയിൽ വലം വെച്ച് ഗ്രാമ്യഭാഷയിൽ ആസന്നമൃതിയെ കാത്ത് കിടക്കുന്ന ഭൂമിയുടെ പരിദേവനങ്ങൾ വിളിച്ചു പറഞ്ഞാണ് കൊമ്പനും കൊമ്പിയും മടങ്ങിയത്.ഗ്രാമചന്തയിലുടനീളം പഴയ ഗാനങ്ങൾ ഗായകർ ആലപിച്ചു കൊണ്ടേയിരുന്നത് മഹാനഗരത്തെ വളരെ പെട്ടെന്ന് കേരളത്തിൻ്റെ ഗതകാലസ്മരണകളെ പുൽകാൻ സഹായിച്ചു.പീടികകളും നാടൻ ഭക്ഷണശാലകളും ഭാഗ്യക്കുറിയും പഞ്ചഗുസ്‌തിയും കുളിക്കടവും തുടങ്ങി നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രാമചന്ത അന്യഭാഷക്കാരേയും ത്രസിപ്പിക്കുന്ന മട്ടിലാണ് രൂപകല്പന ചെയ്തത്.പീടികളുടെ പേരുകൾ സന്ദർശകരായ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.പച്ചക്കറിയും, പലഹാരങ്ങളും, മിഠായിയും, തുണിത്തരങ്ങളും, ചമയങ്ങളും, ചായയും, പായസവും, പാനീയങ്ങളും, കപ്പയും കഞ്ഞിയുമൊക്കെ ഗ്രാമചന്തയിലെ ശ്രദ്ധാകേന്ദ്രങ്ങളായി.

 സന്ദർശകരുടെ നിറഞ്ഞസാന്നിധ്യത്തിൽ  രജതജൂബിലി ആഘോഷ  നിറവിൽ നിൽക്കുന്ന സീവുഡ്‌സ് മലയാളി സമാജത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ ഇനമായി മാറി നാട്ടുകാഴ്ചകൾ നഗരത്തിലെത്തിച്ച ഗ്രാമചന്ത.ഗ്രാമചന്തയിൽ വൃദ്ധർക്കും കുട്ടികൾക്കും ഗർഭിണികൾക്കും വിശ്രമിക്കാനായി പുളിമരത്തറ ഒഴിച്ചിട്ടതും അതിനരികിലെ ഊഞ്ഞാലിൽ മലയാളികളും അന്യഭാഷക്കാരും പ്രായഭേദമേന്യേ ആർത്തു വിളിച്ച് ഊഞ്ഞാലാടിയ ശേഷം മാത്രം മടങ്ങിയത് ഏറ്റവും സുന്ദരമായ കാഴ്ച്ചകളിലൊന്നായിരുന്നു .

കേരളത്തിന്റെ ഗതകാല ഗ്രാമീണ വിപണിയുടെ ഓർമ്മകൾ  ജീവിപ്പിച്ച  ഗ്രാമചന്ത 2026-ലേക്കുള്ള  പ്രവേശനം  സൗജന്യമായിരുന്നു.