എഫ്‌ഐഎച്ച് നേഷൻസ് കപ്പ്: ചിലിയെ ആറ് ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലിൽ

എഫ്‌ഐഎച്ച് നേഷൻസ് കപ്പ്:  ചിലിയെ ആറ് ഗോളുകൾക്ക് തകർത്ത്  ഇന്ത്യൻ വനിതകൾ  ഫൈനലിൽ

ഓക്ക്ലാൻഡ്: ന്യൂസിലൻഡില്‍ നടക്കുന്ന എഫ്‌ഐഎച്ച് വനിതാ നേഷൻസ് കപ്പ് സെമിഫൈനലിൽ ചിലിയെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ ടീം കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. നോർത്ത് ഹാർബർ നാഷണൽ ഹോക്കി സെന്‍ററില്‍ നടന്ന മത്സരത്തിൽ തുടക്കം മുതൽ ഒടുക്കം വരെ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ഇന്ത്യൻ സംഘം ഫൈനലിലേക്ക് കുതിച്ചത്.

ലോക റാങ്കിംഗിൽ ഒൻപതാം സ്ഥാനത്തുള്ള ഇന്ത്യ ആദ്യ ക്വാർട്ടറിൽ തന്നെ മൂന്ന് ഗോളുകളുടെ ലീഡ് സ്വന്തമാക്കി. മത്സരം തുടങ്ങി ആറാം മിനിറ്റിൽ നവ്‌നീത് കൗർ പെനാൽറ്റി കോർണറിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചു. വൈകാതെ പതിമൂന്നാം മിനിറ്റിൽ നവ്‌നീത് തന്‍റെ രണ്ടാം ഗോളും നേടി. തൊട്ടടുത്ത മിനിറ്റിൽ പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് ദീപിക സ്കോർ മൂന്നേ പൂജ്യം ആക്കി ഉയർത്തി. രണ്ടാം ക്വാർട്ടറിന്‍റെ തുടക്കത്തിൽ ദീപിക ടൂർണമെന്‍റിലെ തന്‍റെ ആറാം ഗോൾ കണ്ടെത്തിയതോടെ ആദ്യ പകുതിയിൽ ഇന്ത്യ നാലേ പൂജ്യത്തിന് മുന്നിലായി.

മൂന്നാം ക്വാർട്ടറിൽ പെനാൽറ്റി കോർണറിലൂടെ നേഹയും ഫീൽഡ് ഗോളിലൂടെ ഋതുജ പിസാലും ലക്ഷ്യം കണ്ടതോടെ ഇന്ത്യയുടെ ഗോൾ പട്ടിക ആറായി ഉയർന്നു. നവ്‌നീത് കൗറും ദീപികയും ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ മികച്ച ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ക്യാപ്റ്റൻ സലീമ ടെറ്റെയാണ് പ്ലെയർ ഓഫ് ദി മാച്ച്. അവസാന ക്വാർട്ടറിൽ ചിലി ചില അപകടകരമായ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഇന്ത്യൻ ഗോൾകീപ്പർ സവിതാ പുനിയയുടെ മികച്ച സേവുകൾ എതിരാളികൾക്ക് ഗോൾ വഴങ്ങാതെ ഇന്ത്യയുടെ വിജയം പൂർണ്ണമാക്കി.

ലക്ഷ്യം പ്രോ ലീഗ് യോഗ്യത

ഞായറാഴ്‌ച നടക്കുന്ന ഫൈനൽ മത്സരത്തിൽ ആതിഥേയരായ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ഈ മത്സരത്തിൽ വിജയിക്കാനായാൽ ഇന്ത്യയ്ക്ക് 2027 സീസണിലെ വനിതാ എഫ്‌ഐഎച്ച് പ്രോ ലീഗിലേക്ക് വീണ്ടും പ്രൊമോഷൻ ലഭിക്കും. വരാനിരിക്കുന്ന 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സ് യോഗ്യത നിശ്ചയിക്കുന്നതിൽ ഈ പ്രോ ലീഗ് സീസൺ നിർണായകമാണ്.

മുൻപ് 2025 സീസണിലെ പ്രോ ലീഗിൽ അവസാന സ്ഥാനക്കാരായതിനെ തുടർന്നാണ് ഇന്ത്യ നേഷൻസ് കപ്പിലേക്ക് റിലഗേറ്റ് ചെയ്യപ്പെട്ടത്. എന്നാൽ ഈ ടൂർണമെന്‍റിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ യുഎസ്എ, ജപ്പാൻ, ഉറുഗ്വേ എന്നീ ടീമുകളെ പരാജയപ്പെടുത്തിയ ഇന്ത്യ ഇതുവരെ ഒരു മത്സരത്തിൽ പോലും തോൽക്കാതെയാണ് ഫൈനലിൽ എത്തിയിരിക്കുന്നത്. 2022ലെ ഉദ്ഘാടന എഫ്‌ഐഎച്ച് നേഷൻസ് കപ്പ് ജേതാക്കൾ കൂടിയായ ഇന്ത്യ വലിയ ആത്മവിശ്വാസത്തോടെയാണ് ഫൈനലിന് ഇറങ്ങുന്നത്.