Fifa Worldcup 2026: മൊറോക്കോയ്ക്കും അമേരിക്കയ്ക്കും തകർപ്പൻ വിജയങ്ങൾ

Fifa Worldcup 2026: മൊറോക്കോയ്ക്കും അമേരിക്കയ്ക്കും തകർപ്പൻ വിജയങ്ങൾ

വാഷിംഗ്‌ടൺ :ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളിൽ മൊറോക്കോയ്ക്കും ആതിഥേയരായ അമേരിക്കയ്ക്കും തകർപ്പൻ വിജയങ്ങൾ. ഗ്രൂപ്പ് സിയിലെ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് മൊറോക്കോ സ്‌കോട്‌ലന്‍ഡിനെ വീഴ്ത്തിയപ്പോൾ, മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി അമേരിക്ക നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി.

മത്സരത്തിൻ്റെ തുടക്കം മുതൽ അമേരിക്ക മികച്ച ആക്രമണമാണ് പുറത്തെടുത്തത്. ഫലമായി ആദ്യ പകുതിയിൽ തന്നെ അവർ രണ്ട് ഗോളുകളുടെ ലീഡ് നേടി. 11-ാം മിനിറ്റില്‍ അമേരിക്കയുടെ ഫോലാരിൻ ബലോഗൻ ബോക്സിലേക്ക് നൽകിയ പാസ് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ഓസ്‌ട്രേലിയൻ ഡിഫൻഡർ കാമറൂൺ ബർഗെസിൻ്റെ കാലിൽ തട്ടി സ്വന്തം വലയിലേക്ക് കയറി.പരിക്കുകാരണം നായകൻ ക്രിസ്റ്റ്യൻ പുലിസിക് കളിക്കാതിരുന്നത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് കരുതിയെങ്കിലും പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോയുടെ തന്ത്രങ്ങൾ മൈതാനത്ത് വിജയം കണ്ടു. റിക്കാർഡോ പെപ്പി, അലക്സ് ഫ്രീമാൻ, ടൈലർ ആഡംസ് എന്നിവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിൽ 62 ശതമാനത്തിലധികം സമയം പന്ത് കൈവശം വെച്ചതും യുഎസ് ടീം ആയിരുന്നു.

രണ്ടാം പകുതിയിൽ കളി കൂടുതൽ കടുപ്പമേറിയതായി മാറി. ഓസ്‌ട്രേലിയൻ ടീം തിരിച്ചടിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും യുഎസിൻ്റെ ശക്തമായ പ്രതിരോധ കോട്ട തകർക്കാൻ അവർക്കായില്ല. കളി അവസാന ഘട്ടത്തിലേക്ക് നീങ്ങിയപ്പോൾ ഇരു ടീമിലെയും കളിക്കാർ തമ്മിൽ ചില വാഗ്വാദങ്ങളും മൈതാനത്ത് നടന്നു. ആദ്യ മത്സരത്തിൽ പരാഗ്വെയെ 4-1 ന് തോൽപ്പിച്ച അമേരിക്കയ്ക്ക് ഈ വിജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്നും 6 പോയിൻ്റാ ൃയി. ഗ്രൂപ്പ് ഡിയിലെ തങ്ങളുടെ അവസാന മത്സരത്തിൽ ജൂൺ 25-ന് അമേരിക്ക തുർക്കിയെ നേരിടും.

മൊറോക്കോയും സ്‌കോട്‌ലന്‍ഡും തമ്മിലുള്ള മത്സരത്തിൽ ഈ ലോകകപ്പിലെ ഏറ്റവും അതിവേഗ ഗോളാണ് പിറന്നത്. കളി തുടങ്ങി വെറും 71ാം സെക്കന്‍ഡില്‍ തന്നെ ഇസ്മയില്‍ സൈബാരിയാണ് മൊറോക്കോയ്ക്കായി വിജയഗോൾ നേടിയത്. വലതു വിങ്ങില്‍ നിന്നു ബ്രഹിം ഡിയാസ് നൽകിയ ലോങ് പാസ് സ്വീകരിച്ച് മുന്നേറിയ സൈബാരി സ്കോട്ടിഷ് കീപ്പറെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച മൊറോക്കോ ഈ വിജയത്തോടെ തങ്ങളുടെ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി. അഷ്‌റഫ് ഹക്കീമിയും സൈബാരിയും അടങ്ങുന്ന നിര മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും രണ്ടാം പകുതിയിൽ ഇരുപക്ഷത്തിനും കൂടുതൽ ഗോളുകൾ നേടാനായില്ല.