ലോകകപ്പിലും യു.എസ് - ഇറാൻ പോര്: യാത്രാ വിലക്കിനെതിരെ ഫിഫയെ സമീപിച്ച് ഇറാൻ

ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പിൽ സഹ-ആതിഥേയരായ യു.എസ്.എ ഏർപ്പെടുത്തിയ കടുത്ത യാത്രാ നിയന്ത്രണങ്ങൾക്കെതിരെ ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഇറാൻ, ഫിഫയ്ക്ക് (FIFA) ഔദ്യോഗികമായി പരാതി നൽകും. നിലവിലെ വിസ നിബന്ധനകൾ പ്രകാരം ഇറാൻ കളിക്കാർക്ക് മത്സരത്തിന് ഒരു ദിവസം മുൻപ് മാത്രമാണ് യു.എസ്.എയിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളത്. കൂടാതെ മത്സരം കഴിയുന്ന അതേ ദിവസം തന്നെ രാജ്യം വിടുകയും വേണം.ഞായറാഴ്ച ശക്തരായ ബെൽജിയത്തിനെതിരെ നടക്കാനിരിക്കുന്ന നിർണായക മത്സരത്തിനുള്ള ഇറാന്റെ തയ്യാറെടുപ്പുകളെ ഈ വിസ നിയന്ത്രണങ്ങൾ വൻതോതിൽ ബാധിക്കുമെന്നാണ് ഫെഡറേഷൻ വ്യക്തമാക്കുന്നത്.വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഇറാൻ തങ്ങളുടെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി: 'പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും തുല്യമായ സാഹചര്യങ്ങൾ ഒരുക്കുക എന്ന അടിസ്ഥാന തത്വത്തിന് വിരുദ്ധമാണ് യു.എസ്.എയുടെ ഇത്തരം നിയന്ത്രണങ്ങൾ. ഇത് ടീമിvd]Jz മത്സരത്തിനായുള്ള ഒരുക്കങ്ങളെ ദോഷകരമായി ബാധിക്കും. ഇതിനാൽ ശരിയായ ചാനലുകളിലൂടെ ഫെഡറേഷൻ ഫിഫയ്ക്ക് ഔദ്യോഗികമായി പരാതി സമർപ്പിക്കും. എന്നാൽ ഈ പരിമിതികൾക്കിടയിലും ദേശീയ ടീം പരിശീലനം തുടരുകയും ബെൽജിയവുമായുള്ള മത്സരത്തിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും."
'ടൂർണമെന്റിലെ ഏറ്റവും അടിച്ചമർത്തപ്പെട്ട ടീം'
ലോസ് ആഞ്ചലസിൽ ന്യൂസിലൻഡുമായുള്ള ആദ്യ മത്സരത്തിന് ശേഷം (2-2 സമനില) മാധ്യമങ്ങളോട് സംസാരിച്ച ഇറാൻ കോച്ച് അമീർ ഘാലെനോയി വൈകാരികമായാണ് പ്രതികരിച്ചത്. തങ്ങൾ ഈ ടൂർണമെന്റിലെ 'ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെട്ട' ടീമാണെന്ന് അദ്ദേഹം ആരോപിച്ചു.ലോസ് ആഞ്ചലസിലെ മത്സരം കഴിഞ്ഞയുടൻ മെക്സിക്കോയിലെ ടിജുവാനയിലുള്ള തങ്ങളുടെ ബേസ് ക്യാമ്പിലേക്ക് ഉടൻ മടങ്ങാൻ യു.എസ് അധികൃതർ നിർബന്ധിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. "മത്സരം കഴിഞ്ഞയുടൻ അവർ ഞങ്ങളോട് രാജ്യം വിടാൻ ആവശ്യപ്പെട്ടു. വിമാനത്തിൽ കയറി ടിജുവാനയിലേക്ക് മടങ്ങാനാണ് നിർദ്ദേശം. ഇത് ഞങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്," ഘാലെനോയി പറഞ്ഞു.
ടൂർണമെന്റിനു മുൻപുള്ള തയ്യാറെടുപ്പുകളിലും ടീം നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടതായി കോച്ച് ചൂണ്ടിക്കാണിച്ചു. മത്സരത്തിന് രണ്ട് രാത്രികൾക്ക് മുൻപ് യു.എസ്.എയിൽ എത്താനായിരുന്നു തീരുമാനമെങ്കിലും അധികൃതർ അതിന് അനുമതി നൽകിയില്ല. മത്സരം കഴിഞ്ഞ രാത്രി അവിടെ താമസിച്ച് റിക്കവറി പൂർത്തിയാക്കി അടുത്ത ദിവസം ഉച്ചയ്ക്ക് മടങ്ങാമെന്ന പ്ലാനും അധികൃതർ തടഞ്ഞു.നിലവിൽ ഇറാന്റെ ഫെഡറേഷൻ പ്രതിനിധികളോ, മാധ്യമങ്ങളോ, ഔദ്യോഗിക മാനേജ്മെന്റോ ടീമിനൊപ്പം യു.എസ്.എയിൽ ഇല്ല. മിഡിൽ ഈസ്റ്റിലെ നിലവിലെ യുദ്ധസാഹചര്യങ്ങളും അതുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളുമാണ് ഇറാന്റെ ലോകകപ്പ് മത്സരങ്ങളെയും യാത്രാ അനുമതികളെയും ഇപ്പോൾ നിഴലിലാക്കിയിരിക്കുന്നത്.