FIFA WORLDCUP2026: ഹെയ്തിയെ വീഴ്ത്തി ബ്രസീൽ, ഗ്രൂപ്പില്‍ ഒന്നാമത്

വാഷിങ്ടണ്‍: ഹെയ്തിയെ 3-0 ന് തകര്‍ത്ത് ബ്രസീല്‍ ടൂർണമെൻ്റിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളും അടിച്ചുകൂട്ടി ബ്രസീൽ കളി തങ്ങളുടെ കൈപ്പിടിയിലൊതുക്കി. ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങേണ്ടി വന്ന കാനറികൾക്ക് ഈ വിജയം വലിയ ആശ്വാസമായി. ഈ വിജയത്തോടെ 4 പോയിൻ്റുമായി ഗ്രൂപ്പ് സിയില്‍ കനറിപ്പട ഒന്നാമതെത്തി. 4 പോയിൻ്റുമായി മൊറോക്കോ രണ്ടാം സ്ഥാനത്തും മൂന്ന് പോയിൻ്റുമായി സ്കോട്ട്ലൻഡ് മൂന്നാം സ്ഥാനത്തുമുണ്ട്.
മാത്യൂസ് കുൻഹയുടെ ഇരട്ട ഗോൾ വേട്ട
സൂപ്പർ താരം നെയ്മർ പരിക്കേറ്റ് പുറത്തിരുന്ന മത്സരത്തിൽ, ബ്രസീലിൻ്റെ ആക്രമണത്തിൻ്റെ ചുമതല മാത്യൂസ് കുൻഹ ഏറ്റെടുത്തു. ഹെയ്തിയുടെ പ്രതിരോധ കോട്ട തകർക്കാൻ ബ്രസീലിന് അധികം സമയം വേണ്ടി വന്നില്ല. മത്സരത്തിൻ്റെ 23-ാം മിനിറ്റിൽ ബോക്സിനുള്ളിലേക്ക് ലഭിച്ച ഒരു റീബൗണ്ട് പന്ത് മനോഹരമായി വലയിലെത്തിച്ച് കുൻഹ ബ്രസീലിന് ആദ്യ ലീഡ് സമ്മാനിച്ചു. ആദ്യ ഗോളിൻ്റെ ആവേശം അടങ്ങും മുൻപ് തന്നെ കുൻഹ വീണ്ടും തിളങ്ങി. 36-ാം മിനിറ്റിൽ ഹെയ്തി ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി തൊടുത്ത ഒരു തകർപ്പൻ ഷോട്ടിലൂടെ കുൻഹ ബ്രസീലിൻ്റെ ലീഡ് രണ്ടാക്കി ഉയർത്തി.
ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഹെയ്തിയുടെ നെഞ്ച് തകർത്ത മൂന്നാം ഗോൾ പിറന്നത്. (45+3-ാം മിനിറ്റില്‍ ലൂക്കാസ് പക്വേറ്റ നൽകിയ മനോഹരമായ ഒരു പാസ് സ്വീകരിച്ച്, ഹെയ്തി പ്രതിരോധത്തെ വെട്ടിച്ച് വിനീഷ്യസ് ജൂനിയർ പന്ത് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ ആദ്യ പകുതിയിൽ തന്നെ ബ്രസീൽ 3-0 ൻ്റെ ശക്തമായ ലീഡ് ഉറപ്പിച്ചു. 2002 ലോകകപ്പിന് ശേഷം ആദ്യമായാണ് ബ്രസീൽ ഒരു ലോകകപ്പ് മത്സരത്തിൻ്റെ ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾ അടിക്കുന്നത്.
രണ്ടാം പകുതിയിൽ ബ്രസീൽ തങ്ങളുടെ യുവതാരങ്ങളായ എൻഡ്രിക്, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരെ കളത്തിലിറക്കി ആക്രമണം ശക്തമാക്കി. എൻഡ്രിക് ഒരു ഗോൾ അടിച്ചെങ്കിലും അത് ഓഫ്സൈഡ് ആണെന്ന് റഫറി വിധിച്ചു. ഹെയ്തിയുടെ ക്യാപ്റ്റൻ റിക്കാർഡോ അഡെ തലകൊണ്ട് തൊടുത്ത ഒരു മികച്ച ഷോട്ട് ബ്രസീൽ ഗോൾകീപ്പർ അലിസൺ ബെക്കർ മനോഹരമായി തടുത്തു. 52 വർഷത്തിന് ശേഷം ലോകകപ്പ് കളിക്കാനെത്തിയ ഹെയ്തിക്ക് ബ്രസീലിൻ്റെ പ്രതിരോധം മറികടക്കാൻ സാധിച്ചില്ല. ഈ വിജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിൻ്റുമായി ബ്രസീൽ ഗ്രൂപ്പിൽ ശക്തമായ നിലയിലായി. ജൂൺ 24-ന് നടക്കുന്ന തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബ്രസീൽ സ്കോട്ട്ലൻഡിനെ നേരിടും.