കൊട്ടാരക്കര ടിപ്പർ ലോറി അപകടം :മരണപ്പെട്ടവരെ തിരിച്ചറിഞ്ഞു

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ മരണപ്പെട്ട മൂന്നുപേരെയും തിരിച്ചറിഞ്ഞു. എട്ടുപേരാണ് അപകടത്തിൽപ്പെട്ടത്.ഹരിലാൽ (54): കുടവട്ടൂർ സ്വദേശി, അജയകുമാർ (45): നീലേശ്വരം മുക്കോണിമുക്ക് സ്വദേശി, കാർമൽ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ പാർത്ഥിപ് (15) എന്നിവരാണ് മരിച്ചത്.വിദ്യാർത്ഥികളായ കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർക്കും ലോറി ഡ്രൈവർ നിസാം (ചവറ സ്വദേശി) എന്നിവർക്കുമാണ് പരിക്കേറ്റത്. ഇവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഋഷഭ്, കൗശൽ എന്നിവരെ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിലൊരാൾ വെന്റിലേറ്ററിലാണെന്നാണ് വിവരം. മറ്റ് പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മണ്ണ് കയറ്റിയ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറി മറിഞ്ഞതോടെ ബസ് സ്റ്റോപ്പിൽ നിന്നിരുന്നവർ മണ്ണിനടിയിൽ കുടുങ്ങിപ്പോകുകയായിരുന്നു . ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് എട്ടുപേരെയും പുറത്തെടുത്തത്. നിലവിൽ രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു.