പ്രിയദർശിനിക്കു പിന്നാലെ പിങ്ക് ബസ് : കെഎസ്ആർടിസി 'പിങ്ക് ബസ്' സർവീസിന് ഇന്ന് തുടക്കം

 പ്രിയദർശിനിക്കു പിന്നാലെ പിങ്ക് ബസ് : കെഎസ്ആർടിസി 'പിങ്ക് ബസ്' സർവീസിന് ഇന്ന് തുടക്കം

തിരുവനന്തപുരം: രാത്രികാലങ്ങളിൽ സ്ത്രീകളുടെ സുരക്ഷിതമായ യാത്ര ലക്ഷ്യമിട്ട് കെഎസ്ആർടിസി ആരംഭിക്കുന്ന 'പിങ്ക് ബസ്' സർവീസിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്ക്ക് ഒന്നിന് കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിൽ വച്ച് ഗതാഗത മന്ത്രി സി.പി ജോൺ നിർവഹിക്കും. സർക്കാരിൻ്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം-ടെക്നോപാർക്ക് റൂട്ടിലാണ് തുടക്കത്തിൽ സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കിഴക്കേക്കോട്ട, തമ്പാനൂർ, പട്ടം, മെഡിക്കൽ കോളജ്, ആർസിസി, ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി വഴി സർവീസ് നടത്തുന്ന രീതിയിലാണ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് 4.30 മുതൽ രാത്രി 10.45 വരെയും, പുലർച്ചെ നാല് മുതൽ രാവിലെ എട്ട് വരെയുമാണ് സർവീസ്.



സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം

രാത്രി ഒൻപതിന് ശേഷം യാത്ര തിരിക്കുന്ന വനിതകൾ, ആശുപത്രി ജീവനക്കാർ, ടെക്നോപാർക്കിലെ ഐടി ജീവനക്കാർ തുടങ്ങി നിരവധിപേർ അനുഭവിക്കുന്ന യാത്രാദുരിതം മറികടക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. രാത്രി നഗരത്തിൽ വന്നിറങ്ങുന്ന യാത്രക്കാർ, സിനിമ കഴിഞ്ഞ് മടങ്ങുന്നവർ, വിവിധ ട്രെയിനുകളിൽ തമ്പാനൂരിലെത്തുന്നവർ ഉൾപ്പെടെയുള്ള വനിതാ യാത്രക്കാർക്ക് നിലവിൽ കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. ഇതുമൂലം ഇവർ ഓട്ടോറിക്ഷകളെയും മറ്റും അമിത ചാർജ് നൽകി ആശ്രയിക്കേണ്ടി വരുന്നുണ്ട്. ഇതിനു പുറമേ, രാത്രിയിലും പുലർച്ചെയുമുള്ള ഷിഫ്റ്റുകളിൽ ജോലി കഴിഞ്ഞു മടങ്ങുന്ന ടെക്നോപാർക്ക് ജീവനക്കാരും യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ടെക്നോപാർക്കിലെ രാത്രി ഷിഫ്റ്റ് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി.

പദ്ധതി മറ്റ് ജില്ലകളിലേക്കും

സ്ത്രീകൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ പൊതുഗതാഗതം ഉപയോഗിക്കാനാകുന്ന തരത്തിൽ പ്രത്യേക ക്രമീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും ബസുകളിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരത്ത് ആരംഭിക്കുന്ന സർവീസിൻ്റെ പ്രവർത്തനം വിലയിരുത്തിയ ശേഷമാകും പദ്ധതി സംസ്ഥാനത്തെ മറ്റ് പ്രധാന നഗരങ്ങളിലേക്കും ജില്ലകളിലേക്കും വ്യാപിപ്പിക്കുക. സ്ത്രീകൾക്കായുള്ള സുരക്ഷിത യാത്രാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് സർക്കാർ ഈ നീക്കം നടത്തുന്നത്. 

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യമായി യാത്ര അനുവദിക്കുന്ന സർക്കാരിൻ്റെ പദ്ധതിയാണ് പ്രിയദർശിനി. ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോൾ വൻ സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിക്കുന്നത്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ടൗൺ ടു ടൗൺ, ഫെയർസ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിൻ്റ് ടു പോയിൻ്റ്, ഗ്രാമവണ്ടി എന്നീ ക്ലാസുകളിലാണ് സൗജന്യ യാത്ര ലഭ്യമാകുക. പദ്ധതിയിലൂടെ സ്ത്രീകൾക്ക് ലഭിക്കുന്ന യാത്രാ ഇളവ് അവരുടെ പ്രതിമാസ ചെലവ് ലാഭിക്കുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും സഹായിക്കും എന്നതായിരുന്നു സർക്കാരിൻ്റെ ലക്ഷ്യം. ആദ്യ മാസം തന്നെ മൂന്ന് കോടിയിലധികം സൗജന്യ യാത്രകളാണ് പ്രിയദർശിനി വഴി നടന്നത്. ഇതിനു പിന്നാലെയുള്ള പിങ്ക് ബസ് സർവീസും സ്ത്രീകളുടെ സുരക്ഷയ്ക്കും യാത്രാ സൗകര്യത്തിനും ഉതകുന്നതാണ് എന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ.