"ലോജിക്കില്ലാത്ത സങ്കൽപ്പങ്ങളുടെ അനന്തസാദ്ധ്യതകളാണ് ഓരോ കവിതയെങ്കിലും അതിലൊരു ആഭ്യന്തര ലോജിക്കുണ്ടെന്ന തോന്നൽ കവിത സൃഷ്ടിക്കും ": പി.ബി. ഹൃഷികേശൻ

മുംബൈ: ലോജിക്കില്ലാത്ത സങ്കൽപ്പങ്ങളുടെ അനന്തസാദ്ധ്യതകളാണ് ഓരോ കവിതഎന്നും, എന്നാൽ അതിൽ തന്നെ ഒരു ആഭ്യന്തര ലോജിക് ഉണ്ടെന്ന തോന്നൽ കവിത സൃഷ്ടിക്കുമെന്നും മലയാളത്തിലെ പ്രമുഖ ആധുനിക കവിയും ആണവോർജ്ജവകുപ്പിൽ സയന്റിഫിക് ഓഫീ​സറുമായിരുന്ന പി.ബി. ഹൃഷികേശൻ. കണക്കുകളുടെയും കൃത്യതയുടെയും അറിവായ സയൻസിൻ്റെ  അതിരുകൾ അവസാനിക്കുന്നിടത്താണ് കവിതയുടെ ലോകം ആരംഭിക്കുന്നതെന്നും എന്നാൽ  കവിത, സയൻസു പോലെ എല്ലായിടത്തും ഒരുപോലെയാവുന്നില്ല, എന്നും അദ്ദേഹം പറഞ്ഞു.

. നവിമുംബൈയിലെ 'സീവുഡ്സ് മലയാളി സമാജത്തി'ൻ്റെ  ഇരുപത്തിനാലാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹൃഷികേശൻ. മഹാനഗര സാഹചര്യത്തിൽ അർത്ഥപൂർണ്ണവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾ നടത്തി വരികയാൽ  സമാജത്തിൻ്റെ ഇരുപത്തിനാലാം വാർഷികം വൈവിധ്യവും തനിമയും കൊണ്ട് ശ്രദ്ധേയമായതായി അദ്ദേഹം അഭിപ്രായപ്പെട്ടു. നെരൂൾ അഗ്രി കോളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ, സമാജത്തിലെ മുതിർന്ന പൗരന്മാരെ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ആദരിച്ചു.  ചടങ്ങിൽ പ്രസിഡണ്ട് ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജീവ് നായർ സ്വാഗതം പറഞ്ഞു. കൺവീനർമാരായ ഉഷ ശ്രീകാന്ത്, സജീവൻ നായർ, ട്രഷറർ അജിതാകുമാരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തിരുവനന്തപുരത്തെ ഫേവറേറ്റ് ഹോംസിന്റെ പ്രതിനിധികളായ നീതു ബി.എസ്, അഞ്ജലി പിള്ള എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.തുടർന്ന് നവീൻ പാലക്കാട് നയിച്ച ഹാസ്യസന്ധ്യയും ഗാനമേളയും അരങ്ങേറി.