കേരളീയസമാജം ഡോംബിവ്ലിയുടെ തുഞ്ചൻ സ്മാരക പുരസ്ക്കാരം പ്രേമൻ ഇല്ലത്തിന്
മുംബൈ: പ്രശസ്ത എഴുത്തുകാരൻ പ്രേമൻ ഇല്ലത്ത് രചിച്ച ‘നഗരത്തിൻ്റെ മാനിഫെസ്റ്റോ’ എന്ന നോവലിന് കേരളീയ സമാജം ഡോംബിവ്ലിഏർപ്പെടുത്തിയ 'തുഞ്ചൻ പുരസ്ക്കാരം'. 25,000 രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്കാരമായി ലഭിക്കുക. നാളെ(ജൂൺ 21)രാവിലെ ഡോംബിവ്ലി ഈസ്റ്റ് (കമ്പൽപാഡ) മോഡൽകോളേജിൽ നടക്കുന്ന 'തുഞ്ചൻ സാഹിത്യോത്സവ'ത്തിൽ വെച്ച് ജയകുമാർ ഐഎഎസ് പുരസ്ക്കാരം സമ്മാനിക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.
മുംബൈ (ബോംബെ ) ഇതിവൃത്തമായി രചിക്കപ്പെട്ട നോവലാണ് ‘നഗരത്തിൻ്റെ മാനിഫെസ്റ്റോ’.കാലവും സമയവും കൃത്യമായി ഒരു ക്ലോക്കിൻ്റെ സൂചി പോലെ കറങ്ങിക്കൊണ്ടിരിക്കുന്ന, ഇന്ത്യയിലെ ഏറ്റവും പ്രാചീനവും ആധുനികവുമായ മുംബൈയുടെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരുടെ കഥയാണ് ഈ നോവൽ പറയുന്നത്. രാജ്യത്തിൻ്റെ സ്വാതന്ത്ര്യസമര ചരിത്രവും വ്യവസായികവികാസത്തിൻ്റെ യും അധോലോകത്തിൻ്റെയും ചരിത്രവും വായിച്ചെടുക്കാവുന്ന മുംബൈയിലൂടെ ബഹുസ്വരതയുടെ സംസ്കാരം ആര്‍ജ്ജിച്ചെടുക്കുന്നതെങ്ങനെയെന്ന് പ്രേമൻ ഇല്ലത്ത് ഈ നോവലിലൂടെ പറയുകയാണ്. മനുഷ്യരുടെ വിശപ്പിൻ്റെയും ദാഹത്തിൻ്റെയും പ്രണയത്തിൻ്റെയും കലഹത്തിൻ്റെയും സ്പര്‍ശവും നോവലിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.ഈ സവിശേഷതകളാണ് പുരസ്കാരത്തിന് കൃതി അർഹമാക്കിയതെന്ന് ജൂറി വിലയിരുത്തുന്നു.
നഗരത്തിന്റെ മാനിഫെസ്റ്റോ, പുറത്താക്കപ്പെട്ടവറുടെ പുസ്തകം, അധിനിവേശ കാലത്തെ പ്രണയം തുടങ്ങിയ രചനകളിലൂടെ ശ്രദ്ധേയനായ പ്രേമൻ ഇല്ലത്ത് മുംബൈയിൽ സ്ഥിരതാമസമാക്കിയ എഴുത്തുകാരനാണ്.ഡോക്ടർ ശിവരാമ കാരന്ത് പുരസ്കാരം, മഹാകവി പി സാഹിത്യ പുരസ്കാരം, ഇന്ത്യൻ അസോസിയേഷൻ ഷാർജ നോവൽ പുരസ്കാരം, ജനശക്തി മുംബൈ പുരസ്കാരം, വേവ്സ് കണ്ണൂരിൻ്റെ 'ഡോ.സുകുമാർ അഴീക്കോട് പുരസ്കാരംഎന്നിവ ലഭിച്ചിട്ടുണ്ട്. പ്രേമൻ ഇല്ലത്തിൻ്റെ പുസ്തകങ്ങൾ ഇംഗ്ലീഷിലും, അറബിയിലും, കന്നഡയിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

തുഞ്ചൻ സാഹിത്യോത്സവം -2026 നാളെ
കേരളീയസമാജം ഡോംബിവ്ലിയുടെ തുഞ്ചൻസ്മാരക സാഹിത്യോത്സവം പ്രമുഖ എഴുത്തുകാരൻ ടി.ഡി.രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും.വിവിധവിഷയത്തിലുള്ള സെമിനാറുകളും പ്രഭാഷണവും ടി.ഡി.രാമകൃഷ്ണൻ,കെ.ജയകുമാർ ഐ എ എസ് ,ടി.കെ.സുരേഷ്ബാബു എന്നിവർ നയിക്കും.എം.ജി .അരുൺ (മാനേജിംഗ് എഡിറ്റർ ,ഇന്ത്യാടുഡേ )കെ.രാജൻ (സാഹിത്യസാംസ്കാരിക പ്രവർത്തകൻ )എന്നിവർ മോഡറേറ്റർമാരായിരിക്കും.തുഞ്ചൻ സ്മാരക പുരസ്കാര സമർപ്പണം ,സാഹിത്യ ചർച്ച ,മഹാരാഷ്ട്രയിലെ മലയാളി സാഹിത്യപതിഭകളുടെ എഴുത്തനുഭവങ്ങൾ പങ്കുവെക്കൽ എന്നിവയുണ്ടായിരിക്കുമെന്ന് സമാജം ഭരണസമിതി അറിയിച്ചു. നോവലിസ്റ്റ് ബാലകൃഷ്ണൻ അദ്ധ്യക്ഷതവഹിക്കുന്ന സാഹിത്യചർച്ച എഴുത്തുകാരനും നിരൂപകനുമായ സന്തോഷ് പല്ലശ്ശന ഉദ്ഘാടനംചെയ്യും. ചർച്ചാവേദിയിൽ പ്രവാസിയെഴുത്തുകാർ എഴുത്തനുഭവങ്ങൾ പങ്കിടും

