ബോബെ കേരളീയ സമാജം വിഷു ആഘോഷിച്ചു
മുംബൈ :ബോബെ കേരളീയ സമാജത്തിൻ്റെ വിഷു ആഘോഷവും സമാജത്തിൻ്റെ മുഖപ്രസിദ്ധീകരണമായ വിശാലകേരളത്തിൻ്റെ പ്രകാശനവും മാട്ടുംഗയിലെ കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ നടന്നു.

ഭദ്രദീപ പ്രോജ്വലനത്തോടെ സമാരംഭിച്ച പരിപാടിയിൽ സമാജം വൈസ് പ്രസിഡണ്ട് ക്യാപ്റ്റൻ കെ. ദേവദാസ് അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി എ. ആർ. ദേവദാസ് നടത്തിയ സ്വാഗതപ്രഭാഷണത്തിൽ സമാജത്തിൻ്റെ പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു.ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മുംബൈ ജഹാംഗീർ ആർട്ട് ഗാലറി സെക്രട്ടറി കാർത്യായനി. ജി.മേനോനെ വൈസ് പ്രസിഡണ്ടും സെക്രട്ടറിയും വനിതാ വിഭാഗം കൺവീനർ ജ്യോതിർമയിയും ചേർന്ന് പൊന്നാടയും ഫലകവും നൽകി ആദരിച്ചു. ഫ്ലവേഴ്‌സ് ടി.വി ടൈറ്റിൽ 5 വിന്നറും പ്രശസ്ത ഗായകനുമായ ശിവശങ്കർ കൃഷ്ണയെ കലാവിഭാഗം കൺവീനർ ഹരികുമാർ കുറുപ്പും മുഖ്യാതിഥിയും ചേർന്ന് ആദരിച്ചു .

'വിശാല കേരളം'വിഷുപതിപ്പിൻ്റെ പ്രകാശനം മുഖ്യാതിഥിയും സമാജം ഭാരവാഹികളും ചേർന്ന് നിർവഹിച്ചു. ട്രഷറർ എം.വി. രവിയും ചടങ്ങിൽ സംബന്ധിച്ചു. ശിവശങ്കറിൻ്റെ ഗാനങ്ങൾക്കൊപ്പം സമാജം സംഗീത വേദി ഗായകർ അവതരിപ്പിച്ച ഗാനങ്ങളും നൃത്തവേദി അംഗങ്ങൾ അവരിപ്പിച്ച നൃത്ത ശിൽപ്പങ്ങളും അരങ്ങേറി. കലാകാരന്മാർക്ക് മുഖ്യാതിഥി ഫലകങ്ങൾ നൽകി. മധുനമ്പ്യാർ, സെബാസ്റ്റ്യൻ,ശ്യാംലാൽ പരിപാടി നിയന്ത്രിച്ചു. വിഷു കൈനീട്ടവും അത്താഴവും ഉണ്ടായിരുന്നു.ജോ : സെക്രട്ടറി ടി. എ. ശശി നന്ദിപറഞ്ഞു

