ഗൃഹാതുരതയുണർത്തുന്ന ഗ്രാമചന്തയുമായി വീണ്ടും സീവുഡ്സ് മലയാളി സമാജം

മുംബൈ: ഇരുപത്തിയഞ്ചാം വാർഷികത്തിനോടനുബന്ധിച്ച് സീവുഡ്‌സ് മലയാളി സമാജം (നവിമുംബൈ)ഗൃഹാതുരത്വത്തിൻ്റെ മധുരം വിളമ്പുന്ന അതിവിപുലമായ ഗ്രാമ ചന്ത ഒരുക്കുന്നു.ജൂൺ ആറിന് വെകിട്ട് നാലരയോടെ സീവുഡ്‌സ് സെക്ടർ 48 ലെ ഗണേശ് മൈതാനത്തിൽ കേരളീയതയുടെ വൈവിധ്യമാർന്ന ദൃശ്യാനുഭവ ചാരുതകൾ പകർന്ന് ഗ്രാമച്ചന്ത സജീവമാകും.
.എഴുപതുകളേയും എൺപതുകളേയും അനുസ്‌മരിപ്പിക്കുന്ന ചായക്കടയും പായസക്കടയും തുടങ്ങി കഞ്ഞിയും കപ്പയും പാനീയങ്ങളും മീനും ചമയങ്ങളും വിൽക്കുന്ന കടകളിലേക്ക് നിരവധി മലയാളികളും അന്യഭാഷാ കുതുകികളും എത്തും.
ഗ്രാമ ചന്തയിലെ 'കവല 'യിൽ അരങ്ങേറുന്ന കളരിപ്പയറ്റ് ഇത്തവണ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റും. ഇരു ദേശങ്ങളിലെ തർക്കം തീർക്കാൻ രണ്ടു ദേശത്തെ ചേകവർ വാശിയേറിയ കളരിപ്പയറ്റു നടത്തുന്ന മട്ടിലാണ് ഈ കായികാഭ്യാസം അരങ്ങേറുക. ഒമ്പതരയ്ക്കവസാനിക്കുന്ന ഗ്രാമ ചന്തയിൽ നാല് അങ്കങ്ങളുണ്ടാവും.കൂടാതെ ഇത്തവണ പഞ്ചഗുസ്‌തിയും ഗ്രാമ ചന്തയെ സവിശേഷമാക്കും.
കുളിക്കടവും ഊഞ്ഞാലും ഗ്രന്ഥാലയവുമടക്കമുള്ള നാടൻ കാഴ്ച്ചകൾ ഗ്രാമച്ചന്തയിലെത്തുന്നവർക്ക് ജന്മദേശത്ത് എത്തിയ അനുഭൂതി സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.പഴയ ഗാനങ്ങൾ അണിനിരക്കുന്ന ഗാനമേളയും എൺപതുകളെ ഓർമ്മിപ്പിക്കുന്ന ഭാഗ്യക്കുറിയും ഗ്രാമ ചന്തയുടെ മാറ്റ് കൂട്ടും.മൈതാനത്ത് ചെറിയ ടിക്കറ്റ് നിരക്കിൽ നാടകവും അരങ്ങേറും. ഭൂതകാല കുളിരും നവീന ലോകത്തിൻ്റെ അഭിലാഷങ്ങളും ഇഴചേരുന്ന മട്ടിലാണ് മഹാനഗരത്തിൽ നിരവധി വേറിട്ട പരിപാടികൾ ഒരുക്കിയ സീവുഡ്സ് മലയാളി സമാജം ഗ്രാമ ചന്തയൊരുക്കുന്നത്. സീവുഡ്‌സ് മലയാളി സമാജത്തിൻ്റെ രജതജൂബിലി ആഘോഷങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഇനമായിരിക്കും ഗ്രാമ ചന്ത.
പ്ലാസ്‌റ്റിക് വിമുക്തമായ ഗ്രാമ ചന്തയൊരുക്കാനാണ് ഈ വേസ്റ്റ് സമാഹരണം വഴി സമാജങ്ങൾക്ക് മാതൃകയായ സീവുഡ്സ് മലയളി സമാജം ശ്രമിക്കുന്നത്. ഇതിനായി സമാജം പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കാനായി മേൽത്തരം തുണി സഞ്ചികൾ ലഭ്യമാക്കുമെന്നും സംഘാടകർ പറഞ്ഞു
പുതിയ തലമുറക്ക് കേരളത്തിൻ്റെ വിപണിയുടെ നാൾവഴികൾ പരിചയപ്പെടുത്തുന്ന ഗ്രാമച്ചന്ത മുതിർന്നവരിൽ ഓർമ്മകളുടെ വസന്തം സൃഷ്‌ടിക്കുമെന്നും സമാജം ഭാരവാഹികൾ പറയുന്നു..
പ്രവേശനം തികച്ചും സൗജന്യമാണ്.
വിവരങ്ങൾക്ക് :
Shashi Nair – 9967063280
PGR Nair – 9004470324