ഇടതുപക്ഷം തകരട്ടെ,മുടിയട്ടെയെന്ന് കേരളം പറയില്ല, പരാജയം സ്നേഹപൂർവം നൽകിയ മുന്നറിയിപ്പ് : ബിനോയ് വിശ്വം

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആരും പ്രതീക്ഷിക്കാത്ത പരാജയമാണ് ഉണ്ടാതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷം തകരട്ടെയെന്നും മുടിയട്ടെയെന്നും കേരളം പറയില്ല. അവർ സ്നേഹപൂർവം മുന്നറിയിപ്പ് നൽകിയതാണ്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് മുന്നോട്ട് പോകണമെന്നും പിഴവുകളും കുറ്റങ്ങളും തിരുത്തി മുന്നോട്ട് പോകാൻ സജ്ജമാകണമെന്നും ജനം പറഞ്ഞുവെന്നാണ് തന്റെ പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഇടതുപക്ഷത്തിന്റെ സാന്നിധ്യം ഉണ്ടായേ തീരൂ. മതനിരപേക്ഷതയും ജനാധിപത്യവും പൗരാവകാശവും എല്ലാം വെല്ലുവിളിക്കപ്പെടുകയാണ്. സാമ്രാജത്വവും ട്രംപും പറയുന്ന കൽപ്പനകൾ എല്ലാം അനുസരിക്കുന്ന ദാസനായി മോദി മാറികഴിഞ്ഞു. ആ ചുറ്റുപാടിൽ ജനങ്ങൾക്ക് മേൽ പുതിയ പുതിയ ആക്രമണങ്ങളും മർദ്ദനങ്ങളും അടിച്ചമർത്തലുകളും ഉണ്ടാകും. അത് കൊണ്ട് ജനങ്ങൾക്കൊപ്പം നിൽക്കാൻ, അവർക്ക് വേണ്ടി പോരടിക്കാൻ, ന്യൂനപക്ഷ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ, ദളിതരെ, ആദിവാസികളെ, സ്ത്രീകളെ, ചെറുപ്പക്കാരെ, വിദ്യാർഥികളെയെല്ലാം സംഘടിപ്പിക്കാനും അവരുടെ അവകാശപാതയിൽ പോരാടാനും ഇവിടെ ഇന്നുള്ളതിലും ശക്തമായ ഇടതുപക്ഷം വേണമെന്ന് ഈ കാലം പറയുന്നുണ്ട്. അതുകൊണ്ട് പാഠങ്ങൾ പഠിച്ച് ശക്തിപ്പെട്ടേ മതിയാവൂ എന്ന് തങ്ങൾക്കറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന് ആവർത്തിച്ച് ബിനോയ് വിശ്വം
പ്രതിപക്ഷ ഉപനേതാവ് പദവി വേണം എന്നതിൽ വിട്ടു വീഴ്ച ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം സാങ്കേതിക കാരണങ്ങളാണ് പറയുന്നതെന്നും ചിലത് മാറണമെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ നേതാവ് ആരാണെന്നത് സിപിഎം തീരുമാനിക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.വ്യക്തിപൂജ തിരിച്ചടിയായെന്നത് ലോക ചരിത്രത്തിൽ നിന്നും പാർട്ടി പഠിച്ച വലിയ പാഠം ആണെന്നും വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കിൽ വലിയ പിഴവ് ആണെന്നും ബിനോയ് വിശ്വം പറഞ്ഞു. ആശ സമരത്തിൽ തൊഴിലാളികളെ അധിക്ഷേപിച്ചത് വലിയ തെറ്റാണ്. തൊഴിലാളി സമരങ്ങളെ അധിക്ഷേപിക്കുന്നത് കമ്മ്യൂണിസ്റ്റ് പാരമ്പര്യമല്ല. തെരഞ്ഞെടുപ്പ് തോൽവി ജനങ്ങളുടെ മുന്നറിയിപ്പ് ആണ്. പിഴവുകൾ തിരുത്തി മുന്നോട്ട് വന്നേ മതിയാകൂവെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം, സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തെ മാറ്റത്തെ കുറിച്ചും ബിനോയ് വിശ്വം പ്രതികരിച്ചു. താൻ മാറണമെന്ന് ഫേസ്ബുക്കിൽ ചിലർ പറഞ്ഞിട്ട് കാര്യമില്ലെന്നും കമ്മ്യൂണിസ്റ്റ് രീതി അതല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. നേതൃമാറ്റ ആവശ്യം ഉയർന്നിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.