തമിഴകത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റ് വിജയ്, ആശംസകളറിയിച്ച് പ്രമുഖർ
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് വിജയ് അധികാരമേറ്റു. അഞ്ച് ദിവസമായി നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ഗവർണറുമായുള്ള നിർണായക കൂടിക്കാഴ്‌ചകൾക്കും സഖ്യകക്ഷികളുമായുള്ള ചർച്ചകൾക്കുമൊടുവിലാണ് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി ഇന്ന് സ്ഥാനമേറ്റത്.ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു. വിജയ്‌ക്കൊപ്പം മറ്റ് ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലെത്തി. എൻ ആനന്ദ്, ആദവ് അർജുന, കെ എ സെങ്കൊട്ടയ്യൻ, കെജി അനുരാജ്, പി വെങ്കടരമണൻ, ആർ നിർമ്മൽ കുമാർ, രാജ്‌മോഹൻ, ടികെ പ്രഭു, എസ് കീർത്തന എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി മെഡിക്കൽ ആൻഡ് വെൽഫെയർ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സെന്തിൽകുമാറിനെയും അഡീഷണൽ സെക്രട്ടറിയായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ ലക്ഷ്‌മി പ്രിയയെയും നിയമിച്ചു. വന്ദേമാതരം ആലപിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ആരംഭം കുറിച്ചത്. ചുമതലയേറ്റ ശേഷം ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വിജയ് നടത്തിയ തൻ്റെ ആദ്യ പ്രസംഗത്തിൽ, 'യഥാർഥ മതേതരത്വത്തിലും സാമൂഹിക നീതിയിലും' അധിഷ്ഠിതമായ ഒരു ഭരണത്തിന് തുടക്കമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ഭരണത്തിൽ താനല്ലാതെ മറ്റൊരു അധികാര കേന്ദ്രവും ഉണ്ടാകില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. താൻ മാത്രമായിരിക്കും ഏക അധികാര കേന്ദ്രം. സർക്കാർ രൂപീകരിക്കാൻ പിന്തുണ നൽകിയ കോൺഗ്രസ്, വിസികെ, ഐയുഎംഎൽ, ഇടത് പാർട്ടികൾ എന്നിവർക്ക് അദ്ദേഹം നന്ദി അറിയിച്ചു. കുട്ടികളോടുള്ള പ്രത്യേക നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു. കുട്ടികൾ തങ്ങളുടെ കുടുംബങ്ങളെ പ്രേരിപ്പിച്ച് വോട്ട് ചെയ്യിപ്പിച്ചത് കൊണ്ടാണ് ടിവികെ വിജയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വാഗ്‌ദാനങ്ങള്‍ പാലിക്കുമെന്ന് വിജയ്
മുഖ്യമന്ത്രിയായ അധികാരമേറ്റതിനു ശേഷം പ്രചാരണ ഘട്ടത്തിലെ എല്ലാ വാഗ്‌ദാനങ്ങളും നടപ്പിലാക്കുമെന്ന് വിജയ് ജനങ്ങൾക്ക് ഉറപ്പ് നൽകി. പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാകും ആദ്യം നടപ്പാക്കുക. 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ലഹരി വിരുദ്ധ ടാസ്‌ക് ഫോഴ്‌സ്, സ്‌ത്രീ സുരക്ഷാ സ്‌ക്വാഡ് എന്നിവയാണ് ആദ്യം നടപ്പാക്കാൻ പോകുന്നവയെന്ന് അദ്ദേഹം പറഞ്ഞു.ഇതിൻ്റെ ഭാഗമായി ചുമതലയേറ്റ ഉടൻ വിജയ് നിർണായകമായ ഈ ഉത്തരവുകളിൽ ഒപ്പുവച്ചു. ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക സേന രൂപീകരിക്കൽ, സംസ്ഥാനത്തുടനീളം മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള വിരുദ്ധ വിഭാഗങ്ങൾ എന്നിവ സജ്ജമാക്കുന്നതിനുള്ള ഫയലുകളിലാണ് ആദ്യം ഒപ്പുവച്ചത്. " ഇന്ന് മുതൽ, മയക്കുമരുന്ന് ദുരുപയോഗം നിയന്ത്രിക്കുന്നതിനായുള്ള ശക്തമായ നടപടികൾ ഞാൻ ആരംഭിക്കും. നമ്മുടെ കുട്ടികളെ അതിൽ നിന്ന് രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതുപോലെ ക്രമസമാധാനം ഉറപ്പാക്കുകയും എല്ലാവർക്കും സുരക്ഷ ഉറപ്പാക്കുകയും ചെയ്യും", വിജയ് വ്യക്തമാക്കി.
"ചിലർ എന്നെ അപമാനിച്ചേക്കാം. എന്നാൽ നിങ്ങൾ എൻ്റെ സുഹ്യത്തുകളോ ശത്രുകളോ ആരുമാകട്ടെ. ഈ എട്ട് കോടി ആളുകളും എൻ്റെ ജനങ്ങളാണ്. കർഷകർ, മത്സ്യത്തൊഴിലാളി തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഞങ്ങളുടെ ടിവകെ സർക്കാർ പരിപാലിക്കും", മുഖ്യമന്ത്രി പറഞ്ഞു. "സിനിമയെല്ലാം ഉപേക്ഷിച്ച് രാഷ്‌ട്രിയത്തിലേക്ക് ഞാൻ പ്രവേശിച്ചപ്പോൾ നിങ്ങൾ ഇരുകൈയും നീട്ടി എന്നെ സ്വീകരിച്ചു. ആ നിങ്ങളോടുള്ള കടപ്പാടും നന്ദിയും ഞാൻ വീട്ടും. ഈ നിമിഷത്തിൽ ഈ യാത്രയിൽ ഒരുപാട് അപമാനങ്ങൾ ഞാൻ നേരിട്ടു. എന്നാൽ നിങ്ങൾ എനിക്കൊപ്പം നിന്നു. എല്ലാം ബുദ്ധിമുട്ടുകളും അപമാനങ്ങളും എനിക്ക് വേണ്ടി സഹിച്ചു".എൻ്റെ വേദന നിങ്ങളുടേതായി കണാക്കാക്കി. മുഴുവൻ സമയവും എൻ്റെ കൂടെ നിന്നുവെന്നും അദ്ദേഹം പറഞ്ഞു. സഖ്യക്ഷികളുടെ സഹായത്തോടെ അധികാരത്തിലേറാൻ സാധിച്ചതിൽ ഓരോർത്തരുടെയും പേരെടുത്ത് നന്ദി വിജയ് പറഞ്ഞു. കെ സി വേണുഗോപാലിനും, എം എ ബേബിയ്‌ക്കുമടക്കം നന്ദി പറഞ്ഞു. ജനങ്ങളോടൊപ്പം സെൽഫി എടുത്തും തമിഴ് ജനതയ്‌ക്ക് കോടാനുകോടി നന്ദി പറഞ്ഞുമാണ് വിജയ് പ്രസംഗം അവസാനിപ്പിച്ചത്.
ആശംസകളറിയിച്ച് നേതാക്കൾ
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം നിരവധിപേർ തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ വിജയ്‌ക്ക് ആസംസകളറിയിച്ചു. അദ്ദേഹത്തിൻ്റെ ഭരണ കാലാവധി മികച്ചതായിരിക്കട്ടെയെന്നും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ തമിഴ്‌നാട് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും മോദി എക്‌സ് പോസ്റ്റിൽ കുറിച്ചു. തമിഴിലാണ് അഭിനന്ദനക്കുറിപ്പ് അദ്ദേഹം പങ്കുവച്ചത്.മുഖ്യമന്ത്രി വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷം രാഹുൽ ഗാന്ധി ചെന്നൈയിലെ സത്യമൂർത്തി ഭവനിൽ എത്തി പാർട്ടിയിലെ പ്രധാന അംഗങ്ങളുമായി ഹ്രസ്വമായ കൂടിയാലോചനകൾ നടത്തി. തുടർന്ന് അദ്ദേഹം ചെന്നൈ വിമാനത്താവളത്തിലെത്തി ഇൻഡിഗോ എയർലൈൻസിൻ്റെ പാസഞ്ചർ വിമാനത്തിൽ ഡൽഹിയിലേക്ക് പുറപ്പെട്ടു. തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സെൽവപ്പെരുന്തഗൈ, സീനിയർ ഓഫീസർ ഗിരീഷ് ചോഡങ്കർ തുടങ്ങിയവർ അദ്ദേഹത്തെ യാത്രയയച്ചു.
ഒപ്പം അഭിനന്ദനക്കുറിപ്പും എക്‌സിൽ പങ്കുവച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് അഭിനന്ദനങ്ങൾ എന്നാണ് എക്‌സിൽ രാഹുൽ ഗാന്ധി കുറിച്ചത്. ''ഒരു പുതിയ തലമുറ... ഒരു പുതിയ ശബ്‌ദം... വിജയ്‌ക്ക് എല്ലാ ആശംസകളും. തമിഴ്‌നാട്ടിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ അദ്ദേഹം നിറവേറ്റും," രാഹുൽ ഗാന്ധി പോസ്റ്റ് ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം എടുത്ത ഫോട്ടോകളും അദ്ദേഹം പങ്കുവെച്ചു.തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത വിജയ്ക്ക് ശ്രീലങ്കൻ പ്രസിഡൻ്റും ആശംസകൾ അറിയിച്ചു. "തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത സി. ജോസഫ് വിജയ്ക്ക് അഭിനന്ദനങ്ങൾ. ചരിത്രം, സംസ്‌കാരം, വ്യവസായം, തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ആളുകൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധം എന്നിവയാൽ ശ്രീലങ്കയും തമിഴ്‌നാടും ഒന്നിച്ചിരിക്കുന്നു. ശക്തമായ ഇന്ത്യ-ശ്രീലങ്ക പങ്കാളിത്തത്തിൻ്റെ ചട്ടക്കൂടിനുള്ളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ശ്രീലങ്കയിലെ ജനങ്ങളുടെ പേരിൽ, നിങ്ങൾക്കും തമിഴ്‌നാട് ജനതയ്ക്കും എല്ലാ വിജയങ്ങളും നേരുന്നു," അരുണ കുമാര എക്‌സിൽ കുറിച്ചു.
വിമർശനങ്ങളും വിവാദ ചർച്ചകളും
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതിന് പിന്നാലെ വിജയ് നടത്തിയ പ്രഖ്യാപനങ്ങളും മുൻ സർക്കാരിനെതിരെയുള്ള വിമർശനങ്ങളും വിവാദ ചർച്ചകൾക്ക് വഴിയൊരുക്കി. സത്യപ്രതിജ്ഞ ചെയ്‌ത് മുഖ്യമന്ത്രി പദം സ്വീകരിച്ചതിന് തൊട്ടുപിന്നാലെ ഖജനാവ് കാലിയാണെന്ന പരാമർശമാണ് വിജയ് ഉന്നയിച്ചത്. എന്നാൽ പരാമർശം വന്ന് മിനിട്ടുകള്‍ക്കകം മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മറുപടിയും നൽകുകയായിരുന്നു.
തമിഴ്‌നാടിൻ്റെ കടം പരിധിക്കുള്ളിലാണെന്നും അനാവശ്യ വാഗ്‌ദാനങ്ങള്‍ നൽകി ജനങ്ങളെ വഞ്ചിക്കരുതെന്ന് സ്റ്റാലിൻ മറുപടി നൽകി. ഒപ്പം മുൻ സർക്കാർ നേരിട്ട വെല്ലുവിളികളും അതിജീവനവും എണ്ണിപ്പറഞ്ഞാണ് സ്റ്റാലിൻ്റെ മറുപടി പറഞ്ഞത്. ''തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്ക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അധികാരമേറ്റ ശേഷം നിങ്ങൾ ഒപ്പിട്ട പ്രഖ്യാപനങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു. നിങ്ങൾ അത് ഏറ്റെടുത്ത ഉടൻ തന്നെ സർക്കാരിന് പണമില്ലെന്ന് പറയാൻ തുടങ്ങരുത്".ജനങ്ങൾക്ക് നൽകാൻ നിങ്ങൾക്ക് ഇച്ഛാശക്തിയും ഭരിക്കാനുള്ള കഴിവും മാത്രമേ ആവശ്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ടിവികെ ഡിഎംകെ സൈബർ പോരും കടുക്കുകയാണ്. അണ്ണൻ വിജയ് പക്ഷവും മുൻ മുതലമൈച്ചർ സ്റ്റാലിൻ പക്ഷവും സൈബറിടങ്ങളിൽ ചേരി തിരിഞ്ഞ് ആക്രമണം നടത്തുകയാണ്. മാസ് ബിജിഎം ഇട്ട വിജയ് റീലുകള്‍ക്ക് താഴെ കമൻ്റ് ബോക്‌സിലാണ് പോര് കടുക്കുന്നത്.


