22-കാരിയെ കഴുത്തറുത്തും തല തകർത്തും മുൻ കാമുകൻ കൊലപ്പെടുത്തി

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ ഇരുപത്തിരണ്ടുകാരിയായ യുവതിയെ മുൻ കാമുകൻ അതിക്രൂരമായി കൊലപ്പെടുത്തി. ലഖ്‌നൗവിലെ സുശാന്ത് ഗോൾഫ് സിറ്റിയിലെ വിജനമായ വനമേഖലയിലാണ് കൊല്ലപ്പെട്ട ശിവാനി എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജീവനക്കാരിയായിരുന്ന ശിവാനിയുടെ വിവാഹനിശ്ചയം മേയ് 14-നാണ് പ്രകാശ് എന്ന യുവാവുമായി നടന്നത്. വീട്ടിൽ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുന്നതിനിടയിലാണ് ഈ ദാരുണ സംഭവം. ഞായറാഴ്ച രാവിലെ ഓഫീസിലെ ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ശിവാനി രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് കാട്ടിൽ കണ്ടെത്തിയ മൃതദേഹം അമ്മയാണ് ശിവാനിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.
കേസ് അന്വേഷണത്തിനായി രൂപീകരിച്ച നാല് പ്രത്യേക പോലീസ് സംഘങ്ങൾ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചതിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്. ലഖ്‌നൗവിൽ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന ബീഹാർ സ്വദേശിയായ പ്രേം കുമാർ മാഞ്ചി (23) എന്ന യുവാവാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം പൂർണ്ണമായി സമ്മതിച്ചു. കഴിഞ്ഞ ഏഴെട്ട് വർഷമായി ശിവാനിയെ തനിക്ക് അറിയാമായിരുന്നുവെന്നും, എന്നാൽ കഴിഞ്ഞ ആറുമാസമായി ശിവാനിക്ക് അവളുടെ ഓഫീസിലെ സഹപ്രവർത്തകനായ മനീഷ് എന്നയാളുമായി ഉണ്ടായിരുന്ന സൗഹൃദമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.ഞായറാഴ്ച രാവിലെ ശിവാനിയെ തന്റെ മോട്ടോർ സൈക്കിളിൽ കയറ്റി ആവാസ് വികാസ് കോളനിക്ക് സമീപമുള്ള വനമേഖലയിലേക്ക് പ്രേം കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ച് റബ്ബർ പൈപ്പ് ഉപയോഗിച്ച് ശിവാനിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടിലേക്ക് വലിച്ചിഴച്ചു. തുടർന്ന് മരണം ഉറപ്പാക്കാനും മുഖം വികൃതമാക്കാനുമായി അവിടെയുണ്ടായിരുന്ന സിമന്റ് കട്ട ഉപയോഗിച്ച് അവളുടെ തല അടിച്ചുതകർത്തു. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി ശിവാനിയുടെ മൊബൈൽ ഫോൺ പ്രതി അടുത്തുള്ള കനാലിലേക്ക് എറിഞ്ഞു കളയുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിലടച്ചതായും കൊലപാതകത്തിന് ഉപയോഗിച്ച സിമന്റ് കട്ട കണ്ടെടുത്തതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അമിത് കുമാർ ആനന്ദ് വ്യക്തമാക്കി.