സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് 4 തൊഴിലാളികൾ മരിച്ചു

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാല് ശുചീകരണ തൊഴിലാളികൾ ദാരുണമായി മരണപ്പെട്ടു . സൂറത്തിലെ അശ്വിനി കുമാറിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്വർണാഭരണ നിർമ്മാണ യൂണിറ്റിലാണ് സംഭവം. സ്വർണ്ണം ശുദ്ധീകരിക്കുന്ന പ്രക്രിയയ്ക്കിടെ പുറന്തള്ളുന്ന രാസമാലിന്യങ്ങൾ ശേഖരിക്കാനായി നിർമ്മിച്ചിട്ടുള്ള പ്രത്യേക ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. സാധാരണയായി രണ്ട് മാസത്തിലൊരിക്കലാണ് ഈ ടാങ്ക് വൃത്തിയാക്കാറുള്ളത്.ഇന്ന് രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ടാങ്ക് വൃത്തിയാക്കുന്നതിനായി ഒരു സൂപ്പർവൈസറും മൂന്ന് തൊഴിലാളികളുമടങ്ങുന്ന നാലംഗ സംഘം ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ, മൂടി തുറന്ന് ഉള്ളിലേക്ക് കടന്നയുടൻ തന്നെ ടാങ്കിൽ വൻതോതിൽ നിറഞ്ഞുനിന്നിരുന്ന മാരകമായ വിഷവാതകം ശ്വസിച്ച് നാല് പേരും നിമിഷങ്ങൾക്കകം കുഴഞ്ഞുവീഴുകയായിരുന്നു. ശ്വാസംമുട്ടിയാണ് നാലുപേരും മരണപ്പെട്ടതെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്.