41-കാരിയെ 10 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ പിടിയിൽ

ദാവൻഗരെ: കർണാടകയിലെ ദാവൻഗരെയിൽ 41-കാരിയായ സ്ത്രീ കൂട്ടബലാത്സംഗത്തിനിരയായി. ബസവപട്ടണ പോലീസ് സ്റ്റേഷൻ പരിധിയിൽ ജൂൺ മൂന്നിനാണ് സംഭവം നടന്നത്. സംഭവത്തിൽ ഉൾപ്പെട്ട പത്ത് പേരെയും പോലീസ് പിടികൂടി.ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് മാതാപിതാക്കളുടെ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ പ്രതികൾ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് നിർബന്ധിച്ച് മദ്യം നൽകി അവശയാക്കിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പീഡനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.ദൃശ്യങ്ങൾ വൈറലായതിനെത്തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് സൂപ്രണ്ട് ശേഖർ എച്ച്.ടി അറിയിച്ചു. എല്ലാ പ്രതികളെയും ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയും നിലവിൽ ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികൾ പീഡന ദൃശ്യങ്ങൾ പിന്നീട് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തെങ്കിലും, സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ അന്വേഷണത്തിന് നിർണ്ണായകമായി. സംഭവത്തിൽ ബസവപട്ടണ പോലീസ് അന്വേഷണം തുടരുകയാണ്.