ഇന്ത്യ-ഇസ്രയേൽ സൗഹൃദത്തിൻ്റെ പ്രതീകമായി ഇസ്രയേലിൽ ഛത്രപതി ശിവജിയുടെ കൂറ്റൻ പ്രതിമ ഉയരും

ഇന്ത്യ-ഇസ്രയേൽ സൗഹൃദത്തിൻ്റെ  പ്രതീകമായി ഇസ്രയേലിൽ ഛത്രപതി ശിവജിയുടെ  കൂറ്റൻ പ്രതിമ ഉയരും


മുംബൈ: ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സാംസ്കാരിക-നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി മറാഠാ സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവജി മഹാരാജിന്റെ കൂറ്റൻ പ്രതിമ ഇസ്രയേലിലെ പ്രമുഖ നഗരത്തിൽ സ്ഥാപിക്കുന്നു  ശിവരാജ്യാഭിഷേക ദിനത്തോടനുബന്ധിച്ച് മുംബൈയിലെ ഇസ്രയേൽ കോൺസൽ ജനറൽ യാനിവ് റെവാച്ചാണ് ഈ ചരിത്രപ്രധാനമായ പ്രഖ്യാപനം നടത്തിയത്. ഇസ്രയേലിലെ ജനങ്ങൾക്ക് ഇന്ത്യയുടെ പൈതൃകത്തെക്കുറിച്ചും ശിവജി മഹാരാജിന്റെ വീര്യത്തെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ ഈ സ്മാരകം വഴിതുറക്കുമെന്നും, പ്രതിമ സ്ഥാപിക്കുന്നതിനായി മികച്ചൊരു കലാകാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.മഹാരാഷ്ട്രയുടെ ചരിത്രവും ഇസ്രയേലിലെ ജൂത സമൂഹവും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ പദ്ധതി വലിയ സാംസ്കാരിക പ്രാധാന്യമുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ ശിവജി മഹാരാജിന്റെ സൈന്യത്തിലും മറാഠാ നാവികസേനയിലും കൊങ്കൺ തീരത്തുനിന്നുള്ള ‘ബെനെ ഇസ്രയേലി’ജൂത വിഭാഗത്തിലെ നിരവധി സൈനികർ ഉന്നത പദവികൾ അലങ്കരിച്ചിരുന്നു. സ്മാരകം നിർമ്മിക്കുന്നതിനായി ചരിത്രപരമായ റഫറൻസുകൾ നൽകാനും കലാപരവും രൂപകൽപ്പനപരവുമായ കാര്യങ്ങളിൽ കൺസൾട്ടേഷനായി സഹകരിക്കാനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് ഇസ്രയേൽ കോൺസൽ ജനറൽ ഔദ്യോഗികമായി സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപ്രധാനമായ ഇസ്രയേൽ സന്ദർശനത്തിന് ശേഷം ഇരുരാജ്യങ്ങളിലെയും ജനങ്ങളെ കൂടുതൽ അടുപ്പിക്കുന്നതിനായി ഇസ്രയേൽ സർക്കാർ നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ഈ സാംസ്കാരിക നീക്കം. കൂടാതെ ശിവജി മഹാരാജിന്റെ ചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ ഹീബ്രു ഭാഷയിലേക്ക് വിവർത്തനം ചെയ്യാനും പദ്ധതിയുണ്ട്. ഇസ്രയേലിന്റെ ഈ ആവശ്യത്തിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉടനടി പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ഇതൊരു വലിയ ചരിത്ര സംഭവമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. മഹാരാഷ്ട്ര സർക്കാർ ഈ ദൗത്യത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.