മുംബൈയിലെ അടൽ സേതുവിൽ നിന്നും യുവാവ് കടലിലേക്ക് ചാടി: കണ്ടെത്താനുള്ള ശ്രമം തുടരുന്നു.

മുംബൈ: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപാലമായ മുംബൈയിലെ അടൽ സേതുവിൽ നിന്നും യുവാവ് കടലിലേക്ക് ചാടി പൂനെ സ്വദേശിയായ യുവാവാണ് പുലർച്ചെയോടെ പാലത്തിൽ വാഹനം നിർത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തെ തുടർന്ന് നേവി, കോസ്റ്റ് ഗാർഡ്, പ്രാദേശിക പോലീസ് എന്നിവരുടെ നേതൃത്വത്തിൽ കടലിൽ വൻ തിരച്ചിൽ ആരംഭിച്ചു.തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. പൂനെയിൽ നിന്നും കാറോടിച്ച് പാലത്തിലെത്തിയ യുവാവ്, മുംബൈയിൽ നിന്ന് നവി മുംബൈയിലേക്കുള്ള പാതയിലെ ഒരു നിശ്ചിത പോയിന്റിൽ വാഹനം നിർത്തുകയായിരുന്നു. തുടർന്ന് കാറിൽ നിന്നിറങ്ങി പാലത്തിന്റെ കൈവരിയിലേക്ക് ഓടിക്കയറി കടലിലേക്ക് ചാടുകയായിരുന്നു.
പൂനെ ജില്ലയിലെ ഷിരൂർ താലൂക്കിലെ രഞ്ജൻഗാവിലെ ഖേദ്കർ വാസ്തി നിവാസിയായ പ്രതീക് സുഭാഷ് റാസ്‌കർ (28) ആണ് കടലിൽചാടിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.. പുലർച്ചെ 1.30 ഓടെ അടൽ സേതുവിന്റെ പൂനെ-മുംബൈ കാരിയേജ് വേയിൽ 13 കിലോമീറ്റർ അകലെയാണ് റാസ്‌കർ തന്റെ കാർ പാർക്ക് ചെയ്ത് കടലിൽ ചാടിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പാലത്തിലെ സിസിടിവി കാമറകളിൽ ദൃശ്യങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്ന കൺട്രോൾ റൂം ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്.ഇവർ വിവരം കപ്പൽശാലാ പോലീസിനെയും തീരസംരക്ഷണ സേനയെയും അറിയിക്കുകയായിരുന്നു. മിനിറ്റുകൾക്കകം തന്നെ അത്യാധുനിക ബോട്ടുകളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചെങ്കിലും ശക്തമായ അടിയൊഴുക്കും പുലർച്ചെയിലെ മങ്ങൽ നിറഞ്ഞ കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചു.യുവാവ് സഞ്ചരിച്ച കാർ പാലത്തിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിനുള്ളിൽ നിന്നും ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ഇയാൾ പൂനെ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്. ഇയാൾ എന്തിനാണ് ഇത്തരമൊരു ഘോരമായ നടപടി സ്വീകരിച്ചതെന്ന കാര്യം വ്യക്തമല്ല. യുവാവിന്റെ കുടുംബത്തെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്. മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (MTHL) അഥവാ അടൽ സേതു ഉദ്ഘാടനം ചെയ്യപ്പെട്ടതിന് ശേഷം ഇവിടെ ആറോളം ആത്മഹത്യകൾ നടന്നുകഴിഞ്ഞു .തുടർന്ന് ആത്മഹത്യാ ശ്രമങ്ങൾ തടയുന്നതിനായി കർശന സുരക്ഷാ ക്രമീകരണങ്ങളും പെട്രോളിംഗും ഏർപ്പെടുത്തിയിരുന്ന സാഹചര്യത്തിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.