മാസം 90,000 രൂപ വാടക നൽകിയിട്ടും കുടിവെള്ള ക്ഷാമം: മുംബൈയിലെ ആഡംബര ഫ്ലാറ്റിലെ ദുരിതം തുറന്നുപറഞ്ഞ് യുവാവ്

മുംബൈ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ജീവിക്കാൻ ഭാരിച്ച ചിലവാണെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ഒരു ഇൻസ്റ്റാഗ്രാം വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു. മാസം 90,000 രൂപ വാടക നൽകുന്ന ആഡംബര ഹൈറൈസ് ഫ്ലാറ്റിൽ താമസിച്ചിട്ടും തങ്ങൾ കടുത്ത കുടിവെള്ള ക്ഷാമം നേരിടുകയാണെന്ന് കാണിച്ച് നിഖിൽ എന്ന യുവാവ് പങ്കുവെച്ച വീഡിയോയാണ് നഗരത്തിലെ ജലപ്രതിസന്ധിയെക്കുറിച്ചുള്ള പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.നിഖിൽ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ പ്രതിമാസ വാടക ആരംഭിക്കുന്നത് 70,000 രൂപ മുതലാണ്. ഇത്രയും ഉയർന്ന തുക നൽകിയിട്ടും ബൃഹന്മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ നൽകുന്ന വെള്ളത്തിന്റെ അളവ് വളരെ കുറവാണെന്നും ഏത് സമയത്താണ് ജലവിതരണം നിലയ്ക്കുക എന്ന് പറയാൻ കഴിയില്ലെന്നും നിഖിൽ പറയുന്നു. രാത്രി 12 മണിക്ക് പോലും പെട്ടെന്ന് വെള്ളം നിലയ്ക്കുന്ന അവസ്ഥയാണ്. രാത്രിയിലോ പുലർച്ചെയോ എന്തെങ്കിലും അടിയന്തര ആവശ്യങ്ങൾ വന്നാൽ പോലും ടോയ്‌ലറ്റുകളിൽ ഉപയോഗിക്കാൻ വെള്ളമില്ലാത്ത സ്ഥിതിയാണെന്ന് യുവാവ് വീഡിയോയിലൂടെ ചൂണ്ടിക്കാണിക്കുന്നു.37 നിലകളുള്ള രണ്ട് കൂറ്റൻ ടവറുകളാണ് ഈ റെസിഡൻഷ്യൽ സൊസൈറ്റിയിലുള്ളത്. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ ജലക്ഷാമം പരിഹരിക്കാൻ സൊസൈറ്റി മാനേജ്‌മെന്റ് പുറത്തുനിന്ന് വാട്ടർ ടാങ്കറുകൾ എത്തിക്കുന്നുണ്ടെങ്കിലും അത് ഒട്ടും പ്രായോഗികമല്ല. ഇത്രയധികം ആളുകളുള്ള വലിയൊരു ഫ്ലാറ്റ് സമുച്ചയത്തിലെ ആവശ്യങ്ങൾ പൂർണ്ണമായി നിറവേറ്റാൻ ടാങ്കർ ലോറികൾക്ക് കഴിയില്ലെന്ന് നിഖിൽ വ്യക്തമാക്കുന്നു. ഇത്രയും വലിയ തുക വാടക കൊടുത്തിട്ടും വെള്ളം വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കേണ്ടി വരുന്നത് തികച്ചും ദൗർഭാഗ്യകരമാണെന്ന് ഇയാൾ കൂട്ടിച്ചേർത്തു.
വീഡിയോ പുറത്തുവന്നതോടെ മുംബൈയിലെ മറ്റ് താമസക്കാരും സമാനമായ പ്രതികരണങ്ങളുമായി രംഗത്തെത്തി. പ്രീമിയം തുക നൽകിയാലും അടിസ്ഥാന സൗകര്യങ്ങൾക്കായി പോരാടേണ്ടി വരുന്നത് മുംബൈയിലെ കയ്പ്പുള്ള യാഥാർത്ഥ്യമാണെന്ന് പലരും കമന്റ് ചെയ്തു. ടാങ്കർ ലോറികൾ ഒരിക്കലും ഇത്തരം വലിയ ഫ്ലാറ്റുകൾക്ക് ശാശ്വത പരിഹാരമല്ലെന്നും നഗരത്തിൽ കൂടുതൽ മികച്ച നഗരാസൂത്രണവും ജലസംരക്ഷണ മാർഗ്ഗങ്ങളും ആവശ്യമാണെന്നും 'മുംബൈക്കർ' പറയുന്നു .