വായനാട്ടുകാരി അലോന തായ്‌ലന്‍ഡില്‍ നടക്കുന്ന ലോക കൗമാര സൗന്ദര്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

  വായനാട്ടുകാരി അലോന തായ്‌ലന്‍ഡില്‍ നടക്കുന്ന ലോക കൗമാര സൗന്ദര്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

വയനാട്: ലോക സൗന്ദര്യവേദിയില്‍ മാറ്റുരയ്ക്കാന്‍ വയനാടന്‍ പെണ്‍കുട്ടി . സുല്‍ത്താന്‍ ബത്തേരി സ്വദേശി അലോനയാണ് തായ്‌ലന്‍ഡില്‍ നടക്കുന്ന ലോക കൗമാര സൗന്ദര്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.ഇന്ത്യയുടെ മിസ് ടീൻ സൂപ്പർ ഗ്ലോബ് കിരീടം നേടി വയനാടിന് അഭിമാനമായി മാറിയിരിക്കുകയാണ് സുൽത്താൻബത്തേരി സ്വദേശിനി അലോന എയ്ഞ്ചൽ ജെയിംസ്. കോഴിക്കോട് നടന്ന അഖിലേന്ത്യാ സൗന്ദര്യമത്സരത്തിലാണ് അലോന വിജയകിരീടം സ്വന്തമാക്കിയത്. ഇതോടെ ഓഗസ്റ്റിൽ തായ്‌ലൻഡിൽ നടക്കുന്ന ലോക മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരവും അലോനയെ തേടിയെത്തി.

വയനാട്ടിലെ സുൽത്താൻബത്തേരിയിൽ നിന്ന് ദേശീയ വേദിയിലേക്ക്… അവിടെ നിന്ന് അന്താരാഷ്ട്ര വേദിയിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങുകയാണ് അലോന എയ്ഞ്ചൽ ജെയിംസ്. മീനങ്ങാടി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥിനിയായ അലോന, കോഴിക്കോട് നടന്ന മിസ്റ്റർ ആൻഡ് മിസ് ടീൻ സൂപ്പർ ഗ്ലോബ് സൗന്ദര്യമത്സരത്തിലാണ് മിസ് ടീൻ സൂപ്പർ ഗ്ലോബ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.കിരീട നേട്ടത്തിന് പുറമെ മത്സരത്തിലെ മികച്ച അവതരണത്തിനുള്ള ബെസ്റ്റ് കാറ്റ് വാക്ക് സബ് ടൈറ്റിലും അലോന സ്വന്തമാക്കി. ഈ നേട്ടത്തോടെയാണ് ആഗസ്റ്റിൽ തായ്‌ലൻഡിൽ നടക്കുന്ന മിസ് ടീൻ സൂപ്പർ ഗ്ലോബ് ലോക സൗന്ദര്യമത്സരത്തിൽ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുക്കാൻ അവസരം ലഭിച്ചത്. കുട്ടിക്കാലം തൊട്ടേയുള്ള തന്‍റെ ആഗ്രഹമാണ് സഫലമായിരിക്കുന്നതെന്ന് അലോന മാധ്യമങ്ങളോട്  പറഞ്ഞു. തായ്‌ലന്‍ഡിലും കിരീടം നേടി തിരിച്ചെത്തണമെന്നും ഇന്ത്യയുടെ പെരുമ കാക്കണമെന്നുമാണ് തനിക്ക് ആഗ്രഹമെന്നും അലോന പറഞ്ഞു. തനിക്ക് പൂര്‍ണ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ടെന്ന് ഈ പെണ്‍കുട്ടി പറയുന്നു. അമ്മയാണ് തന്‍റെ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതെന്നും അലോന പറയുന്നു.

ഇതിന് മുമ്പും വിവിധ സൗന്ദര്യമത്സര വേദികളിൽ അലോന ശ്രദ്ധ നേടിയിട്ടുണ്ട്. 2025ൽ എറണാകുളത്ത് നടന്ന മത്സരത്തിൽ മിസ് ടീൻ കേരള കിരീടവും ഈ വർഷം മിസ് ടീൻ ഗ്ലാം വേൾഡ് ഇന്ത്യ കിരീടവും നേടിയിരുന്നു. കോഴിക്കോട് സ്വദേശി അതുൽ സുരേഷിന്‍റെ പരിശീലനവും നിർദേശങ്ങളും ഈ നേട്ടത്തിലേക്ക് എത്തുന്നതിൽ നിർണായകമായി. സുൽത്താൻബത്തേരി കാരക്കണ്ടി അടക്കമരക്കൂട്ടത്തിൽ ജെയിംസ്–ഷൈന ദമ്പതികളുടെ ഇളയ മകളാണ് അലോന. ജർമനിയിൽ നഴ്‌സിങ് പഠിക്കുന്ന സിയോനയാണ് സഹോദരി.