ഹോർമുസിലെ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം : യുഎന്നിൽ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഹോർമുസിലെ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം : യുഎന്നിൽ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ജനീവ: ഹോർമുസ് കടലിടുക്കിൽ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടക്കുന്നതിൽ ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ ആശങ്ക രേഖപ്പെടുത്തി. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുള്‍ക്ക് നേരെയുള്ള ആക്രമണവും ജീവനക്കാരുടെ ജീവന് ഭീഷണിയുള്ളതും നാവിഗേഷൻ സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതും 'അസ്വീകാര്യമാണ്' എന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷ് പറഞ്ഞു.ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക, സാമൂഹിക കൗൺസിലിൻ്റെ (UNECOSOC) പ്രത്യേക യോഗത്തിലാണ് പർവ്വതനേനി ഹരീഷിൻ്റെ പരാമർശം. ഒമാൻ തീരത്ത് ഇന്ത്യയുടെ പതാകയുള്ള വാണിജ്യ കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയത്.സൊമാലിയയിൽ നിന്ന് പോയ ഇന്ത്യൻ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും ഒമാനി അധികൃതർ രക്ഷപ്പെടുത്തിയിരുന്നു, എന്നാൽ ആക്രമണം നടത്തിയത് ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പശ്ചിമേഷ്യ സംഘർഷം മൂലമുണ്ടായ സമീപകാല ഊർജ്ജ, വളം പ്രതിസന്ധിയോടുള്ള ഇന്ത്യയുടെ സമീപനം എക്‌സിലൂടെയും ഇന്ത്യ പങ്കുവച്ചു.

"പ്രതിസന്ധി പരിഹരിക്കുന്നതിന് അന്താരാഷ്ട്ര സഹകരണത്തോടൊപ്പം ഹ്രസ്വകാല, ഘടനാപരമായ നടപടികളുടെയും സംയോജനം അത്യാവശ്യമാണ്. ഹോർമുസ് കടലിടുക്കിൽ വാണിജ്യ ഷിപ്പിങ് ലക്ഷ്യമിടുകയും, സിവിലിയൻ ജീവനക്കാരെ അപകടത്തിലാക്കുകയും, നാവിഗേഷൻ സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുകയും ചെയ്യുന്നത് അസ്വീകാര്യമാണ്. ഇക്കാര്യത്തിൽ അന്താരാഷ്ട്ര നിയമം പൂർണമായും മാനിക്കണം," - എന്നാണ് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷ് കുറിച്ചത്.ലോകത്തിലെ ഊർജ്ജ വിതരണത്തിൻ്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഒമാൻ തീരത്തോട് ചേർന്നുള്ള ഇടുങ്ങിയ ജലപാതയായ ഹോർമുസ് കടലിടുക്കിലെ സംഘർഷ സാഹചര്യത്തിനിടയിലാണ് മെയ് 13 ന് ഇന്ത്യൻ പതാകയുള്ള കപ്പലിന് നേരെ വീണ്ടും ആക്രമണം നടന്നത്.ഫെബ്രുവരി 28ന് ആരംഭിച്ച പശ്ചിമേഷ്യയിലെ സംഘർഷം, അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സംയുക്ത ആക്രമണം അഴിച്ചുവിടുകയും പ്രതികാര ആക്രമണങ്ങൾക്ക് കാരണമാവുകയും ചെയ്‌തതോടെയാണ് സ്ഥിതിഗതികള്‍ രൂക്ഷമായത്. രണ്ട് ഇന്ത്യൻ പതാകയുള്ള കപ്പലുകള്‍ക്ക് നേരെ ഇതുവരെ ആക്രമണം നടന്നതായാണ് റിപ്പോർട്ടുകള്‍.