ആർസിബിയുടെ രാജകീയ ജയം; ഹൈദരാബാദിനെ തകർത്ത് ബെംഗളൂരു

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ആറ് വിക്കറ്റിൻ്റെ ആധികാരിക ജയം. എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം 15.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു മറികടന്നു. ദേവ്ദത്ത് പടിക്കലിൻ്റെയും വിരാട് കോഹ്ലിയുടെയും മികച്ച ബാറ്റിങ്ങാണ് രജത് പാട്ടിദാർ നയിക്കുന്ന ആർസിബിക്ക് മികച്ച തുടക്കം സമ്മാനിച്ചത്.
20 ഓവറിൽ 9വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് ആണ് ഹൈദരാബാദ് അടിച്ചെടുത്തത്. 38 പന്തിൽ 80 റൺസ് നേടിയ നായകൻ ഇഷാൻ കിഷന്റെ പ്രകടനമാണ് ടീമിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. ബംഗളൂരുവിന് വേണ്ടി ജേക്കബ് ഡഫി, റൊമാരിയോ ഷെപ്പേർഡ് എന്നിവർ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി.നേരത്തെ ,ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഹൈദരാബാദിനെ ബാറ്റിങിന് അയക്കുക ആയിരുന്നു. ഓപ്പണർമാരായി കളത്തിലിറങ്ങിയ അഭിഷേക് ശർമയും ട്രാവിസ് ഹെഡും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ജേക്കബ് ഡഫി എറിഞ്ഞ മൂന്നാം ഓവറിൽ ട്രാവിസ് ഹെഡ് (9 പന്തിൽ 11 റൺസ്) അഭിഷേക് ശർമ (8 പന്തിൽ 7 റൺസ്) എന്നിവരെ പുറത്താക്കി മത്സരം ബംഗളൂരുവിന്റെ വഴിയിലാക്കി.നാലാം ഓവറിൽ നിതീഷ് കുമാർ റെഡ്ഡിയെ ഒരു റൺസിന് പുറത്താക്കി വീണ്ടും ജേക്കബ് ഡഫി ഞെട്ടിച്ചു. ആദ്യ അഞ്ച് ഓവറിൽ ഹൈദരാബാദിന് 3 വിക്കറ്റ് നഷ്ടത്തിൽ 33 എടുക്കാൻ കഴിഞ്ഞുള്ളു.നാലാം വിക്കറ്റിൽ ഹെൻറിച്ച് ക്ലാസനും നിഷാൻ കിഷനും ചേർന്ന് ഹൈദരാബാദിന്റെ വരുതിയിലേക്ക് മത്സരം കൊണ്ട് വന്നു. ഇരുവരും ചേർന്ന് 97 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഒടുവിൽ റൊമാരിയോ ഷെപ്പേർഡിന്റെ പന്തിൽ കിടിലൻ ക്യാച്ചിലൂടെ ഫിൽ സാൾട്ട് ക്ലാസനെ പുറത്താക്കി. 22 പന്തിൽ 31 റൺസ് ആണ് ക്ലാസൻ സ്വന്തമാക്കിയത്. വ്യക്തിഗത സ്കോർ 80 റൺസിൽ നിൽക്കവേ അഭിനന്ദൻ സിംഗ് ആണ് ഇഷാനെ പുറത്താക്കിയത്.പിന്നീട് അനികേത് വർമയുടെ കിടിലൻ പ്രകടനമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ കാണാനായത്. 17 ബൗളിൽ 43 റൺസ് ആണ് താരം അടിച്ചെടുത്തത്. തുടർന്ന് കളത്തിലെത്തിയ വാലറ്റക്കാർക്കും കാര്യമായ സ്കോർ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ ഹൈദരാബാദ് ഇന്നിങ്സ് 201 റൺസിന് അവസാനിക്കുക ആയിരുന്നു.
ഹൈദരാബാദിനായി ഡേവിഡ് പെയിൻ മൂന്ന് ഓവറിൽ 35 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. നിതീഷ് കുമാർ റെഡ്ഡി രണ്ട് ഓവറിൽ 19 റൺസും ഈഷാൻ മലിംഗ രണ്ട് ഓവറിൽ 35 റൺസും വിട്ടുകൊടുത്തു. മൂന്ന് ഓവറിൽ 29 റൺസ് വഴങ്ങിയ ഉനദ്ഘട്ട്, മൂന്ന് ഓവറിൽ 35 റൺസ് നൽകിയ ദുബെ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഹർഷൽ പട്ടേൽ 2.4 ഓവറിൽ 39 റൺസ് വിട്ടുകൊടുത്തു. മികച്ച സ്കോർ പ്രതിരോധിക്കാൻ കഴിയാത്ത ബൗളിങ് നിര ഹൈദരാബാദിന് തിരിച്ചടിയായി.
ദുരന്തസ്മരണയിൽ ചിന്നസ്വാമി
കഴിഞ്ഞ വർഷം ജൂൺ നാലിന് ആർസിബിയുടെ കിരീട നേട്ടത്തിൻ്റെ ആഘോഷങ്ങൾക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ ദാരുണമായി മരിച്ചിരുന്നു. ഈ ദുരന്തത്തിന് ശേഷം ഏകദേശം ഒരു വർഷം കഴിഞ്ഞാണ് ചിന്നസ്വാമിയിൽ വീണ്ടുമൊരു മത്സരം നടക്കുന്നത്. ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി ദുരന്തത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി സ്റ്റേഡിയത്തിൽ ഒരു മിനിറ്റ് മൗനം ആചരിച്ചു. കൂടാതെ അവർക്കായി സ്റ്റേഡിയത്തിൽ സ്ഥിരം ഇരിപ്പിടങ്ങളും ഫ്രാഞ്ചൈസി സമർപ്പിച്ചു. നിറഞ്ഞ ഗാലറി അങ്ങേയറ്റം വൈകാരികമായാണ് ഈ നിമിഷങ്ങളെ ഏറ്റെടുത്തത്.