ബിഹാർ മന്ത്രിസഭ വിപുലീകരിച്ചു :നിതീഷ് കുമാറിന്‍റെ മകനടക്കം 32 പേർ സത്യപ്രതിഞ്ജ ചെയ്‌തു

ബിഹാർ മന്ത്രിസഭ വിപുലീകരിച്ചു :നിതീഷ് കുമാറിന്‍റെ മകനടക്കം 32 പേർ സത്യപ്രതിഞ്ജ ചെയ്‌തു

പട്‌ന : സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള ബിഹാർ മന്ത്രിസഭയ്‌ക്ക് വിപുലീകരണം. പട്‌നയിലെ ഗാന്ധി മൈതാനത്ത് നടന്ന പൊതുചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുടെ സാന്നിധ്യത്തിൽ ബിഹാർ മന്ത്രിസഭ വികസിപ്പിച്ചു. പുതുതായി മന്ത്രിസഭയിലേക്കെത്തിയ 32 അംഗങ്ങളാണ് സത്യവാചകം ചൊല്ലി അധികാരത്തിലേറിയത്. ഇതോടെ സംസ്ഥാനത്തെ ആകെ മന്ത്രിമാരുടെ എണ്ണം 35 ആയി.

മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരിയും ഉപമുഖ്യമന്ത്രിമാരായി വിജയ് കുമാർ ചൗധരിയും ബിജേന്ദ്ര പ്രസാദ് യാദവും സത്യപ്രതിജ്ഞ ചെയ്‌ത് 22 ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിസഭ വിപുലീകരണം നടന്നത്. പശ്ചിമ ബംഗാൾ, അസം, തമിഴ്‌നാട്, കേരളം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേതൃത്വം തിരക്കിലായതിനാലാണ് സർക്കാർ വിപുലീകരണം വൈകിയതെന്നാണ് വിവരം.മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ മകൻ നിഷാന്ത് കുമാറിന്‍റെ അധികാര ഇടനാഴികളിലേക്കുള്ള പ്രവേശനവും കൂടിയാണ് ഇന്ന് നടന്ന മന്ത്രിസഭാ വിപുലീകരണം അടയാളപ്പെടുത്തിയത്. രണ്ട് പതിറ്റാണ്ടായി സംസ്ഥാനം ഭരിച്ച തന്‍റെ പിതാവിന്‍റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന വിശ്വാസത്തിലാണ് നിഷാന്ത്. മകന്‍റെ സഭാപ്രവേശനത്തിന് സാക്ഷിയാകാൻ ആ വന്ദ്യ പിതാവും എത്തിയിരുന്നു. തന്‍റെ പൊളിറ്റിക്കല്‍ ഇന്നിങ്‌സ് ആരംഭിക്കുന്നതിന് മുന്നോടിയായി പിതാവിന്‍റ കാല്‍തൊട്ട് അനുഗ്രഹം വാങ്ങാനും നിഷാന്ത് മറന്നില്ല.ഭരണത്തിലെ പരിചയക്കുറവ് ചൂണ്ടിക്കാട്ടി 50 കാരനായ നിഷാന്ത് മുമ്പ് മന്ത്രിസഭയിൽ അംഗമാകാൻ മടികാണിച്ചിരുന്നു. എന്നാല്‍ അദ്ദേഹം നടത്തിയ ഒരു സംസ്ഥാന പര്യടനം അദ്ദേഹത്തിന്‍റെ ചിന്തകളെ മാറ്റിമറിച്ചു. മന്ത്രിയായാൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് മനസിലാക്കിയ തിഷാന്ത് തന്‍റെ തീരുമാനം മാറ്റുകയും മന്ത്രിയാകാൻ തയ്യാറെടുക്കുകയുമായിരുന്നു. നിതീഷ് കുമാർ ദേശീയ പ്രസിഡന്‍റായ ജനതാദൾ (യുണൈറ്റഡ്) അഥവാ ജെഡിയുവിന്‍റെ അംഗമാണ് അദ്ദേഹം.

ബിഹാർ മന്ത്രിമാർ :

ശ്രാവൺ കുമാർ, വിജയ് കുമാർ സിൻഹ, ദിലീപ് ജയ്‌സ്വാൾ, ലെഷി സിങ്, രാം കൃപാൽ യാദവ്, നിതീഷ് മിശ്ര, ദാമോദർ റാവത്ത്, സഞ്ജയ് സിങ് ടൈഗർ, അശോക് ചൗധരി, ഭഗവാൻ സിങ് കുഷ്‌വാഹ, അരുൺ ശങ്കർ പ്രസാദ്, മദൻ സാഹ്‌നി, സന്തോഷ് കുമാർ സുമൻ, രമാ നിഷാദ്, രത്‌നേഷ് സാദ, കുമാർ ഷൈലേന്ദ്ര, ഷെയ്‌ല കുമാരി, കേദാർ പ്രസാദ് ഗുപ്‌ത, ലഖേന്ദ്ര കുമാർ റോഷൻ, സുനിൽ കുമാർ, ശ്രേയസി സിങ്, സമ ഖാൻ, നന്ദ് കിഷോർ റാം, ബുലോ മണ്ഡൽ എന്ന ശൈലേന്ദ്ര കുമാർ, പ്രമോദ് കുമാർ, ശ്വേത ഗുപ്‌ത, മിഥിലേഷ് തിവാരി, രാം ചന്ദ്ര പ്രസാദ്, സഞ്ജയ് കുമാർ സിങ്, സഞ്ജയ് കുമാർ, ദീപക് പ്രകാശ് -എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്‌ത മറ്റ് 31 അംഗങ്ങള്‍. നിതീഷ് മിശ്ര, മിഥിലേഷ് തിവാരി, കുമാർ ശൈലേന്ദ്ര, നന്ദ് കിഷോർ റാം, രാം ചന്ദ്ര പ്രസാദ്, ശ്വേത ഗുപ്‌ത, ഭഗവാൻ സിങ് കുശ്വാഹ, രത്‌നേഷ് സാദ തുടങ്ങി പലരും മന്ത്രിസഭയില്‍ പതുമുഖങ്ങളാണ്.

മന്ത്രിസഭയില്‍ മക്കള്‍ മഹത്മ്യം

വിപുലീകരിക്കപ്പെട്ട മന്ത്രിസഭയില്‍ മൂന്ന് മുൻ മുഖ്യമന്ത്രിമാരുടെ മക്കളുണ്ട്. നിഷാന്ത് (നിതീഷ് കുമാറിന്‍റെ മകൻ), മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയുടെ മകൻ നിതീഷ് മിശ്ര, മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ മകൻ സന്തോഷ് കുമാർ സുമൻ എന്നിവരാണവർ. വിദ്യാസമ്പന്നരാണ് മൂവരും. നിഷാന്ത് ബിഐടി മെസ്രയിൽ നിന്നുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയറണ്. നിതീഷ് മിശ്ര ഇംഗ്ലണ്ടിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സന്തോഷ് പിഎച്ച്ഡിയും നേടിയിട്ടുണ്ട്.

മന്ത്രിമാരും പാർട്ടിയും:

പുതുതായി സത്യപ്രതിജ്ഞ ചെയ്‌ത മന്ത്രിമാരിൽ 15 പേർ ബിജെപിയിൽ നിന്നുള്ളവരും, 13 പേർ ജെഡിയുവിൽ നിന്നുള്ളവരും, രണ്ട് പേർ ലോക് ജനശക്തി പാർട്ടി (റാം വിലാസ്), എൽജെപി (ആർ) എന്നിവയില്‍ നിന്നുള്ളവരും ആണ്. ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ), രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) എന്നിവയിൽ നിന്നുള്ള ഓരോ അംഗങ്ങളും ഉണ്ട്. മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അടക്കം ബിജെപിക്ക് നിലവില്‍ 16 മന്ത്രിമാരുണ്ട്. ജെഡിയുവിന് 15 മന്ത്രിമാരാണുള്ളത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 164(1A) പ്രകാരം, 243 അംഗ ബിഹാർ നിയമസഭയില്‍ പരമാവധി 36 മന്ത്രിമാരെ ഉൾപ്പെടുത്താം. ഒരു മന്ത്രിസ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്. അനുഭവപരിചയം, യുവത്വം തുടങ്ങിയ മാനദണ്ഡങ്ങള്‍ പ്രകാരമാണ് പാർട്ടികള്‍ മന്ത്രിസഭ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. വിപുലീകരണത്തിൽ പ്രാദേശിക, ജാതി സമവാക്യങ്ങൾക്കും വോട്ട് ബാങ്കുകൾക്കും അർഹമായ പരിഗണന നൽകിയിട്ടുണ്ട് പാർട്ടികള്‍. ജെഡിയുവിന്‍റെ 13 മന്ത്രിമാരില്‍ നാലുപേർ വീതം പിന്നാക്ക വിഭാഗങ്ങളിൽ നിന്നും (ഒബിസി) വളരെ പിന്നാക്ക വിഭാഗങ്ങളിൽ നിന്നും (ഇബിസി) ഉള്ളവരാണ്. മൂന്ന് പേർ പട്ടികജാതി (എസ്‌സി) വിഭാഗത്തില്‍ നിന്നും, ഒരാൾ വീതം ജനറൽ വിഭാഗത്തിൽ നിന്നും ന്യൂനപക്ഷ സമുദായത്തിൽ നിന്നുമാണ്. ബിജെപിയിൽ ആറ് മന്ത്രിമാർ ജനറൽ വിഭാഗത്തിൽ നിന്നും, മൂന്ന് പേർ ഒബിസിയിൽ നിന്നും, നാല് പേർ ഇബിസിയിൽ നിന്നും, രണ്ട് പേർ എസ്‌സിയിൽ നിന്നുമാണ്. എൽജെപി (ആർ) മന്ത്രിമാരായ രണ്ട് പേരിൽ ഒരാൾ ജനറൽ വിഭാഗത്തിൽ നിന്നും, മറ്റൊരാൾ എസ്‌സി വിഭാഗത്തിൽ നിന്നുമാണ്.

മുഖ്യാതിഥിയായി പ്രധാനമന്ത്രി

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന്‍റെ സന്തോഷത്തില്‍ തോളില്‍, കിഴക്കൻ സംസ്ഥാനങ്ങളിലെ വസ്‌ത്രരീതിയായ ഗംച്ച (നേർത്ത തൂവാല) ധരിച്ചാണ് പ്രധാനമന്ത്രി വേദിയിലെത്തിയത്. ബിഹാറിലെ ആദ്യ ബജെപി മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സത്യപ്രിജ്ഞ ചെയ്‌ത് അധികാരമേറ്റപ്പോള്‍ പ്രധാനമന്ത്രി ചടങ്ങിന് എത്തിയിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിസഭ വിപുലീകരണം.

'ബിഹാറിൽ ഇപ്പോൾ ഒരു ബിജെപി മുഖ്യമന്ത്രിയുണ്ടെന്നും അദ്ദേഹത്തിന് പൂർണ്ണ പിന്തുണയും അനുഗ്രഹവും ഉണ്ടെന്നും ജനങ്ങൾക്ക് ഒരു മഹത്തായ സന്ദേശം നൽകാനായിരുന്നു മോദിയുടെ സന്ദർശനം. മുഖ്യമന്ത്രി ഉണ്ടായിട്ടും പാർട്ടി സംസ്ഥാനത്തെ കൈവിടുന്നില്ലെന്നും അടിസ്ഥാനതലത്തിൽ വികസിച്ചുകൊണ്ടേയിരിക്കുമെന്നും ഇത് സൂചിപ്പിക്കുന്നു. നിതീഷ് ഭരിക്കുമ്പോള്‍ ബിജെപി കീഴിൽ തുടരേണ്ടിവന്നു എന്നത് പരസ്യമായ രഹസ്യമാണ്,' -ലേഖകനും രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ‌എസ്‌എസ്) സൈദ്ധാന്തികനുമായ പ്രിയരഞ്ജൻ ഭാരതി ഇടിവി ഭാരതിനോട് പറഞ്ഞു. ഭാരതീയ ജനതാ പാർട്ടി (ബിജെപി) ദേശീയ പ്രസിഡന്‍റ് നിതിൻ നബിൻ, രാജീവ് രഞ്ജൻ സിങ് അഥവാ ലാലൻ സിങ്, ചിരാഗ് പാസ്വാൻ, ജിതൻ റാം മാഞ്ചി എന്നിവരുൾപ്പെടെ നിരവധി കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) ഘടകകക്ഷി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ബിഹാർ വളരെ ആകാക്ഷയോടെ കാത്തിരുന്ന മന്ത്രിസഭാ വിപുലീകരണം അങ്ങനെ കഴിഞ്ഞിരിക്കുകയാണ്. ഇനി വകുപ്പ് നിശ്ചയിക്കുന്നതിനായുള്ള കാത്തിരിപ്പാണ്. മന്ത്രിമാർക്കിടയിലെ 47 വകുപ്പുകൾ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിശ്ചയിക്കുമെന്നാണ് നിരീക്ഷകർ വിലയിരത്തുന്നത്. നിതീഷ് കുമാർ ചെയ്‌തതുപോലെ ആഭ്യന്തരം, പൊതുഭരണം, വിജിലൻസ് വകുപ്പുകൾ ചൗധരി തന്നെ ഏറ്റെടുക്കാനാണ് സാധ്യത. പൊലീസ്, സംസ്ഥാന ഇന്‍റലിജൻസ് ഏജൻസികൾ, ജയിലുകൾ, സർക്കാർ ഉദ്യോഗസ്ഥർ, അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയുടെ നിയന്ത്രണം ഈ മൂന്ന് വകുപ്പുകള്‍ക്കാണ്. പുതുതായി ചുമതലയേറ്റ ബിജെപി, എൽജെപി(ആർ), എച്ച്എഎം(എസ്), ആർഎൽഎം മന്ത്രിമാർക്ക് നിലവിൽ തന്‍റെ കൈവശമുള്ള 29 വകുപ്പുകളിൽ നിന്ന് വകുപ്പുകൾ സാമ്രാട്ട് അനുവദിക്കുമെന്നാണ് സൂചന. അതേസമയം, ജെഡിയു മന്ത്രിമാർക്ക് നിലവിൽ രണ്ട് ഉപമുഖ്യമന്ത്രിമാരായ വിജയ് കുമാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ് എന്നിവരുടെ കൈവശമുള്ള 18 വകുപ്പുകൾ നല്‍കുമെന്നും സൂചനയുണ്ട്.