ലക്ഷങ്ങളുടെ കൈക്കൂലി; ജി.എസ്.ടി ഉദ്യോഗസ്ഥരും ആർമി കേണലും അറസ്‌റ്റിൽ

ന്യൂഡൽഹി: ജി.എസ്.ടി പൊരുത്തക്കേട് തീർക്കാൻ കൈക്കൂലി വാങ്ങിയ രണ്ട് ഉയർന്ന നികുതി ഉദ്യോഗസ്ഥരെയും, ടെൻഡർ അട്ടിമറിക്കാൻ 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഇന്ത്യൻ ആർമി കേണലിനെയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്‌തു .
ജി.എസ്.ടി പൊരുത്തക്കേട് പരിഹരിക്കുന്നതിനായി വ്യാപാരിയിൽ നിന്ന് കൈകൂലി വാങ്ങിയ കേന്ദ്ര ജിഎസ്‌ടി സൂപ്രണ്ടും ഇൻസ്പെക്‌ടറുമാണ് സിബിഐയുടെ പിടിയിലായത്. ജാർഖണ്ഡിലെ ഗിരിധിയിലാണ് സംഭവം.പരാതിക്കാരൻ്റെ ജിഎസ്‌ടി ഐടിസിയിലെ അപാകതകൾ പരിഹരിക്കാൻ 90,000 രൂപയാണ് ഈ ഉദ്യോഗസ്ഥർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ ജിഎസ്‌ടി നമ്പർ ബ്ലോക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഇതേത്തുടർന്ന് വ്യാപാരി സിബിഐയെ സമീപിക്കുകയായിരുന്നു. മെയ് 20 ന് കേസ് രജിസ്റ്റർ ചെയ്‌ത സിബിഐ കൃത്യമായ കെണിയൊരുക്കി.കൈക്കൂലി തുകയുടെ ആദ്യ ഗഡുവായ 50,000 രൂപ ഉദ്യോഗസ്ഥർ കൈപ്പറ്റുന്നതിനിടെ സിബിഐ സംഘം ഇവരെ കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റിന് പിന്നാലെ പ്രതികളുടെ ഓഫീസുകളിലും വസതികളിലും സിബിഐ ഉദ്യോഗസ്ഥർ വ്യാപക റെയ്‌ഡ് നടത്തി. പ്രതികളെ ധൻബാദിലെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കുമെന്ന് അധിക്യതർ അറിയിച്ചു. കേസിൽ അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കൊൽക്കത്ത ഫോർട്ട് വില്യമിൽ ആർമി കേണൽ കുടുങ്ങി
കൊൽക്കത്തയിലെ ഈസ്റ്റേൺ കമാൻഡ് ആസ്ഥാനമായ ഫോർട്ട് വില്യമിൽ ആർമി ഓർഡിനൻസ് കോർപ്‌സിൽ സേവനമനുഷ്‌ഠിക്കുന്ന കേണൽ ബാലി 50 ലക്ഷം രൂപയുടെ വൻ കൈക്കൂലി അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റുചെയ്തു .ഭാരതീയ ന്യായ സംഹിത 2023 ലെ സെക്ഷൻ 61(2) പ്രകാരമുള്ള ക്രിമിനൽ ഗൂഢാലോചന ഒപ്പം അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ചുമത്തിയാണ് കേണലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് , ബാലി പതിവായി അഴിമതികളിൽ ഏർപ്പെട്ടിരുന്നു. സൈനിക കരാറുകൾക്കായുള്ള ടെണ്ടറുകളിൽ അദ്ദേഹം വ്യാപകമായ തിരിമറികൾ നടത്തി. സ്വകാര്യ പങ്കാളികൾക് വേണ്ടി വ്യാജമായി തുക കൂട്ടിക്കാണിച്ച ബില്ലുകളും കുടിശ്ശികകളും പാസാക്കുക. ഗുണനിലവാരമില്ലാത്ത മെറ്റീരിയൽ സാമ്പിളുകൾക്ക് മനഃപൂർവ്വം അംഗീകാരം നൽകുക. ഇത്തരത്തിൽ നിരന്തരമായി കേണൽ ബാലി അഴിമതികളിൽ ഏർപ്പെട്ടിരുന്നതായി സിബിഐക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്ന ഇത്തരം അഴിമതികളിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നറിയാൻ രണ്ട് കേസുകളിലും സിബിഐ വിശദമായ അന്വേഷണം തുടർന്നു വരികയാണ്.