2014ല്‍ 4 ; 2026ലെത്തുമ്പോൾ ബിജെപിക്ക് സ്വന്തമായി മുഖ്യമന്ത്രിമാരുള്ളത് 17 സംസ്ഥാനങ്ങളിൽ

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ വിജയത്തോടെ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 22 പ്രദേശങ്ങളില്‍ എന്‍ഡിഎ ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് ഇത് 21 ആയിരുന്നു. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തേക്കുമായി നടന്ന വോട്ടെടുപ്പില്‍ അസമിലും പുതുച്ചേരിയിലും ബിജെപി ഭരണം നിലനിര്‍ത്തി. ഇതോടെ രാജ്യത്ത് ബിജെപി ശക്തമായ മേധാവിത്വം ഉറപ്പിച്ചിരിക്കുകയാണ്.2014-ല്‍ രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ 34 ശതമാനവും ജനസംഖ്യയുടെ നാലിലൊന്നും മാത്രമാണ് ബിജെപിക്ക് അനുകൂലമായി ഉണ്ടായിരുന്നത്. എന്നാല്‍ 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ സ്വാധീനം ആകെ ഭൂവിസ്തൃതിയുടെ 74 ശതമാനത്തിലേക്കും ജനസംഖ്യയുടെ 69 ശതമാനത്തിലേക്കും വ്യാപിച്ചു. 2014-ല്‍ കേന്ദ്ര ഭരണത്തില്‍ എത്തുമ്പോള്‍ നാല് മുഖ്യമന്ത്രിമാര്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്തുനിന്നും, 2026-ല്‍ എത്തിനില്‍ക്കുമ്പോഴാണ് 22 പ്രദേശങ്ങളില്‍ എന്‍ഡിഎ ഭരണം നടത്തുന്ന നിലയിലേക്ക് പാര്‍ട്ടി വളര്‍ന്നത്.നിലവില്‍ ബിജെപിക്ക് സ്വന്തമായി മുഖ്യമന്ത്രിമാരുള്ള 17 സംസ്ഥാനങ്ങളുണ്ട്. ഹിന്ദി ഹൃദയഭൂമിയിലെ ഉത്തര്‍പ്രദേശും ബീഹാറും കൂടാതെ ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും ബിജെപി ഭരണമാണ്. മഹാരാഷ്ട്രയിലും ഹരിയാനയിലും സഖ്യകക്ഷികളോടൊപ്പമാണ് ബിജെപി ഭരണത്തിലെത്തിയത്. ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിനൊപ്പമുള്ള സര്‍ക്കാരില്‍ പങ്കാളിയാണ് ബിജെപി.
നിലവില്‍ ജമ്മു കശ്മിര്‍, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, തെലങ്കാന, കര്‍ണാടക, കേരളം എന്നിവയാണ് പ്രതിപക്ഷ സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങള്‍. പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ഇപ്പോള്‍ ബിജെപിക്ക് ഒപ്പമല്ല. തമിഴ്നാട്ടില്‍ ബിജെപി പ്രത്യയശാസ്ത്ര ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്ന ടിവികെ ആണ് അധികാരത്തിലെത്താന്‍ പോകുന്നത്.