വാട്ടർ മെട്രോ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു

വാട്ടർ മെട്രോ രാജ്യത്തെ മറ്റ്  നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു

ന്യുഡൽഹി :കൊച്ചിയിൽ വൻ വിജയമായി മാറിയ വാട്ടർ മെട്രോ പദ്ധതി രാജ്യത്തെ മറ്റ് പ്രമുഖ നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഗുവാഹത്തി, ശ്രീനഗർ, പട്ന, വാരാണസി, അയോധ്യ, പ്രയാഗ്‌രാജ് ഉൾപ്പെടെയുള്ള 18 നഗരങ്ങളിൽ വിവിധ ഘട്ടങ്ങളിലായി പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. ഇതിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആറ് നഗരങ്ങൾക്ക് പുറമെ, രണ്ടാംഘട്ടത്തിൽ അസമിലെ തേസ്പൂർ, ദിബ്രുഗഡ് എന്നിവിടങ്ങളിലും സർവീസ് ആരംഭിക്കും. രാജ്യത്തെ ഉൾനാടൻ ജലപാതകളെ കാര്യക്ഷമമായ നഗര ഗതാഗത ഇടനാഴികളാക്കി മാറ്റുന്നതിനും ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകുന്നതിനുമാണ് ഈ വിപുലീകരണം. പദ്ധതിയുടെ ഭാഗമായി നഗര ജലഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഏകോപിപ്പിച്ചുകൊണ്ട് ഒരു ദേശീയ വാട്ടർ മെട്രോ നയത്തിന്റെ കരടുരേഖ തയ്യാറാക്കാനുള്ള നടപടികളും കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്.2023 ഏപ്രിൽ 26-ന് കൊച്ചിയിൽ ആരംഭിച്ച വാട്ടർ മെട്രോ പദ്ധതി ചുരുങ്ങിയ കാലം കൊണ്ട് കൈവരിച്ച വൻ നേട്ടമാണ് ഈ ദേശീയ വിപുലീകരണത്തിന് പ്രേരിപ്പിച്ചത്. മൂന്ന് വർഷത്തിനുള്ളിൽ 65 ലക്ഷത്തിലധികം യാത്രക്കാരാണ് കൊച്ചിയിൽ വാട്ടർ മെട്രോ സൗകര്യം പ്രയോജനപ്പെടുത്തിയത്. നിലവിൽ പ്രതിദിനം 7000-ത്തോളം യാത്രക്കാരുള്ള ഈ സംവിധാനത്തിൽ, മട്ടാഞ്ചേരി റൂട്ടിലേക്ക് കൂടി സർവീസ് വ്യാപിപ്പിച്ചതോടെ പ്രതിദിന വരുമാനം 2.5 ലക്ഷം രൂപ കവിഞ്ഞു. മുൻപ് ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം ഈ 18 നഗരങ്ങളിലും സാധ്യത പഠനം നടത്തിയത് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആയിരുന്നു. പുതിയ റൂട്ടുകൾ കൂടി യാഥാർത്ഥ്യമാകുന്നതോടെ കൊച്ചിയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 8000 ആയി ഉയർത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്.