48 മണിക്കൂറിനുള്ളിൽ സിഎൻജി വില വർധിച്ചത് രണ്ട് തവണ: ഡ്രൈവർമാർ പ്രതിസന്ധിയിൽ

48 മണിക്കൂറിനുള്ളിൽ സിഎൻജി വില വർധിച്ചത് രണ്ട് തവണ: ഡ്രൈവർമാർ  പ്രതിസന്ധിയിൽ

ന്യൂഡൽഹി: രാജ്യത്ത് 48 മണിക്കൂറിനുള്ളിൽ സിഎൻജി വില വർധിച്ചത് രണ്ട് തവണ. നിരന്തരം വില വർധിക്കുന്നതിൽ ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവർമാർ കടുത്ത പ്രതിഷേധത്തിൽ. ഡൽഹിയിൽ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വില 80 രൂപ കടന്നതോടെയാണ് പ്രതിഷേധവും പണിമുടക്കും കടുപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്.ഇന്ധന വിലവർധനവിനെതിരെ നടന്ന പണിമുടക്കിൽ രാജ്യത്തെ 60 ശതമാനം തൊഴിലാളികളും പങ്കെടുത്തതായി ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം സർവീസസ് വർക്കേഴ്‌സ് യൂണിയൻ (GIPSWU) വ്യക്തമാക്കി. സർക്കാരുകളും പ്ലാറ്റ്‌ഫോം കമ്പനികളും തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടാൽ വരും ദിവസങ്ങളിൽ ഡൽഹിയിലെ ജന്തർ മന്തറിൽ വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകി.

വെള്ളിയാഴ്‌ച കിലോയ്ക്ക് രണ്ട് രൂപ വർധിപ്പിച്ചതിന് തൊട്ട് പിന്നാലെ നിരന്തരം വില വീണ്ടും കൂടുകയായിരുന്നു. നിലവിൽ സിഎൻജി പെട്രോള്‍ പമ്പുകളിൽ വലിയ ക്യൂ ആണുള്ളത്. ഡൽഹിയിൽ സിഎൻജിക്ക് ഇപ്പോൾ കിലോയ്ക്ക് 80.09 രൂപയാണ് വില, അതേസമയം നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവയുൾപ്പെടെ എൻസിആർ നഗരങ്ങളിൽ സിഎൻജി വില കിലോയ്ക്ക് 85.12 രൂപയുമായി.യുഎസ് ഡോളറിൻ്റെ കുത്തനെയുള്ള മൂല്യവർധനവിനൊപ്പം ഉയർന്ന ഗ്യാസ് ഉപയോഗം നേരിയ തോതിൽ നികത്തുക എന്നതാണ് ഈ വില വർധനവിൻ്റെ ലക്ഷ്യമെന്നാണ് ഐജിഎല്ലിൻ്റെ വിശദീകരണം. നിലവിൽ ഡെലിവറി വാഹനങ്ങളും ഓട്ടോ ഡ്രൈവർമാരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണുള്ളതെന്ന് ടാക്‌സി യൂണിയൻ പ്രതിധികൾ വ്യക്തമാക്കി.