ഇന്ധന വിലവർദ്ധനവിനെതിരെ വിമർശനവുമായി കോൺഗ്രസ്
ന്യൂഡൽഹി: ഇന്ധന വിലവർദ്ധനവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. പെട്രോളിൻ്റെയും ഡീസലിൻ്റെയും വില വിർദ്ധിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പൊതുജനങ്ങൾക്കെതിരായ ആക്രമണം അഴിച്ചുവിട്ടിരിക്കയാണെന്ന് കോൺഗ്രസ് പറഞ്ഞു.സ്വന്തം പോക്കറ്റ് നിറക്കുന്ന മോദി ഇന്ന് വീണ്ടും പൊതുജനങ്ങൾക്കെതിരായ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. പെട്രോളിനും ഡീസിലിനും 3 രൂപ വീധവും സിഎൻജിക്കും 2 രൂപ വീധവും വർധിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മോദി തിരിച്ചുവന്നുവെന്നും കോൺഗ്രസ് പറഞ്ഞു."ഗ്യാസ്, പെട്രൊൾ, ഡീസൽ എന്നിവയുടെ ആഭ്യന്തര വില കുറക്കണമെന്നും ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറണമെന്നും കോൺഗ്രസ് സഖ്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് ഉണ്ടായില്ല. സർക്കാർ ഉപഭോക്താക്കളെ വഞ്ചിച്ചു", കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്‌സിൽ കുറിച്ചു.
പ്രധാനമന്ത്രിയുടെ ഉറ്റ സുഹൃത്തുക്കളായ യുഎസും ഇസ്രയേലും പശ്ചിമേഷ്യയിൽ ആരംഭിച്ച യുദ്ധം കാരണം അന്തരാഷ്‌ട്ര എണ്ണവില കുതിച്ചുയർന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ മോദി സർക്കാർ പെട്രോളിൻ്റയും ഡീസലിൻ്റെയും വില വർധിപ്പിച്ചു. ഇത് കൂടുതൽ പണപ്പെരുപ്പത്തിലേക്ക് നയിക്കും. ഈ സാമ്പത്തിക വർഷത്തേക്ക് ഇത് ആറ് ശതമാനത്തിന് അടുത്തായെന്നും ജയറാം രമേശ് പറഞ്ഞു.
അതേസമസം കേന്ദ്രം ദിനംപ്രതി ജനങ്ങളെ ശ്വാസം മുട്ടിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. ആഗോള അസംസ്‌കൃത എണ്ണവില ഇടിഞ്ഞപ്പോൾ, മോദി സർക്കാർ കോടിക്കണക്കിന് ലാഭമാണ് നേടിയതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.സാമ്പത്തിക ആഘാതങ്ങളിൽ നിന്ന് പൊതുജനങ്ങളെ രക്ഷിക്കുകയല്ല സർക്കാർ ചെയ്യുന്നത് മറിച്ച് അദാനിയെ കുറ്റവിചാരണയിൽ നിന്ന് രക്ഷിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. ജനങ്ങളെ ഈ ആഘാതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് പകരം അവരെ ദിവസം തോറും ശ്വാസം മുട്ടിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് ഇന്ധനവില കുത്തനെ വർധിപ്പിച്ചിട്ടുണ്ട്. പെട്രോളിനും ഡീസലിനും മൂന്ന് രൂപയാണ് വർധിപ്പിച്ചത്. ഇതോടെ രാജ്യത്ത് മിക്കയിടത്തും ഡീസൽ വില 100 രൂപ കടന്നു. ഒപ്പം സിഎൻജി വിലയും രണ്ട് രൂപ വർധിപ്പിച്ചിട്ടുണ്ട്.
പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ ന്യൂഡൽഹിയിൽ പെട്രോൾ വില 97.77 രൂപയും 90.67 രൂപയായും ഉയർന്നു. തിരുവനന്തപുരത്ത് പെട്രോളിന് 110.75 രൂപയും ഡീസലിന് 99.63 രൂപയുമാണ് നൽകേണ്ടത്. ഓരോ സംസ്ഥാനത്തെയും മൂല്യവർധിത നികുതി നിരക്കുകളിലെ വ്യത്യാസം കാരണം വിവിധ നഗരങ്ങളിൽ ഇന്ധനവില മാറും.അതേസമയം ജനങ്ങൾ യാതൊരുവിധത്തിലും പരിഭ്രാന്തരാകേണ്ടതില്ലെന്നും രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നും പെട്രോളിയം സെക്രട്ടറി നീരജ് മിത്തൽ വിശദീകരിച്ചു. രാജ്യത്ത് ഒരിടത്തും ഇന്ധന റേഷൻ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് സിഐഐ വാർഷിക ബിസിനസ് മീറ്റിൽ അദ്ദേഹം വ്യക്തമാക്കി. 60 ദിവസത്തേക്കുള്ള ഇന്ധന ശേഖരവും 45 ദിവസത്തേക്കുള്ള പാചകവാതക ശേഖരവും നിലവിൽ രാജ്യത്തുണ്ടെന്ന് അദേഹം വ്യക്തമാക്കി.