"ഒന്നും കണ്ടെത്തിയില്ല; സമാധാനപരമായി നടപടികൾ അവസാനിച്ചു" : ഇഡി റെയ്‌ഡിൻ്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് സിപിഎം

"ഒന്നും കണ്ടെത്തിയില്ല; സമാധാനപരമായി നടപടികൾ അവസാനിച്ചു" : ഇഡി റെയ്‌ഡിൻ്റെ   വിശദാംശങ്ങള്‍ പുറത്ത് വിട്ട് സിപിഎം

കണ്ണൂർ: മാസപ്പടി കേസന്വേഷണത്തിൻ്റെ ഭാഗമായി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ കണ്ണൂർ പിണറായിലെ വസതിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി) മിന്നൽ പരിശോധനയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് സിപിഎം. അതീവ രഹസ്യമായി ഏഴ് മണിക്കൂറോളം വസതിയിൽ ഇഡി സംഘം തിരച്ചിൽ നടത്തിയെങ്കിലും, കേസിനെ സാധൂകരിക്കുന്ന രീതിയിലുള്ള കുറ്റകരമായ യാതൊരുവിധ രേഖകളോ ഡിജിറ്റൽ ഉപകരണങ്ങളോ കണ്ടെത്താനായില്ലെന്ന് അവകാശപ്പെടുന്ന ഇഡിയുടേതെന്ന സാക്ഷ്യപ്പെടുത്തുന്ന രേഖ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം പുറത്തുവിട്ടു. പരിശോധനയ്ക്ക് ശേഷം ഇഡി തയ്യാറാക്കിയ ഒദ്യോഗിക രേഖയാണെന്ന തരത്തിലാണ് പാർട്ടി മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യപ്പെടുത്തിയത്.

ഇഡി കൊച്ചി സോണൽ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്‌ടർ സിമി എസ്. പുറപ്പെടുവിച്ച 2026 മെയ് 26-ലെ 39-ാം നമ്പർ പരിശോധന ഉത്തരവ് പ്രകാരമാണ് കേന്ദ്ര ഏജൻസി പരിശോധന നടത്തിയത്. മെയ് 27 ബുധനാഴ്‌ച രാവിലെ 7.50 ഓടെയാണ് ഇഡി സംഘം പിണറായിലെ വസതിയിലെത്തിയത്. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി രാവിലെ 8.30-ഓടെ ആരംഭിച്ച റെയ്‌ഡ് ഉച്ചയോടെയാണ് അവസാനിച്ചത്. വസതിയിലെ രണ്ട് നിലകളുള്ള പ്രധാന കെട്ടിടത്തിലും സർവൻ്റ് ക്വാർട്ടേഴ്‌സിലും ഇഡി ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി.

വീട് തുറന്നത് കെയർ ടേക്കർ; സുരക്ഷയ്ക്ക് സി.ആർ.പി.എഫ്

ഇ.ഡി സംഘം എത്തുമ്പോൾ വസതി പൂട്ടിയിട്ട നിലയിലായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് സിപിഎം പിണറായി ഏരിയ ലോക്കൽ സെക്രട്ടറി സി. നന്ദനൻ സ്ഥലത്തെത്തുകയും, വസതിയുടെ കെയർ ടേക്കറായ നാനുവിനെ വിളിച്ചുവരുത്തി വീട് തുറന്നു നൽകുകയുമായിരുന്നു.അസിസ്റ്റൻ്റ് ഡയറക്‌ടർ പ്രശാന്ത് സൗഭാരിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അസിസ്റ്റൻ്റ് എൻഫോഴ്സ്മെൻ്റ് ഓഫീസർമാരായ ചിരാഗ് യാദവ്, തരുൺ കുമാർ ബച്ചർ എന്നിവരും സുരക്ഷയ്ക്കായി നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന ആറംഗ സിആർപിഎഫ് സംഘവും ഇഡിയെ അനുഗമിച്ചിരുന്നു. പരിശോധനാ നടപടികൾക്ക് സാക്ഷികളാകാൻ കോഴിക്കോട് ജവഹർ നഗർ കോളനി ശാഖയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച് മാനേജർ ഷീബ സി., കോഴിക്കോട് എസ്‌ബിഐ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസിലെ അസിസ്റ്റൻ്റ് മാനേജർ അഭിഷേക് നിംബാദ്‌കർ എന്നിവരെയാണ് ഇഡി ഒപ്പം കൂട്ടിയിരുന്നത്.

ഒന്നും കണ്ടെത്തിയില്ല; സമാധാനപരമായി നടപടികൾ അവസാനിച്ചു

ചട്ടപ്രകാരം പരിശോധന ആരംഭിക്കുന്നതിന് മുൻപും ശേഷവും ഇഡി ഉദ്യോഗസ്ഥർ തങ്ങളുടെ വ്യക്തിപരമായ ശരീരപരിശോധന നടത്താൻ തയ്യാറായെങ്കിലും സാക്ഷിയായ സി. നന്ദനൻ അത് നിരസിച്ചു. റെയ്‌ഡ് വേളയിൽ കെയർ ടേക്കർ നാനുവിൻ്റെ മൊഴി ഇഡി ഉദ്യോഗസ്ഥർ രേഖപ്പെടുത്തുകയും അത് അദ്ദേഹത്തിന് മനസ്സിലാകുന്ന മാതൃഭാഷയായ മലയാളത്തിൽ വിശദീകരിച്ചു നൽകുകയും ചെയ്‌തുവെന്ന് രേഖയില്‍ വ്യക്തമാക്കുന്നു.പരിശോധന തികച്ചും സമാധാനപരമായാണ് നടന്നതെന്നും വ്യക്തികൾക്കോ വസതിയിലെ മറ്റ് സാധനസാമഗ്രികൾക്കോ യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും ഇഡി രേഖ വ്യക്തമാക്കുന്നു. ഇഡി രേഖകളിൽ സാക്ഷികളും കെയർ ടേക്കറും ഒപ്പുവെച്ച ശേഷമാണ് ഇ.ഡി സംഘം മടങ്ങിയതെന്നും രേഖയിലുണ്ട്.