"അപകടകരമായപ്രകോപനo": യുഎഇയിലെ ബറാക്ക ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചു

"അപകടകരമായപ്രകോപനo": യുഎഇയിലെ ബറാക്ക ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചു

ന്യൂഡൽഹി: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ഡ്രോൺ ആക്രമണത്തിൽ ഇന്ത്യ വളരെയധികം ആശങ്കാകുലരാണെന്നും അത്തരം നടപടികൾ അസ്വീകാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന ‘അപകടകരമായ പ്രകോപനമാണിത്’ എന്നും മന്ത്രാലയം വ്യക്തമാക്കി.ഇരുവിഭാഗങ്ങളോടും അടിയന്തരമായി സംയമനം പാലിക്കണമെന്നും ചർച്ചകളുടെ പാതയിലേക്ക് മടങ്ങണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സമാധാനപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ആണവനിലയങ്ങൾക്ക് നേരെ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെ ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് മന്ത്രാലയംചൂണ്ടിക്കാട്ടി.യുഎഇയിലെ ബറാക്ക ആണവോർജ നിലയത്തിന് നേരെയാണ് ഡ്രോൺ ആക്രമണമുണ്ടായത്. ആണവനിലയത്തിൻ്റെ ഉൾപ്രദേശത്തിന് പുറത്തുള്ള ഒരു ഇലക്ട്രിക്കൽ ജനറേറ്ററിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തെത്തുടർന്ന് ജനറേറ്ററിന് തീപിടിച്ചെങ്കിലും അടിയന്തര സുരക്ഷാ വിഭാഗം ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ പരിക്കുകളോ റേഡിയേഷൻ ചോർച്ചയോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. തുടർന്നാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതികരണം.പ്ലാൻ്റിൻ്റെയോ അതിൻ്റെ അവശ്യ സംവിധാനങ്ങളുടെയോ സുരക്ഷയെ ആക്രമണം ബാധിച്ചിട്ടില്ലെന്ന് യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ അറിയിച്ചു. കൂടാതെ എല്ലാ യൂണിറ്റുകളും സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) സംഭവത്തിൽ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. ആണവ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന സൈനിക പ്രവർത്തനങ്ങൾ അസ്വീകാര്യമാണെന്ന് ഐഎഇഎ മേധാവി റാഫേൽ ഗ്രോസി പറഞ്ഞു. അപകട സാധ്യത ഒഴിവാക്കാൻ ആണവ നിലയത്തിന് സമീപം പരമാവധി സൈനിക നിയന്ത്രണം ഏർപ്പെടുത്തണമെന്നും അദ്ദേഹംപറഞ്ഞു.