ഇന്നലെ വന്ന പാർട്ടിയുടെ മുന്നിൽ തലകുനിച്ച് എംകെ സ്റ്റാലിൻ: ഡിഎംകെ ദയനീയ തോൽവിയിലേക്ക്

ചെന്നൈ: തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ അപ്രതീക്ഷി ട്വിസ്റ്റും തിരിച്ചടികളും. കൊളത്തൂർ മണ്ഡലത്തിൽ നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ പരാജയപ്പെട്ടു. 9,000 വോട്ടുകള്‍ക്കാണ് എംകെ സ്റ്റാലിൻ പരാജയപ്പെട്ടത്.
ഡി എം കെ അധ്യക്ഷന്‍ കൂടിയായ സ്റ്റാലിൻ 2011 മുതൽ കയ്യടക്കിവച്ച സീറ്റാണ് കൊളത്തൂർ.വിജയ്‌യുടെ ടി വി കെ സ്ഥാനാർഥി വി എസ് ബാബുവാണ് സ്റ്റാലിനെതിരായി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. ഡി എം കെയും എ ഐ എ ഡി എം കെയും ആധിപത്യം പുലർത്തിവന്ന തമിഴ്‌നാട്ടിൽ കന്നിയങ്കം കുറിച്ച ടി വി കെ ആധിപത്യം പുലർത്തുന്നതാണ് കാണാൻ സാധിക്കുന്നത്. സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ഡി എം കെയും ബി ജെ പിയുമായി സഖ്യത്തില്‍ ഏർപ്പെട്ട് രംഗത്തിറങ്ങിയിരിക്കുന്ന എ ഐ എഡി എം കെയും വിജയ്‌യുടെ ടിവികെയും തമ്മില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ അന്തരിച്ച എം കരുണാനിധിയുടെ മകനായ സ്റ്റാലിൻ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത് ഇത് നാലാം തവണയാണ്. 2011 ൽ വില്ലിവാക്കം വിഭജിച്ചാണ് കൊളത്തൂർ മണ്ഡലം പുതുതായി വന്നത്. അന്നുമുതൽ എം കെ സ്റ്റാലിൻ്റെ കോട്ടയായിരുന്നു കൊളത്തൂർ.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എ ഐ എ ഡി എം കെയുടെ ആദിരാജാറാമിനെ പരാജയപ്പെടുത്തി സ്റ്റാലിൻ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 2016 ലെ തെരഞ്ഞെടുപ്പിലും സ്റ്റാലിൻ തന്നെയാണ് ഈ സീറ്റിൽ നിന്ന് വിജയിച്ചത്.2016 ലെ തെരഞ്ഞെടുപ്പിൽ എ ഐ എ ഡി എം കെയുടെ ജെ സി ഡി പ്രഭാകനെതിരെ 91,303 വോട്ടുകൾക്കാണ് സ്റ്റാലിൻ വിജയിച്ചത്. അന്ന് 53,573 വോട്ടുകൾ മാത്രമേ എ ഐ എ ഡി എം കെയ്‌ക്ക് നേടാനായിരുന്നുള്ളൂ. 2011 ലെ തെരഞ്ഞെടുപ്പിൽ എ ഐ എ ഡി എം കെയുടെ സദൈ സായ് ദുരൈസ്വാമിയെ 3000 ൽ താഴെ വോട്ടുകൾക്ക് പരാജയപ്പെടുത്തി സ്റ്റാലിൻ വിജയിച്ചിരുന്നു. ട്രെൻഡ് തുടരുകയാണെങ്കിൽ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് അട്ടിമറിക്കാണ് തമിഴ്‌നാട് സാക്ഷ്യം വഹിക്കുക.