വിട്ടുവീഴ്ചയ്ക്കില്ല ; ഇറാൻ്റെ സമാധാന നിർദേശം തള്ളി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: പാകിസ്ഥാൻ വഴി ഇറാൻ മുന്നോട്ടുവച്ച പുതിയ സമാധാന നിർദേശം അമേരിക്ക തള്ളി. അഞ്ച് പതിറ്റാണ്ടായി അമേരിക്കയ്ക്ക് മുൻപിൽ ഇറാൻ അനാവശ്യ കളികൾ തുടരുകയാണെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇത് ഇനി അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പ്രതിസന്ധികൾ സംബന്ധിച്ച് താൻ ചർച്ച നടത്തിയതായി ട്രംപ് സ്ഥിരീകരിച്ചു. ഇറാൻ്റെ ചിരി അതിവേഗം അവസാനിക്കുമെന്ന കടുത്ത പ്രസ്താവനയും അദ്ദേഹത്തിൽ നിന്നുണ്ടായി. പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ സങ്കീർണമാക്കുന്നതാണ് അമേരിക്കയുടെ പുതിയ കടുത്ത നിലപാട്.
ഇറാൻ്റെ സമാധാന നിർദേശം
30 ദിവസത്തിനുള്ളിൽ മേഖലയിൽ പൂർണ യുദ്ധവിരാമം ഉറപ്പാക്കുക എന്നതാണ് ഇറാൻ്റെ പ്രധാന ആവശ്യം. ഇതിനായുള്ള മൂന്ന് ഘട്ടങ്ങളായുള്ള രൂപരേഖയാണ് പാകിസ്ഥാൻ വഴി അവർ പ്രതിസന്ധി പരിഹരിക്കാൻ മുന്നോട്ടുവച്ചത്. മറ്റ് ചില സുപ്രധാന ആവശ്യങ്ങളും ഇതോടൊപ്പം ഉന്നയിച്ചു. ഇറാനെതിരെയുള്ള സാമ്പത്തിക, സൈനിക ഉപരോധങ്ങളിൽ അടിയന്തരമായി ഇളവ് വരുത്തണം.
രാജ്യത്തെ പ്രധാന തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണമായും ഇല്ലാതാക്കണം. മേഖലയിൽ നിന്ന് മുൻകൂർ നിബന്ധനകളില്ലാതെ അമേരിക്കൻ സൈന്യത്തെ ഉടൻ പിൻവലിക്കണമെന്നും ഇറാൻ പ്രതിനിധികൾ ആവശ്യപ്പെട്ടു. ലെബനനിൽ ഇസ്രയേൽ നടത്തുന്ന സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുക എന്നതാണ് മറ്റൊരു ആവശ്യം. എന്നാൽ അമേരിക്ക ഈ നിർദേശങ്ങളെല്ലാം പൂർണമായും തള്ളിക്കളയുകയായിരുന്നു.
റവല്യൂഷണറി ഗാർഡ്സിൻ്റെ മുന്നറിയിപ്പ്
ഭാവിയിൽ ഇറാനിയൻ എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ട് അക്രമം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ്റെ റവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കി. അമേരിക്കൻ താത്പര്യങ്ങൾക്ക് നേരെ കനത്ത സൈനിക ആക്രമണങ്ങൾ അഴിച്ചുവിടുമെന്നാണ് അവരുടെ ഭീഷണി. ഒമാൻ ഉൾക്കടലിൽ അമേരിക്കൻ യുദ്ധവിമാനം ഇറാൻ്റെ പതാക വഹിച്ച രണ്ട് കപ്പലുകൾ ആക്രമിച്ച് പ്രവർത്തനരഹിതമാക്കിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഈ അതിസങ്കീർണ സാഹചര്യത്തിലാണ് ഉന്നതതലത്തിൽ നിന്നുള്ള ഇത്തരമൊരു വെളിപ്പെടുത്തൽ ഉണ്ടായത്. ഒരുവശത്ത് നയതന്ത്ര നീക്കങ്ങളും മറുവശത്ത് ഭീഷണിയും തുടരുന്ന സങ്കീർണ സാഹചര്യത്തിലൂടെയാണ് പശ്ചിമേഷ്യ കടന്നുപോകുന്നത്.ആഗോള എണ്ണ വ്യാപാരത്തിൻ്റെ 20 ശതമാനത്തോളം കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. അതിനാൽ ഇവിടുത്തെ സൈനിക അസ്ഥിരത ലോകമെമ്പാടുമുള്ള സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. കോടിക്കണക്കിന് ഡോളറിൻ്റെ വിതരണ ശൃംഖലയെയും ഇവിടുത്തെ അരക്ഷിതാവസ്ഥ പ്രതിസന്ധിയിലാക്കും. അമേരിക്കൻ ഭീഷണി നിലനിൽക്കുന്നതിനാൽ ഈ അതിപ്രധാന പാതയിൽ ഇറാൻ ഇതിനോടകം സൈനിക വിന്യാസം അതിശക്തമാക്കി.
പോരാട്ടം തുടരുമെന്ന് ഇസ്രയേൽ
ഇറാൻ്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് അമേരിക്ക സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ മേഖലയിൽ യുദ്ധസാധ്യത വർധിപ്പിച്ചു. ലക്ഷ്യം കാണുംവരെ യുദ്ധം അവസാനിക്കില്ലെന്നും കടുത്ത നടപടികൾ തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. എന്നാൽ ഇസ്രയേൽ, അമേരിക്കൻ നീക്കങ്ങളെ ശക്തമായി നേരിടുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനി പ്രഖ്യാപിച്ചു. ഏതുവിധേനയും ശത്രുക്കൾക്കെതിരേ പോരാട്ടം തുടരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.യുദ്ധഭീതി ആഗോള സാമ്പത്തിക മേഖലയെയും കടുത്ത അനിശ്ചിതത്വങ്ങളിലേക്കാണ് നയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. നിലവിൽ ക്രൂഡ് ഓയിൽ വില ബാരലിന് 97 ഡോളർ നിരക്കിലേക്ക് ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് വിപരീതമായി ആഗോള വിപണിയിൽ സ്വർണവില വലിയ തോതിൽ ഇടിയുകയാണ്.ഇതോടൊപ്പം ലോകമെമ്പാടുമുള്ള പ്രധാന ഓഹരി വിപണികളിലും വലിയ തകർച്ചയാണ് നേരിടുന്നത്. പശ്ചിമേഷ്യയിലെ പോര് ഈ രീതിയിൽ ഏറെക്കാലം നീണ്ടുപോയാൽ ആഗോള സമ്പദ്വ്യവസ്ഥ അതിരൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്ന ഭീതി വിപണി നിരീക്ഷകർ പങ്കുവയ്ക്കുന്നുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിച്ചില്ലെങ്കിൽ കടുത്ത സാമ്പത്തിക ദുരന്തങ്ങൾക്കാകും വരും നാളുകൾ സാക്ഷ്യം വഹിക്കുകയെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.