ഇറാന് ആണവായുധം നൽകില്ല; തായ്‌വാൻ വിഷയത്തിലും ചൈനയുമായി ധാരണയിലെത്തിയതായി ഡൊണാൾഡ് ട്രംപ്

ഇറാന് ആണവായുധം നൽകില്ല; തായ്‌വാൻ വിഷയത്തിലും  ചൈനയുമായി  ധാരണയിലെത്തിയതായി  ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ ഡിസി: ഇറാന് ആണവായുധങ്ങൾ സ്വന്തമാക്കാൻ കഴിയില്ലെന്ന കാര്യത്തിൽ അമേരിക്കയും ചൈനയും തമ്മിൽ പൂർണ ധാരണയായതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ആഗോള വ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് എപ്പോഴും തുറന്നിടണമെന്ന കാര്യത്തിലും ഇരു രാജ്യങ്ങളും തമ്മിൽ യോജിപ്പിലെത്തി.മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൈനയിലെത്തിയ ട്രംപ് അവിടെവച്ച് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തിയത്. പശ്ചിമേഷ്യൻ പ്രതിസന്ധികൾ ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു.

ഹോർമുസ് കടലിടുക്കും ഇറാനിലെ ഉപരോധവും

ചൈനയിലെ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിനിടെ എയർ ഫോഴ്സ് വൺ വിമാനത്തിൽവച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡൊണാൾഡ് ട്രംപ്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൻ്റെ പൂർണ നിയന്ത്രണം നിലവിൽ അമേരിക്കയ്ക്കാണെന്ന് ട്രംപ് ആവർത്തിച്ചു. പശ്ചിമേഷ്യയിലെ അമേരിക്കൻ നാവിക ഉപരോധത്തെ തുടർന്ന് കഴിഞ്ഞ രണ്ടര ആഴ്ചയായി ഇറാൻ കനത്ത സാമ്പത്തിക തിരിച്ചടിയാണ് നേരിടുന്നത്.പ്രതിദിനം 500 ദശലക്ഷം യുഎസ് ഡോളറിൻ്റെ വലിയ നഷ്ടമാണ് ഇറാൻ്റെ വ്യാപാര വാണിജ്യ മേഖലകളിൽ ഉണ്ടായിട്ടുള്ളത്. ഈ അടിയന്തര സാഹചര്യത്തിൽ ലോകത്തെ എണ്ണ വിതരണത്തിൻ്റെ വലിയൊരു ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചിടാൻ ഇറാൻ തീരുമാനിച്ചാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാന് ഒരു കാരണവശാലും ആണവായുധങ്ങൾ നിർമിക്കാനോ സ്വന്തമാക്കാനോ കഴിയില്ലെന്ന കാര്യത്തിൽ ഷി ജിൻപിങ്ങിനും കർശനമായ നിലപാടാണുള്ളത്. കടലിടുക്ക് തുറന്നിടണം എന്നാണ് ചൈനയ്ക്കും പറയാനുള്ളത്. ഇനി അവർ കടലിടുക്ക് അടച്ചാൽ നമ്മൾ ഇറാനെയും അടപ്പിക്കും എന്ന സമാന ചിന്താഗതിയാണ് ചൈനീസ് പ്രസിഡൻ്റിനുമുള്ളതെന്ന് അമേരിക്കൻ പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.

തായ്‌വാൻ വിഷയത്തിലെ ചൈനയുടെ നിലപാട്

തായ്വാൻ്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പോരാട്ടങ്ങളോ ഏറ്റുമുട്ടലുകളോ കാണാൻ ചൈനീസ് പ്രസിഡൻ്റ് ആഗ്രഹിക്കുന്നില്ലെന്നും അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കി. നിലവിൽ തായ്വാനിൽ നടക്കുന്ന കാര്യങ്ങളുമായി ഒരു ഇടപെടലും നടത്താൻ പാടില്ലെന്ന അഭിപ്രായമാണ് ഷി ജിൻപിങ്ങിനുള്ളത്. തായ്വാൻ്റെ നടപടികൾക്ക് അദ്ദേഹം പൂർണ്ണമായും എതിരുമാണ്.തായ്‌വാൻ്റെ കാര്യത്തിൽ എന്തെങ്കിലും തരത്തിലുള്ള ഇടപെടലുകൾ ഉണ്ടായാൽ അത് ഏഷ്യൻ മേഖലയിൽ വലിയൊരു ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്നാണ് ചൈനീസ് ഭരണകൂടം കണക്കുകൂട്ടുന്നത്. അദ്ദേഹവുമായി ഇറാൻ്റെയും തായ്വാൻ്റെയും കാര്യങ്ങൾ വിശദമായി തന്നെ ചർച്ച ചെയ്തെന്നും രണ്ട് വിഷയങ്ങളിലും ഇരു രാജ്യങ്ങൾക്കും വ്യക്തമായ ധാരണയുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി. തായ്‌വാൻ വിഷയത്തിൽ താൻ അഭിപ്രായങ്ങളൊന്നും പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിൻ്റെ വാദങ്ങൾ പൂർണമായും കേട്ടിരുന്നതായി പറഞ്ഞ ഡൊണാൾഡ് ട്രംപ്, ഷി ജിൻപിങ്ങിനോട് തനിക്ക് അതിയായ ബഹുമാനമുണ്ടെന്നും വ്യക്തമാക്കി.

ആയുധ വിൽപനയും 1982ലെ അമേരിക്കൻ ഉടമ്പടിയും

തായ്വാൻ വിഷയം താൻ ചർച്ചയിലേക്ക് കൊണ്ടുവന്നില്ലെങ്കിലും ചൈനീസ് പ്രസിഡൻ്റാണ് ആ വിഷയം സംസാരിച്ചു തുടങ്ങിയതെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. അമേരിക്ക തായ്വാന് ആയുധങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക മുൻപ് നൽകിയ ഉറപ്പുകളെക്കുറിച്ചും എയർ ഫോഴ്സ് വണ്ണിൽവച്ച് അദ്ദേഹം വിശദീകരിച്ചു. തായ്വാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അമേരിക്ക ചൈനയുമായി കൂടിയാലോചനകൾ നടത്തില്ലെന്ന് 1982ൽ അന്നത്തെ അമേരിക്കൻ പ്രസിഡൻ്റായിരുന്ന റൊണാൾഡ് റീഗൻ ഉടമ്പടിയിലൂടെ ഉറപ്പുനൽകിയിരുന്നു.

എന്നാൽ താൻ ചൈനീസ് പ്രസിഡൻ്റുമായി തായ്വാൻ വിഷയം സംസാരിച്ചോ എന്ന ചോദ്യത്തിന് 1982 എന്നത് വളരെ ദൂരെയുള്ളൊരു പഴയ കാലമാണെന്നായിരുന്നു ട്രംപിൻ്റെ മറുപടി. മുൻപ് ഒപ്പുവച്ച കരാർ ഉണ്ടെന്നത് ശരിയാണെങ്കിലും ഈ വിഷയത്തിൽ സംസാരിക്കാൻ താത്പര്യമില്ലെന്ന് ഷി ജിൻപിങ്ങിനോട് പറയാൻ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. തായ്വാന് ആയുധങ്ങൾ നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളും വളരെ വിശദമായിത്തന്നെ ഇരുവരും ചർച്ച ചെയ്തു.ആയുധ വിൽപനയിൽ ഉടൻതന്നെ ഒരു അന്തിമ തീരുമാനമെടുക്കും. പതിനായിരക്കണക്കിന് കിലോമീറ്റർ അകലെ നടക്കുന്ന മറ്റൊരു യുദ്ധം ഇപ്പോൾ അമേരിക്കയ്ക്ക് ആവശ്യമില്ലെന്നും നിലവിലെ കാര്യങ്ങളിൽ സംതൃപ്തനാണെന്നും അമേരിക്കൻ പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.