ഗുരുദർശനത്തെക്കുറിച്ചുള്ള പ്രബന്ധം അമേരിക്കയിൽ അവതരിപ്പിച്ച് ഡോ. സുരേഷ്‌കുമാർ

ഗുരുദർശനത്തെക്കുറിച്ചുള്ള പ്രബന്ധം അമേരിക്കയിൽ അവതരിപ്പിച്ച് ഡോ. സുരേഷ്‌കുമാർ

കാലിഫോർണിയ/മുംബൈ : കാലിഫോർണിയ,മിൽപിറ്റാസിലുള്ള 'ആര്യ സർവകലാശാല' (Aria University )സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര സംസ്കൃത സമ്മേളനത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ  സർവലൗകിക ദർശനത്തെ ആസ്പദമാക്കി ഗവേഷണ പ്രബന്ധം അവതരിപ്പിച്ച്‌ മുംബൈ വ്യവസായിയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ  ഡോ. സുരേഷ്‌കുമാർ മധുസൂദനൻ.

ശ്രീനാരായണ ഗുരുവിൻ്റെ  സാർവത്രിക തത്ത്വചിന്തയും ആഗോള സമാധാനത്തിനും സാമൂഹിക ഐക്യത്തിലുമുള്ള  അതിൻ്റെ  പ്രസക്തിയും (Sree Narayana Guru’s Universal Philosophy and Its Relevance to Global Peace and Social Harmony) എന്ന വിഷയത്തെ ആസ്പദമാക്കി അവതരിപ്പിച്ച  പ്രബന്ധത്തിൽ, ആഗോള സമൂഹം ഇന്ന് നേരിടുന്ന അസമത്വം, മതവിദ്വേഷം, സാമൂഹിക വിഭജനങ്ങൾ, സാംസ്കാരിക സംഘർഷങ്ങൾ തുടങ്ങിയ വെല്ലുവിളികൾക്ക് ശ്രീനാരായണ ഗുരുവിന്റെ ദർശനം എങ്ങനെ ശാശ്വതമായ പരിഹാര മാർഗ്ഗം നിർദ്ദേശിക്കുന്നുവെന്ന് ഡോ. സുരേഷ്‌കുമാർ വിശദീകരിച്ചു.

"ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന ശ്രീനാരായണ ഗുരുവിൻ്റെ  മഹത്തായ സന്ദേശത്തെ അടിസ്ഥാനമാക്കി, സമത്വം, വിദ്യാഭ്യാസം, ആത്മീയ മാനവികത, സഹോദരത്വം, സാമൂഹിക ഐക്യം എന്നിവ ലോകസമാധാനത്തിനും സാമൂഹിക സൗഹാർദ്ദത്തിനും എത്രത്തോളം പ്രസക്തമാണെന്ന് പ്രബന്ധം ചൂണ്ടിക്കാട്ടി.ഈ നേട്ടത്തിന് കൂടുതൽ തിളക്കം പകർന്നുകൊണ്ട്, ഡോ. സുരേഷ്‌കുമാർ അവതരിപ്പിച്ച ഗവേഷണ പ്രബന്ധം സർവകലാശാലയുടെ അക്കാദമിക് ജേർണലായ ‘വിജ്ഞാന  (Vinjanam)ത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിലൂടെ ഗുരുവിൻ്റെ ദർശനവും സന്ദേശങ്ങളും അന്തർദേശീയ അക്കാദമിക സമൂഹത്തിലേക്ക് കൂടുതൽ വ്യാപകമായി എത്തിച്ചേരുകയാണ്. ഈ പ്രബന്ധം പ്രശസ്തമായ 'സ്‌കോപ്പസ് ഇന്‍ഡക്‌സ്ഡ് ജേണലി'ലും പ്രസിദ്ധീകരിക്കും.

അമേരിക്കൻ സർവകലാശാലയിലെ അന്താരാഷ്ട്ര വേദിയിൽ ശ്രീനാരായണ ഗുരുവിൻ്റെ ദർശനം അവതരിപ്പിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും അഭിമാനകരവും ഹൃദയസ്പർശിയുമായ നിമിഷങ്ങളിലൊന്നാണെന്ന് ഡോ. സുരേഷ്‌കുമാർ അറിയിച്ചു . ഗുരുവിൻ്റെ സർവലൗകിക സന്ദേശം ലോകമെമ്പാടുമുള്ള ജനങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തിക്കുന്നതിനുള്ള തൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഗവേഷണ പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ഗുരുസന്ദേശങ്ങൾ ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി ഡോ. സുരേഷ്‌കുമാർ നിരവധി ഗവേഷണ പ്രബന്ധങ്ങൾ, പുസ്തകങ്ങൾ, പ്രഭാഷണങ്ങൾ, അന്തർദേശീയ സമ്മേളനങ്ങൾ എന്നിവയിൽ സജീവ സാന്നിധ്യമാണ്. അദ്ദേഹം രചിച്ച 'Harmony Unveiled: Sree Narayana Guru’s Blueprint for World Peace and Progress’ ,‘Empowering Minds, Transforming Lives: Sree Narayana Guru’s Philosophy of Education and Skill Development’ എന്നീ പുസ്‌തകങ്ങൾ  അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയവയാണ്. ഈ രണ്ടു കൃതികളും  തദവസരത്തിൽ ആര്യ സർവകലാശാല ലൈബ്രറിയ്ക്കു ഡോ. സുരേഷ്‌കുമാർ കൈമാറി. 

അമേരിക്കൻ സർവകലാശാലയിൽ നടന്ന ഈ അവതരണവും ഗവേഷണ പ്രബന്ധത്തിൻ്റെ പ്രസിദ്ധീകരണവും ശ്രീനാരായണ ഗുരുവിൻ്റെ  ജീവിതവും ദർശനവും ലോക താത്ത്വിക സമൂഹത്തിന് മുന്നിൽ കൂടുതൽ ശക്തമായി അവതരിപ്പിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പായി വിലയിരുത്തപ്പെടുന്നു.