ഒമാൻ തീരത്ത് കപ്പലിന് നേരെ ഡ്രോൺ ആക്രമണം

മസ്കത്ത്: ഒമാൻ തീരത്ത് ഹോർമുസ് കടലിടുക്കിന് സമീപം ചരക്കുകപ്പലിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ കപ്പലിൽ തീപിടുത്തവും സ്ഫോടനവും. പലാവു (Palau) പതാകയേന്തിയ ഈ കപ്പലിൽ 24 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നതായി നാവികരുടെ സംഘടനയായ ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു .ആക്രമണത്തെ തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ ശക്തമായ സ്ഫോടനമുണ്ടാകുകയും കപ്പലിന്റെ പൂർണ്ണമായ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ എൻജിൻ റൂമിൽ വലിയ വിള്ളലുണ്ടാവുകയും കപ്പലിലുണ്ടായിരുന്ന അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കുള്ള ലൈഫ് ജാക്കറ്റുകൾ ഉൾപ്പെടെയുള്ളവ കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്. കപ്പൽ നിലവിൽ അപകടാവസ്ഥയിൽ ഹോർമുസ് കടലിടുക്കിന് സമീപം ഒഴുകിനടക്കുകയാണെന്നും ഇന്ത്യൻ നാവികസേനയും വിദേശകാര്യ മന്ത്രാലയവും അടിയന്തരമായി ഇടപെട്ട് നാവികരെ രക്ഷിക്കണമെന്നും എഫ്‌എസ്‌യുഐ ആവശ്യപ്പെട്ടു.എൻജിൻ റൂമിൽ വിള്ളലുണ്ടായതോടെ കപ്പൽ കൂടുതൽ അപകടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് അടിയന്തര സഹായം അഭ്യർത്ഥിച്ച് നാവികർ സന്ദേശമയച്ചത്. പശ്ചിമേഷ്യൻ കടൽമാർഗ്ഗങ്ങളിൽ ഇസ്രയേൽ-ഇറാൻ സംഘർഷം കനത്തതോടെ അന്താരാഷ്ട്ര കപ്പൽ ചാനലുകളിൽ സുരക്ഷാ ഭീഷണി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പുതിയ ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ നാവികരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള നയതന്ത്ര-സൈനിക നീക്കങ്ങൾ ആരംഭിച്ചതായാണ് സൂചന.