തെരഞ്ഞെടുപ്പ് അക്രമം :കൽക്കട്ട ഹൈക്കോടതിയിൽ നേരിട്ടെത്തി വാദിച്ച് മമത

തെരഞ്ഞെടുപ്പ് അക്രമം :കൽക്കട്ട ഹൈക്കോടതിയിൽ നേരിട്ടെത്തി വാദിച്ച് മമത

കൊല്‍ക്കത്ത: ബംഗാളിലെ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമങ്ങളെത്തുടർന്ന് തൃണമൂൽ കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ കൽക്കട്ട ഹൈക്കോടതിയിൽ നേരിട്ടെത്തി വാദിച്ച് മുൻ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമതാ ബാനർജി. തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അശാന്തി നിലനിൽക്കുന്നു എന്നാരോപിച്ച് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് മമത തൻ്റെ വാദങ്ങൾ നിരത്തിയത്. ചീഫ് ജസ്റ്റിസ് എച്ച് സി സുജോയ് പാല്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.​നേരത്തെ മുഖ്യമന്ത്രിയായിരിക്കെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട കേസിൽ ഒരു സാധാരണ പൗരയെന്ന നിലയിൽ സുപ്രീം കോടതിയിൽ മമത വാദിച്ചിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം, ഇത്തവണ ഒരു അഭിഭാഷകയുടെ വേഷമണിഞ്ഞാണ് അവർ കോടതിയിൽ എത്തിയത് എന്നത് ശ്രദ്ധേയമായി.

സംസ്ഥാനത്തുടനീളമുള്ള വിവിധ ജില്ലകളിൽ നിന്ന് ഇത്തരം പരാതികൾ റിപ്പോർട്ട് ചെയ്‌തതായി ഹര്‍ജിയില്‍ പരമാര്‍ശിക്കുന്നു. ടിഎംസിയുടെ 15 വർഷത്തെ ഭരണം അവസാനിപ്പിച്ച് ബിജെപി ബംഗാളില്‍ അധികാരത്തില്‍ കയറി. ഫലപ്രഖ്യാപനത്തിന് പിന്നാലെ നടന്ന അക്രമങ്ങള്‍ ചൂണ്ടിക്കാട്ടി ടിഎംസി നേതാവ് കല്യാൺ ബാനർജിയുടെ മകൻ ഷിർഷണ്യ ബന്ദോപാധ്യായയാണ് കൊല്‍ക്കത്ത ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്‌തത്.സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മത ബാനര്‍ജി ആവശ്യപ്പെട്ടു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളെയാണ് അക്രമികൾ ലക്ഷ്യം വച്ചിരിക്കുന്നതെന്ന് മമത ബാനര്‍ജി പറഞ്ഞു. നവദമ്പതികളെയും അവരുടെ കുടുംബങ്ങളെയും വീടുകളിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഹിന്ദു, മുസ്ലീം, എസ്‌സി, എസ്‌ടി എന്നിങ്ങനെയുള്ള കുടുംബങ്ങൾ ഭവനരഹിതരായി. ആളുകൾ ദിനംപ്രതി ആക്രമിക്കപ്പെടുന്നുവെന്നും അവര്‍ പറഞ്ഞു.സംസ്ഥാനത്ത് സാധാരണ പൗരജീവിതം പൂർണമായും തടസപ്പെട്ടു. വോട്ടെടുപ്പിനു ശേഷം സംസ്ഥാനത്ത് നടന്ന അക്രമത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. എൻ്റെ സ്വന്തം വസതി പോലും ഭീഷണികൾക്ക് വിധേയമായിട്ടുണ്ട്. വൈകുന്നേരം വരെ, എൻ്റെ വീടിന് പുറത്ത് അക്രമാസക്തമായ അസ്വസ്ഥതകൾ നിലനിൽക്കുന്നു. എല്ലായിടത്തും സുരക്ഷയുടെ അഭാവം പ്രകടമാണ്. വീടുകളും ഓഫിസുകളും കൊള്ളയടിക്കപ്പെടുന്നു. ഈ അവകാശവാദങ്ങളെ ശരിവയ്ക്കുന്ന ഫോട്ടോഗ്രാഫിക് തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. ഇതൊരു 'ബുൾഡോസർ സ്റ്റേറ്റ്' അല്ല, ഇത് സമ്പന്നമായ സംസ്‌കാരത്തിൻ്റെയും പൈതൃകത്തിൻ്റെ യും നാടാണെന്ന് മമത പറഞ്ഞു. വാദം കഴിഞ്ഞ് മടങ്ങിയ മമതയെ ജനക്കൂട്ടം "ജയ് ശ്രീ റാം", "ചോർ, ചോർ" (കള്ളൻ, കള്ളൻ) എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി ആക്ഷേപിച്ചു.

മമത ബാനർജി കോടതിയിൽ വാദിക്കാൻ എത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ, തനിക്ക് ഒരുപാട് ജോലികൾ ചെയ്യാനുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ സമയമില്ലെന്നുമാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രതികരിച്ചത്. മുൻ ഭരണകക്ഷിയുടെ നീക്കങ്ങളെക്കാൾ ഭരണപരമായ കാര്യങ്ങൾക്കാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കേസിൽ വിധി പറയുന്നത് കോടതി മാറ്റിവെച്ചു.