തമിഴകത്ത് ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം; കേവല ഭൂരിപക്ഷം നേടി വിജയ്

തമിഴകത്ത് ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം; കേവല ഭൂരിപക്ഷം നേടി വിജയ്

ചെന്നൈ :തമിഴ്‌നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ നീണ്ടുനിന്ന ദ്രാവിഡ കക്ഷികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ച് ദളപതി വിജയ് ഭരണത്തിലേക്ക്. കേവല ഭൂരിപക്ഷത്തിനായി കഠിനശ്രമം നടത്തിക്കൊണ്ടിരുന്ന വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് ഒടുവിൽ ഇടതുപക്ഷത്തിൻ്റെ യും വിസികെയുടെയും പിന്തുണ ലഭിച്ചതോടെ ഭരണമുറപ്പിച്ചു.ടിവികെ ഭാരവാഹി കാമരാജ് ചെന്നൈയിൽ മാധ്യമങ്ങളോട് ഈ വാർത്ത സ്ഥിരീകരിച്ചു.

 "ജനവിധി മാനിച്ചുകൊണ്ട് സർക്കാർ രൂപീകരണത്തിന് പിന്തുണ നൽകാൻ സിപിഐ, സിപിഎം, വിസികെ എന്നീ പാർട്ടികൾ തീരുമാനിച്ചതിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്. വിജയ്‌യെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാക്കാൻ അവർ തയ്യാറായതോടെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിച്ചിരിക്കുന്നു."

പിന്തുണ കത്തുകളുമായി വിജയ് ഇന്ന് വൈകുന്നേരം തമിഴ്‌നാട് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും. ഇതോടെ തമിഴ് രാഷ്ട്രീയത്തിന്റെ ദിശ മാറ്റുന്ന ഒരു സഖ്യസർക്കാരിന് ചെന്നൈയിൽ തുടക്കമാകും.

ദ്രാവിഡ രാഷ്ട്രീയത്തിന് പുതിയൊരു ബദൽ

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ്‌നാട് ഭരിച്ചിരുന്ന ഡിഎംകെ, എഐഎഡിഎംകെ എന്നീ കക്ഷികളെ പിന്തള്ളിക്കൊണ്ടാണ് വിജയ് അധികാരത്തിലേക്ക് എത്തുന്നത് എന്നത് ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയമാണ്. താഴെത്തട്ടിലുള്ള ജനകീയ വിഷയങ്ങളിൽ ഊന്നിയുള്ള രാഷ്ട്രീയത്തിനാണ് ഇപ്പോൾ തമിഴകം അംഗീകാരം നൽകിയിരിക്കുന്നത്.