" ഇനിയും എത്രനാൾ " ?, മുഖ്യമന്ത്രിയെ കാത്ത് പ്രബുദ്ധ കേരളം

മുംബൈ : ഒരേ സമയം തെരഞ്ഞെടുപ്പ് നടന്ന ഇതരസംസ്ഥാനങ്ങളിൽ, മുഖ്യമന്ത്രിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ ആഘോഷപൂർവ്വം കൊണ്ടാടി കഴിഞ്ഞിട്ടും കേരളം മുഖ്യമന്ത്രിയെ കണ്ടെത്താവാതെ 'ഇരുട്ടിൽ തപ്പുകയാണ്'.കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷം ലഭിച്ച ഇതര സംസ്ഥാനങ്ങളിലൊക്കെ മുഖ്യമന്ത്രിയെ കണ്ടെത്തുകയോ മന്ത്രിസഭ രൂപീകരിക്കുകയോ ചെയ്തു. ഭൂരിപക്ഷത്തിലേക്ക് സീറ്റ് എണ്ണിയൊപ്പിച്ച തമിഴ്നാട്ടിലും പുതുമുഖം വിജയ് സർക്കാർ രൂപീകരിച്ചു.
കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള സങ്കീർണ്ണത നിലനിൽക്കുമ്പോൾ തന്നെ അത് മാറ്റിവെച്ചുകൊണ്ട് വിജയ്‌യുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനും ആഘോഷങ്ങളിൽ പങ്കുചേരാനും ഹൈക്കമാൻറ് പ്രതിനിധികൾ സമയം കണ്ടെത്തിഎന്നത് അഭിനന്ദനാർഹമായ കാര്യമാണ് .ഫലപ്രഖ്യാപനംവന്ന് യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ 5 മിനുറ്റിനുള്ളിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും എന്ന് പറഞ്ഞ നേതാക്കൾ ഒരാഴ്ച്ചകഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താനാവാതെ ,മുമ്പുള്ള സർക്കാറുകൾ വരുത്തിയ കാലതാമസമൊക്കെ എടുത്തുപറഞ്ഞു പ്രതിരോധിക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ കണ്ടുവരുന്നത് .
എന്നാൽ മുമ്പൊന്നും അഞ്ചുമിനുറ്റിനുള്ളിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന പ്രഖ്യാപനം വേറൊരു പാർട്ടി നേതാക്കളും നടത്തിയിരുന്നില്ല എന്ന സത്യം ഇവർ ബോധപൂർവ്വം മറക്കുന്നു.എന്ത് ന്യായീകരണങ്ങൾ പറഞ്ഞാലും മതനിരപേക്ഷ പ്രബുദ്ധ കേരളത്തിൽ 10 കൊല്ലം പ്രതിപക്ഷത്തിരുന്ന യുഡിഎഫിന് മഹാഭൂരിപക്ഷം ലഭിച്ചിട്ടും സർക്കാർ രൂപീകരിക്കുന്നത് പോയിട്ട് മുഖ്യമന്ത്രിയെ കണ്ടെത്താൻ പോലും ഇനിയും കഴിഞ്ഞിട്ടില്ലാ എന്നത് ലജ്‌ജാകരമാണ് . മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും നീളുമെന്നാണ് ഡൽഹിയിൽനിന്ന് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. എകെ ആൻ്റണി അടക്കമുള്ള മുതിർന്ന നേതാക്കളുമായി ഒരുവട്ടം കൂടി ചർച്ചകൾ നടത്തിയതിനു ശേഷമായിരിക്കും പ്രഖ്യാപനം വരികഎന്നാണ് പുതിയ വിവരം .
140ൽ 102 സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്. അതിലെ ആദ്യത്തെ ഒന്ന് കെസി വേണുഗോപാലും വിഡി സതീശനും രമേശ് ചെന്നിത്തലയും ചേർന്ന് മുറുകെ പിടിച്ചിരിക്കുകയാണ്. മന്ത്രിസഭ രൂപീകരിച്ച് വകുപ്പുകൾ വിഭജിച്ച് വലിയ ആഘോഷം നടത്തേണ്ട സമയത്ത് മുഖ്യകസേരയ്ക്ക് വേണ്ടിയുള്ള വടംവലിയിൽ ഘടകകക്ഷികൾക്ക് വലിയ എതിർപ്പുണ്ട്.
മുസ്‌ലിം ലീഗ് വിഡി സതീശനൊപ്പo
യുഡിഎഫിലെ രണ്ടാമത്തെ പ്രബല കക്ഷിയായ മുസ്‌ലിം ലീഗ് തുടക്കം മുതൽ പടനയിച്ച വിഡി സതീശനൊപ്പമായിരുന്നു. ലീഗിനെതിരെ പരസ്യ അധിക്ഷേപങ്ങൾ നടത്തിയ വെള്ളാപ്പള്ളി നടേശനെ അംഗീകരിക്കാത്തതുകൊണ്ടാണ് സതീശൻ ലീഗിന് അഭിമതനായത്. എന്നാൽ തെരഞ്ഞെടുപ്പ് എങ്ങനെ നടന്നു, അതിൻ്റെ ഫണ്ട് എങ്ങനെ വന്നു എന്നതിൻ്റെ യാഥാർഥ്യം കൂടി കെസി വേണുഗോപാലിൻ്റെ ദൂതന്മാർ ലീഗിനെ ധരിപ്പിച്ചതോടെ മുഖ്യമന്ത്രി ആരായാലും പ്രശ്നമില്ല എന്ന നിലപാടിലാണ് നിലവിൽ മുസ്‌ലിം ലീഗ്.10 കൊല്ലമായി ഭരണമില്ലാത്ത ലീഗ് അണികൾ മന്ത്രിമാരെ കാത്തിരിക്കുകയാണ്. തങ്ങളുടെ അഞ്ച് മന്ത്രിമാർ ആരൊക്കെയാണെന്നും വകുപ്പുകൾ ആരൊക്കെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചും കൃത്യമായ ധാരണ കുഞ്ഞാലിക്കുട്ടിക്കും സാദിഖലി തങ്ങൾക്കുമുണ്ട്. അതിൽ എന്തെങ്കിലും നീക്കുപോക്കുകളോ വിട്ടുവീഴ്ചകളോ വേണ്ടിവന്നാൽ അതും ചർച്ച ചെയ്ത് തീരുമാനിക്കപ്പെടും.
പ്രസവിച്ചിട്ടും കുട്ടിയാണോ പെണ്ണോ എന്നറിയാത്ത അവസ്ഥയാണ് നിലവിൽ കോൺഗ്രസിൽ ഉള്ളതെന്നാണ് ലീഗുകാരുടെ പരിഹാസം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന് അടുത്ത വാരം പുലർന്നിരിക്കുകയാണ്. മന്ത്രിസഭാ രൂപീകരണം ഇനിയൊരു കാരണവശാലും വൈകിപ്പിക്കാൻ പാടില്ല. പാർട്ടി അണികൾ മാത്രം വോട്ട് ചെയ്തിട്ടല്ല യുഡിഎഫ് അധികാരത്തിലെത്തിയത്. നിഷ്പക്ഷരായ വലിയ വിഭാഗം സഹായിച്ചിട്ടുണ്ട്. അവരെ നിരാശപ്പെടുത്തുന്നത് ഇനിയും ഉചിതമല്ലെന്നും ലീഗ് നേതാക്കൾ വ്യക്തമാക്കി.കേരള കോൺഗ്രസ് അടക്കമുള്ള മറ്റു ഘടകകക്ഷികൾക്കും മന്ത്രിസഭാ രൂപീകരണം വൈകുന്നതിൽ അതൃപ്തിയുണ്ട്. അവരൊന്നും തുറന്നടിക്കാത്തത് അച്ചടക്കം പാലിക്കുന്നതുകൊണ്ടും കോൺഗ്രസിനുള്ള ബഹുമാനം കൊണ്ടുമാണ്. അതേസമയം കോൺഗ്രസിൽ ഉടലെടുത്ത വിഷയങ്ങളിൽ ചില എംഎൽഎമാർക്കും എതിർപ്പുണ്ട്. തെരുവിൽ നടന്ന വെല്ലുവിളികളിൽ പങ്കെടുത്തവരുടെ എണ്ണത്തേക്കാൾ അങ്ങനെയൊരു സംഭവത്തിന് വലിയ ഭൂരിപക്ഷം കിട്ടിയ പാർട്ടിയുടെ പ്രവർത്തകർക്ക് രംഗത്തിറങ്ങേണ്ടി വന്നു എന്നത് നാണക്കേടാണെന്നും അവർ പങ്കുവച്ചു.
ഒരു തരത്തിൽ പറഞ്ഞാൽ എല്ലാം കണക്കുകൂട്ടി വരുമ്പോൾ മൂന്നിൻ്റെ കളിയാണ് കേരളത്തിൽ നടക്കുന്നത്. മുഖ്യമന്ത്രി കസേരയിലേക്ക് മൂന്ന് പേർ, യുഡിഎഫിന് കിട്ടിയ ഭൂരിപക്ഷം തമ്മിൽ കൂട്ടിയാലും മൂന്ന്. ഇതിലൊക്കെ തീരുമാനമാകേണ്ട ഒന്നിൻ്റെ കാര്യത്തിലാണ് ഇപ്പോഴും ആശയക്കുഴപ്പം തുടരുന്നത്. അത് തീരുമാനമായാലും ഒച്ചപ്പാടുകളുണ്ടാകും എന്നത് ഉറപ്പായിക്കഴിഞ്ഞു.മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്ന മുതിർന്ന നേതാക്കൾ വഴങ്ങിയാലും എംഎൽഎമാർക്കിടയിലും പ്രവർത്തകർക്കിടയിലും വലിയ അസ്വാരസ്യങ്ങൾ ഉടലെടുക്കും. എന്നാൽ അതിനെല്ലാമപ്പുറം 10 കൊല്ലമായി കൊടിവച്ച കാറിൽ പറക്കാൻ കഴിയാത്തവർ വല്ലാത്ത വീർപ്പുമുട്ടലിലുമാണ്. അത് ഉടൻ നടപ്പിലാകുമെന്ന പ്രതീക്ഷ മാത്രമാണ് അവരിലുള്ളത്.
കെസി വേണുഗോപാൽ എന്ന 'ഹൈക്കമാന്റ്'
കേരളത്തിലെ ലോ കമാൻഡിൽനിന്നും ഡൽഹിയിലെ ഹൈക്കമാൻഡിലേക്ക് വിഷയം എത്തിയതാണ് കേരളത്തിലെ പ്രശ്നങ്ങൾക്ക് കാരണ0. കേരളത്തിലെ കോൺഗ്രസ് തൻ്റെ കീഴിലാണെന്ന് കെസി വേണുഗോപാൽ ഉറപ്പിച്ചുകഴിഞ്ഞു. താനാണ് എല്ലാം എന്ന രീതിയിലേക്ക് അദ്ദേഹത്തിന് എന്ത് തീരുമാനവും എടുക്കാൻ പറ്റുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിമറിഞ്ഞു. ശക്തിപ്രകടനങ്ങൾ നടത്തിയവരുടെ വായടപ്പിച്ചതും വേണുഗോപാലിൻ്റെ ബുദ്ധിയാണ്.എല്ലാം ശാന്തമാക്കി മുഖ്യമന്ത്രി കസേരയിലേക്ക് കയറാനുള്ള തന്ത്രത്തിൻ്റെ ഭാഗമാണത്. മുഖ്യമന്ത്രിയായി കേരളത്തിലേക്ക് അദ്ദേഹം വന്നാൽതന്നെ ജനങ്ങളെ സംബന്ധിച്ച് അത് പിൻവാതിൽ നിയമനമായി മാറും. അതിനപ്പുറം മുൻകാല അനുഭവങ്ങൾ വിലയിരുത്തുമ്പോൾ ഓരോ തീരുമാനമെടുക്കുന്ന സമയത്തും അതിൻ്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടും. ഇത് വൈകാതെതന്നെ കേരളത്തിലെ ജനങ്ങളെക്കൊണ്ട് മാറ്റിപ്പറയിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
എന്തായാലും മുഖ്യമന്ത്രിസ്ഥാനത്തിനായി മൂന്നുനേതാക്കൾ നടത്തുന്ന ഈ കടുംപിടുത്തം ,ഒരുമിച്ചുനിന്ന് തെരഞ്ഞെടുപ്പിനെ നേരിടുകയും യുഡിഎഫിന് (കോൺഗ്രസ്സിന് )ഐതിഹാസിക വിജയം സമ്മാനിക്കുകയും ചെയ്ത അണികളിൽ വിഭാഗീയത ഉണ്ടാക്കും എന്ന കാര്യം സ്പഷ്ട്ടമാണ് .കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടന്ന പ്രവർത്തകരുടെ തെരുവുപ്രകടനങ്ങൾ അത് തെളിയിച്ചു കഴിഞ്ഞു.മുഖ്യമന്ത്രിയെ കണ്ടെത്തിക്കഴിഞ്ഞാൽ അടുത്ത് നടക്കാൻ പോകുന്നത് മന്ത്രിമാർക്കായുള്ള ഗ്രൂപ്പ് തിരിച്ചുള്ള വീതംവെപ്പായിരിക്കും .എന്തായാലും ഒരു ജനാധിപത്യമുന്നണിയിലെ നേതാക്കളിലെ 'ഐക്യം' എത്രകണ്ടുണ്ട് എന്ന് നിലവിലുള്ള സംഭവങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുത്തിക്കഴിഞ്ഞു.ഇനി വരാൻപോകുന്ന കാര്യങ്ങളൊക്കെ വഴിയേ കണ്ടറിയാം! പ്രഖ്യാപിച്ച വാഗ്‌ദാനങ്ങളൊക്കെനടപ്പിലാക്കാൻ കാലതാമസം വന്നാൽ കേരളം ഇനി കാണാൻ പോകുന്നത് സെക്രട്ടറിയേറ്റ് സമരങ്ങളും തെരുവുയുദ്ധങ്ങളുമായിരിക്കും .പത്തുവർഷംകൊണ്ട് ആർജ്ജിച്ചെടുത്ത വർദ്ധിത വീര്യം ആ സമരങ്ങൾക്ക് ഉണ്ടാകുകയും ചെയ്യും