'ആർ.ജി. കാർ ഇരയ്ക്ക് നീതി ഉറപ്പാക്കണം': സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സുവേന്ദുവിന് മാതാപിതാക്കളുടെ നിർദേശം
കൊൽക്കത്ത :പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്‌തതിന് പിന്നാലെ മകന് നിർദേശവുമായി സുവേന്ദു അധികാരിയുടെ അമ്മ ഗായത്രി അധികാരി. മകൻ്റെ വിജയത്തിൽ സന്തോഷം പങ്കുവയ്‌ക്കുന്നതിനൊപ്പം ആർ ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിക്ക് നീതി ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കണമെന്ന് അവർ ഉപദേശിച്ചു. വിജയത്തിൽ അഭിമാനം പങ്കുവച്ച് പിതാവ് ശിശിർ അധികാരിയും രംഗത്ത് വന്നു.
ടിഎംസിക്കെതിരെ അക്ഷീണം പോരാടി
പെൺകുട്ടിക്ക് നീതി ഉറപ്പാക്കുന്നതിന് പിന്നാലെ ജോലി, സ്‌ത്രീ സുരക്ഷ, സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങളുടെ താത്‌പ്പര്യങ്ങൾ സംരക്ഷിക്കൽ തുടങ്ങിയ വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അമ്മയുടെ നിർദേശം. മകൻ മുഖ്യമന്ത്രി ആയതിൽ അഭിമാനം പ്രകടിപ്പിച്ച ഗായത്രി അധികാരി, കഴിഞ്ഞ അഞ്ച് വർഷമായി തൻ്റെ മകൻ ടിഎംസിക്കെതിരെ അക്ഷീണം പോരാടുകയായിരുന്നു എന്ന് പറഞ്ഞു.മുൻ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ മൂന്നോ നാലോ തവണ തൻ്റെ മകൻ്റെ ജീവന് തന്നെ ഭീഷണിയാകുന്ന ആക്രമങ്ങൾ നേരിട്ടിട്ടുണ്ടെന്നും എന്നിരുന്നാലും ഇന്ന് ബംഗാളിലെ ജനങ്ങൾ വളരെ സന്തുഷ്‌ടരാണെന്നും അവർ അഭിപ്രായപ്പെട്ടു.
ബംഗാളിന് ലഭിച്ച അംഗീകാരമെന്ന് പിതാവ്
പശ്ചിമ ബംഗാളിൻ്റെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു സ്ഥാനമേറ്റതിൽ പിതാവും മൂന്ന് തവണ എംപിയുമായിരുന്ന ശിശിർ അധികാരിയും സന്തോഷം പങ്കുവച്ചു. സംസ്ഥാനത്തിന് ബിജെപി മുഖ്യമന്ത്രിയെ ലഭിച്ചതിൽ തങ്ങളെക്കാൾ സന്തോഷം ബംഗാളിലെ ജനങ്ങൾക്കാണ്. നിർബന്ധിത ഭൂമി ഏറ്റെടുക്കലിനെതിരെ നന്ദിഗ്രാമിൽ നടന്ന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് തൻ്റെ മകനാണെന്നും ശിശിർ അധികാരി പറഞ്ഞു.2007 ൽ നന്ദിഗ്രാമിൽ ഒരു വർഷം നീണ്ടുനിന്ന ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച പ്രക്ഷോഭം പ്രധാന സമരങ്ങളിലൊന്നായിരുന്നു. 2008 ൽ സിംഗൂരിൽ നടന്ന പ്രക്ഷോഭത്തോടൊപ്പം പശ്ചിമ ബംഗാളിലെ 34 വർഷത്തെ ഇടതുമുന്നണി ഭരണം മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് അട്ടിമറിച്ചു. എന്നാൽ പലതന്ത്രങ്ങളിലൂടെയും സുവേന്ദുവിനെ പിന്നോട്ട് തള്ളിവിടാൻ ശ്രമങ്ങൾ നടന്നു. പക്ഷേ ഇന്ന് ഒരു സാധാരണക്കാരനെപ്പോലെ വിജയം നേടിയിരിക്കുകയാണ്.ഇത് നന്ദിഗ്രാമിൻ്റെ മാത്രം വിജയമല്ല. കൊൽക്കത്തയുടെയും പശ്ചിമ ബംഗാളിൻ്റെയും സംസ്‌കാരത്തിനും ആത്മാവിനും ലഭിച്ച അംഗീകാരമാണ്. ഇന്നത്തെ വിജയത്തിലെത്താൻ സുവേന്ദു അക്ഷീണം പ്രവർത്തിച്ചു. തന്നിൽ നിന്നും പോരാട്ട വീര്യങ്ങൾ ഉൾക്കൊണ്ടു. നേരത്തെ കാന്തി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ ടിഎംസി എംപിയായിരുന്നു ശിശിർ അധികാരി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് അദ്ദേഹം ബിജെപിയിലേയ്‌ക്ക് കൂറുമാറിയത്.തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി കേന്ദ്ര നേതൃത്വം, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിൽ കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ വച്ചാണ് സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്‌തത്. ചടങ്ങിൽ അഞ്ച് ബിജെപി എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്‌തു.