"ഓരോ നടപടിയും സാധാരണക്കാരന് വേണ്ടിയാകും,കേരളത്തെ തുറുമുഖ നഗരമാക്കും": മുഖ്യമന്ത്രി

"ഓരോ നടപടിയും സാധാരണക്കാരന് വേണ്ടിയാകും,കേരളത്തെ തുറുമുഖ നഗരമാക്കും": മുഖ്യമന്ത്രി

എറണാകുളം :  'എനിക്ക് വേണ്ടി വോട്ട് ചെയ്യാത്തവര്‍ പോലും എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു. പതിനായിരങ്ങളുടെ പ്രാര്‍ഥനയുടെ ഫലമാണീ സ്ഥാനം. എന്നെക്കുറിച്ചോര്‍ത്ത് ഒരു പറവൂരുകാരനും അപമാന ഭാരത്താല്‍ തല കുനിയ്ക്കേണ്ടി വരില്ല' . പറവൂരില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.അധികാരത്തിന്റെ പത്രാസിന് പിന്നാലെ പോകില്ല. ഓരോ നടപടിയും സാധാരണക്കാരന് വേണ്ടിയാകും. സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായാണെന്നും അദ്ദേഹം പറഞ്ഞു.ഈ നാടിനെയും നിങ്ങളെയും ഒരിക്കലും മറക്കില്ല. കേരളത്തെ തുറുമുഖ നഗരമാക്കും. വെല്ലുവിളിയായതുകൊണ്ടാണ് ധനവകുപ്പ് ഏറ്റെടുത്തതെന്നും സതീശന്‍ പറഞ്ഞു. ശ്രീകുമാരന്‍ തമ്പി, നടന്‍മാരായ മോഹന്‍ലാല്‍, സലിംകുമാര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു.

തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ രാജാവാണെന്ന് സ്വയം കരുതിയാല്‍ അവിടെ ജനാധിപത്യം പരാജയപ്പെടുമെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. താന്‍ കേരളത്തിന്റെ രാജാവാണെന്നും ബാക്കി എല്ലാവരും പ്രജകളാണെന്നും വിചാരിക്കുന്ന ഒരാള്‍ മുഖ്യമന്ത്രിയായാല്‍ വളരേയേറെ ദുഃഖിക്കേണ്ടിവരും. രാഷ്ട്രീയത്തില്‍ നന്മ കുറഞ്ഞുകൊണ്ടിരിക്കുന്ന കാലമാണ്. ജനങ്ങള്‍ വോട്ടുചെയ്താണ് ഭരണാധികാരിയെ തെരഞ്ഞെടുക്കുന്നത്. നേതാവ് ഭരണാധികാരിയായിക്കഴിഞ്ഞാല്‍ അദ്ദേഹം രാജാവും തനിക്ക് വോട്ടുചെയ്യുന്നവര്‍ പ്രജകളുമാണെന്ന് വിചാരിച്ചാല്‍ അവിടെ ജനാധിപത്യം പരാജയപ്പെടും. വിഡി സതീശന്‍ അങ്ങനെ ഒരാളല്ല എന്നതുകൊണ്ടുമാത്രമാണ് താന്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്ന് ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കി.