"എല്ലാം ഗൂഡാലോചന"!: തെരഞ്ഞെടുപ്പില്‍ തോറ്റിട്ടില്ല ,രാജിവെക്കില്ല എന്ന വാദവുമായി മമത ബാനര്‍ജി

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് ഫലം ജനവിധിയല്ലെന്നും മറിച്ച് ഗൂഢാലോചനയുടെ ഫലമാണെന്നും ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ രാജിവെക്കില്ലെന്നും മമത വ്യക്തമാക്കി. കൊൽക്കത്തയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് മമത ബിജെപിക്കെതിരെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചത്.
തന്‍റെ തോൽവി ജനങ്ങൾ നൽകിയതല്ലെന്നും ഒരു വലിയ ഗൂഢാലോചനയുടെ ഫലമാണെന്നും അവർ അവകാശപ്പെട്ടു. അതുകൊണ്ട് തന്നെ രാജിവെക്കുന്ന പ്രശ്നമില്ലെന്നും ഭരണഘടനാപരമായ മാനദണ്ഡങ്ങൾ അനുസരിച്ച് അവർക്ക് നടപടി സ്വീകരിക്കാമെന്നും ഗവർണറെ കാണാൻ ലോക്‌ഭവനിലേക്ക് പോകില്ലെന്നും മമത വ്യക്തമാക്കി.തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്‍റെ പോരാട്ടം ബിജെപിക്ക് എതിരെയായിരുന്നില്ലെന്നും മറിച്ച് ബിജെപിക്ക് വേണ്ടി പ്രവർത്തിച്ച തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആയിരുന്നുവെന്നും മമത ആരോപിച്ചു. വോട്ടെണ്ണൽ പ്രക്രിയയിൽ വൻതോതിൽ ക്രമക്കേടുകൾ നടന്നതായും നൂറോളം സീറ്റുകളിൽ ജനവിധി അട്ടിമറിച്ചതായും അവർ പറഞ്ഞു.
തന്‍റെ പാർട്ടിയെ മാനസികമായി തളർത്താൻ വോട്ടെണ്ണൽ മനപ്പൂർവ്വം വൈകിപ്പിച്ചതായും ചരിത്രത്തിലെ കറുത്ത അധ്യായമാണ് ഇതെന്ന് മമത വിശേഷിപ്പിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെയും അവർ വിമർശനം ഉയർത്തി.ബംഗാളിലെ 294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടിയാണ് ബിജെപി വൻ വിജയം കൈവരിച്ചത്. ഇതോടെ 15 വർഷം നീണ്ടുനിന്ന തൃണമൂൽ ഭരണത്തിന് സംസ്ഥാനത്ത് അന്ത്യമായി. എന്നാൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് പിന്നാലെ അക്രമങ്ങൾ നടക്കുന്നു എന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് മമത പറഞ്ഞു. ഇതിനിടെ തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങൾ പരിശോധിക്കാനായി പത്തംഗ വസ്തൂതാന്വേഷണ സമിതിയെ അവർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമിതി ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കൾ മമതയെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ സഖ്യത്തിലെ നേതാക്കൾ തന്നോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതായും വരും ദിവസങ്ങളിൽ ദേശീയ തലത്തിൽ പ്രതിപക്ഷ സഖ്യത്തെ ശക്തിപ്പെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളിൽ ദേശീയ തലത്തിലുള്ള പോരാട്ടത്തിന് താൻ സജീവമായി ഉണ്ടാവുമെന്ന സൂചനയാണ് മമത ഇതിലൂടെ നൽകുന്നത്.അതേസമയം, പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഓഫീസുകൾക്ക് നേരെ വ്യാപകമായ ആക്രമണവും തീവെപ്പും റിപ്പോർട്ട് ചെയ്‌തു. തിങ്കളാഴ്ച ഉച്ചയോടെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്.കൊൽക്കത്തയിലെ ടോളിഗഞ്ച്, കസ്ബ, പ്രാന്തപ്രദേശങ്ങളായ ബരുയിപൂർ, കമർഹാട്ടി, ബരാനഗർ എന്നിവിടങ്ങളിലും ഹൗറ, ബഹരംപൂർ എന്നീ ജില്ലകളിലും തൃണമൂൽ ഓഫീസുകൾ ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകർത്തു. അക്രമ സംഭവങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.