ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി റിട്ട. മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു

ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി റിട്ട. മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു

 ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി മേജർ ജനറൽ (റിട്ട.) ഭുവൻ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായിരുയിരുന്ന അദ്ദേഹം  ഡെറാഡൂണിലെ ഒരു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണപ്പെടുന്നത് . വിവരം  അദ്ദേഹത്തിന്‍റെ മകൻ മനീഷ് ഖണ്ഡൂരി അറിയിക്കുകയായിരുന്നു.

2007 മുതൽ 2009 വരെയും 2011 മുതൽ 2012 വരെയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരി. പതിനാറാം ലോക്‌സഭയിൽ ഗർവാൾ മണ്ഡലത്തെ പ്രതിനിധീകരിച്ച ഭാരതീയ ജനതാ പാർട്ടിയിലെ മുതിർന്ന അംഗമായിരുന്നു അദ്ദേഹം. ഖണ്ഡൂരിയുടെ വിയോഗം ഉത്തരാഖണ്ഡിന് മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിനും നികത്താനാകാത്ത നഷ്‌ടമാണെന്ന് നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു."ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും ബഹുമാന്യനുമായ മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരി (റിട്ട.) ജിയുടെ വിയോഗത്തിന്‍റെ ഹൃദയഭേദകമായ വാർത്ത ഞങ്ങൾക്ക് ലഭിച്ചു, ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്‌ഠിക്കുമ്പോൾ, ശ്രീ ഖണ്ഡൂരി ജി ദേശീയ സേവനം, അച്ചടക്കം, പ്രതിബദ്ധത എന്നിവയ്ക്കുള്ള സമാനതകളില്ലാത്ത സമർപ്പണത്തിന്‍റെ മാതൃകയായിരുന്നു. സൈനിക ജീവിതം മുതൽ പൊതുജീവിതം വരെ, അദ്ദേഹത്തിന്‍റെ വ്യക്തിത്വം രാഷ്ട്ര താത്‌പര്യങ്ങൾക്കും പൊതുസേവനത്തിനും വേണ്ടി സമർപ്പിച്ചതായിരുന്നു." - എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പുഷ്‌കർ സിങ് ധാമി എഴുതി.

"തന്‍റെ രാഷ്ട്രീയ ജീവിതത്തിൽ, ഉത്തരാഖണ്ഡിന്‍റെ വികസനം, സദ്ഭരണം, സുതാര്യത, സത്യസന്ധമായ പ്രവർത്തന നൈതികത എന്നിവയ്ക്കായി അദ്ദേഹം ശക്തമായി നിലകൊണ്ടു. ഒരു ജനകീയ നേതാവ് എന്ന നിലയിൽ, സംസ്ഥാനത്തിന്‍റെ പുരോഗതിക്കായി അദ്ദേഹം നിരവധി സുപ്രധാന തീരുമാനങ്ങൾ എടുത്തു, തന്‍റെ ലാളിത്യം, സത്യസന്ധത, കാര്യക്ഷമത എന്നിവയിലൂടെ ജനങ്ങളുടെ ഹൃദയങ്ങളിൽ ഒരു പ്രത്യേക സ്ഥാനം നേടി," ധാമി കൂട്ടിച്ചേർത്തു.

ദുഃഖിതരായ കുടുംബത്തിന് അദ്ദേഹത്തിന്‍റെ വിയോഗം താങ്ങാനുള്ള ശക്തിയും അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തിയും നൽകണമെന്ന് പ്രാർഥിക്കുന്നതായി ധാമി പറഞ്ഞു. "അദ്ദേഹത്തിന്‍റെ വിയോഗം ഉത്തരാഖണ്ഡിന് മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിനും നികത്താനാവാത്ത നഷ്‌ടമാണ്. പരേതന്‍റെ ആത്മാവിന് അവിടുത്തെ ദിവ്യ പാദങ്ങളിൽ സ്ഥാനം നൽകാനും, ദുഃഖിതരായ കുടുംബത്തിന് ഈ ദുഃഖം താങ്ങാനുള്ള ശക്തി നൽകാനും ഞങ്ങൾ ദൈവത്തോട് പ്രാർഥിക്കുന്നു," ധാമി എഴുതി.