കാട്ടാനയുടെആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ വഹിക്കും

കാട്ടാനയുടെആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ വഹിക്കും

കോട്ടയം: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ വഹിക്കുമെന്ന് ജലവിഭവ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രക്ഷനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

കാട്ടാന ആക്രമണത്തിൽ പരിക്കുപറ്റിയ കുട്ടികളുടെ പഠനചിലവും ചികിത്സാ ചെലവുകളും ഏറ്റെടുക്കാൻ സർക്കാർ പ്രതിജ്ഞ ബദ്ധമാണ്. കുട്ടികളുടെ തുടർ പുനരധിവാസ കാര്യങ്ങൾ മുഖ്യമന്ത്രിയും വനംവകുപ്പ് മന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കും. മുഖ്യമന്ത്രിയും വനം വകുപ്പ് മന്ത്രിയും ചുമതലപ്പെടുത്തിയ പ്രകാരമാണ് ജില്ലയുടെ മന്ത്രിയെന്ന് നിലയിൽ ഞാൻ ഇവിടെ വന്നതെന്നും മന്ത്രി പറഞ്ഞു.കുട്ടിയുടെ പിതാവ് മുൻപ് തന്നെ മരണപെട്ടിട്ടുള്ളതും ഇപ്പോൾ മാതാവും കൊല്ലപ്പെട്ട സ്ഥിതിക്ക് കുട്ടികളുടെ സംരക്ഷണം പൂർണമായി സർക്കാരിലേക്ക് റിപ്പോർട്ട്‌ ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

ജൂൺ എട്ടിനാണ് നാടിനെ നടുക്കിയ ആ ദുരന്തം ഉണ്ടായത്. കൂലിപ്പണിക്ക് പോകേണ്ടിയിരുന്നതിനാൽ സാധാരണ ഇറങ്ങുന്നതിലും അൽപം നേരത്തെയാണ് മാരിയും മക്കളായ രക്ഷനും രക്ഷിണയും വീട്ടിൽ നിന്ന് ഇറങ്ങുന്നത്. തങ്ങൾ എന്നും ബസ് കാത്തുനിൽക്കാറുള്ള സൂര്യനെല്ലി റോഡിലേക്ക് വെറും 100 മീറ്റർ മാത്രം അകലെ എത്തിയപ്പോഴാണ് വശങ്ങളിൽ നിന്ന് കുട്ടിയാനയോടൊപ്പം കലിയിളകി വന്ന തള്ളയാന ഇവരുടെ മുന്നിലേക്ക് ചാടിയത്.പെട്ടന്ന് കാട്ടാന മാരിയെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം നിലത്തിട്ട് ചവിട്ടി മെതിച്ചു. അമ്മയെ രക്ഷിക്കാൻ നോക്കുന്നതിനിടയിൽ ആന രക്ഷനെയും അടിച്ചു വീഴ്ത്തി. എന്നാൽ ഇവർക്ക് പിന്നാലെ എത്തിയ രക്ഷിണയെ ആന കണ്ടില്ല. അതുകൊണ്ട് തന്നെ അവൾക്ക് പരിക്കൊന്നുമേറ്റില്ല. ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രക്ഷൻ നിലവിൽ അപകടാവസ്ഥ തരണം ചെയ്‌തിട്ടുണ്ട്. എങ്കിലും കൺമുന്നിൽ അമ്മയുടെ മരണം കണ്ട ആഘാതത്തിലാണ് കുട്ടികള്‍.