തമിഴ്‌നാട്ടിൽടിവികെയ്ക്ക് 'കൈ' കൊടുക്കാൻ ഹൈക്കമാൻഡ്

ന്യൂഡൽഹി: തമിഴ്‌നാട്ടിൽ ടിവികെയ്ക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ അനുകൂല നിലപാടുമായി കോൺഗ്രസ് ഹൈക്കമാൻഡ്. ഇക്കാര്യത്തിൽ സംസ്ഥാന കോൺഗ്രസിന് അന്തിമ തീരുമാനം എടുക്കാൻ അനുമതി നൽകി. തമിഴ്‌നാട്ടിലെ ജനഹിതം അറിഞ്ഞ് തീരുമാനമെടുക്കാനാണ് ഹൈക്കമാൻഡ് തമിഴ്‍നാട് കോൺഗ്രസ് കമ്മിറ്റിക്ക് നിർദേശം നൽകിയിരിക്കുന്നത്.''ടിവികെയുമായി സംഖ്യം ചേരുന്നതിൽ അന്തിമ തീരുമാനം എടുക്കാൻ കോൺഗ്രസ് നേതൃത്വം തമിഴ്‍നാട് കോൺഗ്രസ് കമ്മിറ്റിക്ക് നിർദേശം നൽകി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ജനങ്ങൾ പ്രകടിപ്പിച്ച വികാരം മനസിലാക്കി വേണം തീരുമാനം എടുക്കാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്'' എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.തമിഴ്‌നാട്ടിലെ ജനവിധി ഒരു മതേതര സർക്കാരിന് അനുകൂലമാണ്. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അഞ്ച് സീറ്റിൽ ജയിച്ചിരുന്നു.
സത്യപ്രതിജ്ഞ നാളെ?
തമിഴ്‌നാട് മുഖ്യമന്ത്രിയായി ടിവികെ നേതാവ് വിജയ് നാളെ (മെയ് ഏഴിന് )സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ടിവികെ അധ്യക്ഷന്‍ വിജയ് പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടി വിജയ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് കത്ത് നല്‍കി. ഡിഎംകെ ഇതരപാര്‍ട്ടികളുടെ പിന്തുണ തേടുന്നതും പാര്‍ട്ടി ആലോചിക്കുന്നു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.മെയ് ഏഴിന് മുഖ്യമന്ത്രിയ്‌ക്കൊപ്പം മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. 108 സീറ്റുകള്‍ നേടി ടിവികെ ഒറ്റകക്ഷിയായെങ്കിലും കേവലഭൂരിപക്ഷത്തിന് ഇനിയും പത്ത് സീറ്റുകള്‍ കൂടി വേണം. കോണ്‍ഗ്രസിന്റെയും ഡിഎംകെ ഇതരപാര്‍ട്ടികളുടെയും പിന്തുണ ലഭിച്ചാല്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ ടിവികെയ്ക്ക് കഴിയും. എന്നാല്‍ ഡിഎംകെ സഖ്യം ഒഴിവാക്കില്ലെന്ന് എംഡിഎംകെ നേതാവ് വൈക്കോ വ്യക്തമാക്കി. പിന്തുണ തേടി ടിവികെ സമീപിച്ചിട്ടില്ലെന്ന് ഇടതുപാര്‍ട്ടികള്‍ പറയുന്നു.