മധു കൊലക്കേസിലെ അപ്പീലുകളിൽ മെയ് 25 ന് വിധി പറയുമെന്ന് ഹൈക്കോടതി

മധു കൊലക്കേസിലെ അപ്പീലുകളിൽ മെയ് 25 ന് വിധി പറയുമെന്ന്  ഹൈക്കോടതി

പാലക്കാട്: കേരള മനഃസാക്ഷിയെ പിടിച്ചുകുലിക്കിയ  അട്ടപ്പാടി ഊരിലെ മധുക്കൊലപാതക കേസിൽ പ്രതികളുടെയും സർക്കാരിൻ്റെയും അപ്പീലുകളിൽ  മെയ് 25 ന് ,തിങ്കളാഴ്‌ച ഹൈക്കോടതി വിധി പറയും. കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും വിചാരണക്കോടതി വെറുതെവിട്ട മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്നുമാണ് സര്‍ക്കാരിൻ്റെ അപ്പീലിലെ ആവശ്യം. ജയിലിലുള്ള പ്രതികളും ജാമ്യത്തിലുള്ള പ്രതികളും തിങ്കളാഴ്‌ച കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി.

കേസില്‍ ആകെ 16  പ്രതികൾ

 കേസില്‍ആകെ 16 പ്രതികളാണ് ഉണ്ടായിരുന്നത്. 14 പ്രതികൾ ശിക്ഷിക്കപ്പെട്ടു. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്ക് ഏഴു വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപയിലധികം പിഴയും ശിക്ഷ വിധിച്ചു. ഒരാള്‍ക്ക് കുറഞ്ഞ ശിക്ഷയാണ് നല്‍കിയത്. രണ്ട് പേർ കുറ്റവിമുക്തരാക്കപ്പെട്ടു.ചെറിയ കുറ്റങ്ങള്‍ മാത്രം ചുമത്തപ്പെട്ടിരുന്നതിനാല്‍ തെളിവുകളുടെ അഭാവത്തിലാണ് രണ്ട് പ്രതികളെ കോടതി വെറുതെ വിട്ടത്. നാലാം പ്രതി അനീഷ് (മധുവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്നതായിരുന്നു ഇയാള്‍ക്കെതിരെയുള്ള ആരോപണം) പതിനൊന്നാം പ്രതി അബ്‌ദുള്‍ കരീം എന്നിവരെയായിരുന്നു വിചാരണക്കോടതി വെറുതെ വിട്ടവർ . കേസില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യ അന്യായമായി സംഘം ചേരല്‍, പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം (എസി/എസ്‌ടി ആക്റ്റ്) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തിയത്.

 മധുക്കൊലപാതക കേസ്

. കൊല്ലപ്പെടുമ്പോൾ വെറും 27 വയസ്സായിരുന്നു മധുവിൻ്റെ പ്രായം.2018 ഫെബ്രുവരി 22 ന് പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ചിണ്ടക്കി പ്രദേശത്ത് ഭക്ഷണം മോഷ്‌ടിച്ചെന്നാരോപിച്ച് ഒരു കൂട്ടം ആളുകൾ മധുവിനെ ക്രൂരമായി മർദിച്ചു. മാനസിക വെല്ലുവിളികൾ നേരിട്ടിരുന്ന മധു ദാരിദ്ര്യത്തിലും കഷ്‌ടപ്പാടിലും കഴിയുകയായിരുന്നു. മർദനത്തിനിടെ എടുത്ത ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമത്തിൽ പ്രചരിച്ചതോടെ സംഭവം സംസ്ഥാനത്താകെ വലിയ പ്രതിഷേധത്തിന് വഴിവെക്കുകയായിരുന്നു.ഈ കേസ് കേരളത്തിൽ ഇന്നും ആദിവാസി സമൂഹങ്ങൾ നേരിടുന്ന വിവേചനവും, അവഗണനയും തുറന്നുകാട്ടുന്നതാണ്. നിരവധി മനുഷ്യാവകാശ സംഘടനകളും സാമൂഹിക പ്രവർത്തകരും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് നിരവധി പ്രതികളെ അറസ്റ്റ് ചെയ്‌തു.

മധുവിൻ്റെ നീതിക്കായി പിന്നിട്ട വഴികൾ

2018 ഫെബ്രുവരി 22 രാത്രി – ഗുരുതരമായി പരിക്കേറ്റ മധുവിനെ പോലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.

2018 ഫെബ്രുവരി 23 25 – കേരളമൊട്ടാകെ പ്രതിഷേധങ്ങൾ നടന്നു. മനുഷ്യാവകാശ പ്രവർത്തകരും സാമൂഹിക സംഘടനകളും ശക്തമായ നടപടി ആവശ്യപ്പെട്ടു.

2018 മാർച്ച് – കേസിൽ ഉൾപ്പെട്ട പ്രധാന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്‌തു. ആകെ 16 പേർക്കെതിരെ കൊലപാതകവും കൂട്ടംചേർന്ന് ആക്രമിച്ചതും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി.

2018–2021 – അന്വേഷണം തുടരുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തു. കേസിൽ നിരവധി സാക്ഷികളെ കോടതി പരിശോധിച്ചു.

2022 – മണ്ണാർക്കാട് പ്രത്യേക എസ്.സി/എസ്.ടി കോടതി വിചാരണ വേഗത്തിലാക്കി. ചില സാക്ഷികൾ മൊഴിമാറ്റം നടത്തിയതും വലിയ വിവാദമായി.

2023 ഏപ്രിൽ 4 – മണ്ണാർക്കാട് പ്രത്യേക കോടതി വിധി പ്രസ്‌താവിച്ചു. 14 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി ചിലരെ വെറുതെ വിട്ടു.

2023 ഏപ്രിൽ 5 – കുറ്റക്കാരായ പ്രതികൾക്ക് വിവിധ കാലാവധിയിലുള്ള തടവുശിക്ഷയും പിഴയും കോടതി വിധിച്ചു.