ദ്രാവിഡ മണ്ണിൽ പുതു ചരിത്രം രചിച്ച് വിജയ് : കോണ്‍ഗ്രസും മുസ്‌ലിം ലീഗും മന്ത്രിസഭയിലേക്ക്, നാളെ സത്യപ്രതിജ്ഞ

ദ്രാവിഡ മണ്ണിൽ പുതു  ചരിത്രം രചിച്ച് വിജയ് : കോണ്‍ഗ്രസും മുസ്‌ലിം ലീഗും മന്ത്രിസഭയിലേക്ക്, നാളെ സത്യപ്രതിജ്ഞ

ചെന്നൈ: തമിഴ്‌നാട്ടിൽ ദശാബ്‌ദങ്ങളായി തുടർന്നുവന്ന ഏകകക്ഷി ഭരണരീതികൾക്ക് വിരാമമിട്ടുകൊണ്ട്, മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ നാളെ ആദ്യ മന്ത്രിസഭാ വിപുലീകരണത്തിന് ഒരുങ്ങുന്നു. തെരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിച്ച്, തമിഴ്‌നാടിൻ്റെ ചരിത്രത്തിൽ ദീർഘകാലത്തിന് ശേഷമുള്ള ആദ്യ ‘അധികാര പങ്കാളിത്ത’ സർക്കാരിനാണ് ഇതോടെ കളം ഒരുങ്ങുന്നത്. നാളെ രാവിലെ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

കൈകോർത്ത് കോൺഗ്രസും മറ്റ് സഖ്യകക്ഷികളും

സഖ്യകക്ഷിയായ കോൺഗ്രസിൻ്റെ എംഎൽഎമാരായ എസ്. രാജേഷ്കുമാറും പി. വിശ്വനാഥനും നാളെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തേക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

59 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കോൺഗ്രസ് തമിഴ്‌നാട് മന്ത്രിസഭയുടെ ഭാഗമാകുന്നത് എന്നതിനാൽ ഇത് നമ്മെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ഒരു നിമിഷമാണ്! ചുമതലയേൽക്കുന്ന ഇരുവർക്കും ഞാൻ എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും വിജയകരമായി നിറവേറ്റാൻ ഇവർക്ക് സാധിക്കുമെന്നും, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ജനക്ഷേമപരവും ജനപ്രിയവുമായ ഭരണക്കാഴ്ചപ്പാടുകൾ സാക്ഷാത്കരിക്കാൻ ഇവർ കഠിനമായി പ്രയത്നിക്കുമെന്നും ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്" വേണുഗോപാല്‍ എക്‌സില്‍ കുറിച്ചു.

വിസികെയും മുസ്ലിം ലീഗും മന്ത്രിസഭയുടെ ഭാഗമാകും

കൂടാതെ, വിസികെ, ഐയുഎംഎൽ എന്നീ പാർട്ടികൾക്കും മന്ത്രിസഭയിലേക്ക് ടിവികെ ഔദ്യോഗികമായി ക്ഷണം നീട്ടിയിട്ടുണ്ട്. പ്രാദേശിക സമവാക്യങ്ങളും കമ്മ്യൂണിറ്റി പ്രാതിനിധ്യവും കൃത്യമായി പാലിച്ചുകൊണ്ടാണ് വിജയ് തന്റെ പുതിയ മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ സാമൂഹിക നീതിയിലധിഷ്ഠിതമായ വിപുലമായ ഒരു ജനകീയ ഭരണം കാഴ്ചവെയ്ക്കാൻ മുഖ്യമന്ത്രി ജോസഫ് വിജയ് അതീവ താല്പര്യം കാണിക്കുന്നതായി പൊതുമരാമത്ത്-കായിക വികസന വകുപ്പ് മന്ത്രി ആദവ് അർജുന വ്യക്തമാക്കി. ഇതിൻ്റെ ഭാഗമായി സഖ്യകക്ഷികളായ വിടുതലൈ ചിരുതൈഗൾ കച്ചി (വിസികെ), ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐയുഎംഎൽ ) എന്നീ പാർട്ടികളെക്കൂടി സംസ്ഥാന മന്ത്രിസഭയുടെ ഭാഗമാക്കാൻ മുഖ്യമന്ത്രി ആഗ്രഹിക്കുന്നതായി അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.ചെന്നൈ ഗിണ്ടിയിൽ സാമൂഹിക പരിഷ്കർത്താവ് സി. അയോത്തി ദാസ പണ്ഡിതരുടെ 181-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹിക നീതി പ്രത്യയശാസ്ത്രത്തിൽ ഊന്നിയുള്ള പാർട്ടികൾ ഭരണത്തിൻ്റെ ഭാഗമാകണമെന്നാണ് സർക്കാരിൻ്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

"കോൺഗ്രസ് ഞങ്ങളുടെ നേതാവിൽ വിശ്വാസമർപ്പിക്കുകയും വലിയ പിന്തുണ നൽകുകയും ചെയ്തു. അതുകൊണ്ട് തന്നെ കോൺഗ്രസ് മന്ത്രിസഭയിൽ ചേരണമെന്ന് മുഖ്യമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സമാനമായ രീതിയിൽ വിസികെ അധ്യക്ഷൻ തോൽ തിരുമാവളവനും മന്ത്രിസഭയുടെ ഭാഗമാകണമെന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹം. അദ്ദേഹത്തെയും ഞങ്ങൾ മന്ത്രിസഭയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുകയാണ്. മുസ്ലിം ലീഗിനും മന്ത്രിസഭയിൽ കൃത്യമായ പ്രാതിനിധ്യം ഉണ്ടായിരിക്കണം," ആദവ് അർജുന വ്യക്തമാക്കി.

ഭരണത്തിൽ പങ്കാളികളാകാതെ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകാനുള്ള ഇടതുപക്ഷ പാർട്ടികളുടെ തീരുമാനത്തെ സർക്കാർ മാനിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, അണ്ണാ ഡിഎംകെയെ സർക്കാരിൻ്റെ ഭാഗമാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, അവർ ഒരു നല്ല പ്രതിപക്ഷമായി പ്രവർത്തിക്കുകയാണ് വേണ്ടതെന്നായിരുന്നു മന്ത്രിയുടെ മറുപടി. തെരഞ്ഞെടുപ്പിന് ശേഷം പലവിധ രാഷ്ട്രീയ തന്ത്രങ്ങൾ പയറ്റി, ജനവിധി അട്ടിമറിക്കാനും 'പിൻവാതിലിലൂടെ' മുഖ്യമന്ത്രിയാകാനും അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമി ശ്രമിച്ചതായി അദ്ദേഹം ആരോപിച്ചു.